Quantcast

സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം ഒരുങ്ങി‌; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ഇത്തവണ എല്ലാവർക്കും ഇൻഷുറൻസ്

ആദ്യമായാണ് എല്ലാവർക്കും ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-12-31 07:22:13.0

Published:

31 Dec 2023 7:21 AM GMT

Kollam all set for State School Kalolsavam Chief Minister will inaugurate
X

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിനായി കൊല്ലം ഒരുങ്ങി. ജനുവരി നാല് മുതല്‍ എട്ട് വരെയാണ് സ്കൂള്‍ കലോത്സവം നടക്കുക. ജനുവരി നാലിന് രാവിലെ കൊല്ലം ആശ്രാമം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഐ.എ.എസ് പതാക ഉയര്‍ത്തും. 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വേദിയിൽ കാസർകോട് നിന്നുള്ള ഗോത്രവിഭാഗക്കാരുടെ ദൃശ്യവിസ്മയം അവതരിപ്പിക്കും. തുടർന്ന് നടിയും നർത്തകിയുമായ ആശാ ശരത്തും സ്‌കൂളുകൾ കുട്ടികളും അണിനിരക്കുന്ന കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരം അരങ്ങേറും. എട്ടിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി നടൻ മമ്മൂട്ടി പങ്കെടുക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും.

കൊല്ലത്ത് നാലാം തവണയാണ് കലോത്സവം നടക്കുന്നത്. കലോത്സവ ചാമ്പ്യന്മാർക്കുള്ള സ്വർണക്കപ്പ് കോഴിക്കോട് നിന്ന് ജനുവരി രണ്ടിന് യാത്ര തിരിക്കും. വിവിധയിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി മൂന്നിന് വൈകിട്ട് കൊല്ലം നഗരത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു. ഇത്തവണത്തെ കലോത്സവത്തെ ഹരിത കലോത്സവമായി മന്ത്രി പ്രഖ്യാപിച്ചു.

അതേസമയം, കലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഇൻഷുറൻസ് ഏർപ്പെടുത്തി. ‌ആദ്യമായാണ് എല്ലാവർക്കും ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്. കുട്ടികൾ, രക്ഷിതാക്കൾ, ഉദ്യോഗസ്ഥർ, കാണികൾ ഉൾപ്പെടെ എല്ലാവരെയും ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ ഇൻഷുറൻസാണ് ഏർപ്പെടുത്തുന്നതെന്ന് മന്ത്രി അറിയിച്ചു.

അതേസമയം, സുരക്ഷാ സംവിധാനത്തിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും അടുത്ത തവണ കലോത്സവ മാനുവൽ പരിഷ്ക്കരിക്കു‌മെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story