കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്; ആദ്യ റൗണ്ടിൽ ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്ത് കോൺഗ്രസ് അംഗം
മേയർ തെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടിൽ എസ്ഡിപിഐ അംഗം എ. കെ ഹഫീസിന് വോട്ടു ചെയ്തു

കൊല്ലം: കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടിൽ ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്ത് കോൺഗ്രസ് അംഗം. കയ്യാലയ്ക്കലിൽ നിന്നും വിജയിച്ച അസൈൻ പള്ളിമുക്കാണ് ബിജെപി സ്ഥാനാർഥി ശൈലജയ്ക്ക് വോട്ട് ചെയ്തത്. അബദ്ധം സംഭവിച്ചു എന്നാണ് കൗൺസിലറുടെ വിശദീകരണം. ആദ്യ റൗണ്ടിൽ 12 അംഗങ്ങൾ ഉള്ള ബിജെപിക്ക് 13 വോട്ട് ലഭിച്ചു.
അതേസമയം കോർപ്പറേഷനിലെ ആദ്യ യുഡിഎഫ് മേയറായി കോൺഗ്രസ് നേതാവ് എ. കെ ഹഫീസ് മാറി. 25 വർഷം നീണ്ട് നിന്ന എൽഡിഎഫ് ഭരണത്തിന് വിരാമമിട്ടുകൊണ്ടാണ് കോർപ്പറേഷൻ യുഡിഎഫ് പിടിച്ചത്. ഡെപ്യൂട്ടി മേയറായി കോൺഗ്രസ് അംഗം ഡോക്ടർ ഉദയാ സുകുമാരനെയും തെരഞ്ഞെടുത്തു.
എൽഡിഎഫ് കോട്ട തകർത്തുകൊണ്ടാണ് കൊല്ലം കോർപറേഷൻ യുഡിഎഫ് പിടിച്ചത്. 56 അംഗ കോർപറേഷൻ കൗൺസിലിൽ 27 യുഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ ആണ് എ. കെ ഹഫീസ് മേയറായത്. രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടിൽ എസ്ഡിപിഐ അംഗവും ഹഫീസിന് വോട്ട് ചെയ്തു. എൽഡിഎഫ് സ്ഥാനാർഥി പി.ജെ രാജേന്ദ്രന് 16 വോട്ടുകളും എൻഡിഎ സ്ഥാനാർഥി ജി ഗിരീഷിന് 12 വോട്ടുകളും ലഭിച്ചു.
Adjust Story Font
16

