കളമശ്ശേരി കഞ്ചാവ് കേസ്: പ്രധാനി കൊല്ലം സ്വദേശിയായ വിദ്യാർഥി
മൂന്നാം വർഷ വിദ്യാർഥിയായ ഇയാൾ ഒളിവിലാണ്

കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിലെ ഹോസ്റ്റലിൽനിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിലെ പ്രധാനി കൊല്ലം സ്വദേശിയെന്ന് പൊലീസ്. മൂന്നാം വർഷ വിദ്യാർഥിയായ ഇയാൾ ഒളിവിലാണ്. കേസിൽ അറസ്റ്റിലായ ആഷിഖും ഷാലികും കഞ്ചാവ് കൊണ്ടുവന്നത് ഈ വിദ്യാർഥിയുടെ ആവശ്യപ്രകാരമാണ്. ഇയാളാണ് ആഷിഖിനും ഷാലിഖിനും പണം നൽകിയത്. വിദ്യാർഥിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. റെയ്ഡിനിടെ ഹോസ്റ്റലിൽനിന്ന് ഓടിപ്പോയത് ആഷിഖും ഷാലിഖുമാണെന്നും പൊലീസ് അറിയിച്ചു.
ആകാശിന് കഞ്ചാവ് കൈമാറിയ ആഷിഖിനെയും കൂടെയുണ്ടായിരുന്ന ആലുവ സ്വദേശി ഷാലിഖിനെയും പൊലീസ് പിടികൂടുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് ആഷിഖ് കഞ്ചാവ് കൈമാറിയത്.
പണം മുൻകൂർ വാങ്ങി കച്ചവടം നടന്നെന്നും ഇവർക്ക് വില കുറച്ച് കഞ്ചാവ് നൽകിയെന്നും പൊലീസ് കണ്ടെത്തി. ആകാശിന്റെ മുറിയിൽനിന്ന് ഒരു കിലോ 900 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് തൂക്കി നല്‍കാൻ ഉപയോഗിച്ച ത്രാസും പൊലീസ് പിടികൂടിയിരുന്നു. കേസിൽ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വീഡിയോ കാണാം:
Adjust Story Font
16

