കൂരിയാട് ദേശീയപാത അപകടം; ഇടിഞ്ഞു താഴ്ന്നതിന്റെ കാരണം പഠിക്കാൻ വിദഗ്ധ സംഘം നാളെ എത്തും
എൻ എച്ച് എ ഐ നിയോഗിച്ച മൂന്നംഗ സമിതിയാണ് സ്ഥലം സന്ദർശിക്കുക. കളക്ടറുടെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം.

കൂരിയാട്: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നത് പഠിക്കാൻ വിദഗ്ധ സംഘം നാളെ എത്തും. എൻ എച്ച് എ ഐ നിയോഗിച്ച മൂന്നംഗ സമിതിയാണ് സ്ഥലം സന്ദർശിക്കുക. കളക്ടറുടെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയും അപകട സ്ഥലത്തെത്തും.
മൂന്നഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കും ദേശീയപാത അതോറിറ്റിയുടെ തുടർനടപടി. എൻ എച്ച് എ ഉദ്യോഗസ്ഥർ അപകടസ്ഥലം സന്ദർശിച്ചു. നിർമ്മാണത്തിൽ അശാസ്ത്രീയത ഇല്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴമൂലം അടിത്തറയിൽ ഉണ്ടായ സമ്മർദ്ദമാണ് അപകടത്തിന് കാരണമെന്ന് എൻ എച്ച് എ പ്രൊജക്ട് ഓഫീസർ അൻശുൽ ശർമ്മ വ്യക്തമാക്കി.
ഇനി ഇത്തരം അപകടങ്ങൾ ഉണ്ടാകില്ലെന്ന് ദേശീയപാത അതോറിറ്റി ഉറപ്പു നൽകിയെന്ന് കലക്ടർ പറഞ്ഞു. അപകട സ്ഥലത്ത് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തും. ദേശീയപാത അതോറിറ്റിയോട് വിവരങ്ങൾ തേടാനും മന്ത്രി പൊതുമരാമത്തു സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
നിർമ്മാണത്തിന്റെ അശാസ്ത്രീയത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്നും ശാശ്വത പരിഹാരം ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എംഎൽഎമാരും വിവിധ തദ്ദേശസ്വരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Adjust Story Font
16

