Quantcast

തൊമ്മൻകുത്തിൽ സെന്റ് തോമസ് പള്ളി വക റവന്യൂ ഭൂമിയിൽ സ്ഥാപിച്ച കുരിശ് തകർത്ത വനം വകുപ്പിന്റെ നടപടി അംഗീകരിക്കാനാവില്ല: കോതമംഗലം രൂപത

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാനാകാതെ അപഹാസ്യനായിത്തീർന്നിക്കുന്ന വനം മന്ത്രി രാജിവച്ച് വകുപ്പ് കഴിവും പ്രാപ്തിയും മനുഷ്യത്വവും ഇച്ഛാശക്തിയും ഉള്ളവരെ ഏൽപ്പിക്കണമെന്ന് കോതമംഗലം രൂപത പ്രസ്താവനയിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    29 May 2025 8:40 PM IST

Kothamangalam Eparchy against forest department
X

കൊച്ചി: തൊമ്മൻകുത്തിൽ സെന്റ് തോമസ് പള്ളി വക റവന്യൂ ഭൂമിയിൽ നിയമപരമായി സ്ഥാപിച്ച കുരിശ് അനധികൃതമായി അതിക്രമിച്ചു കയറി തകർത്ത വനം വകുപ്പിന്റെ നടപടി അം​ഗീകരിക്കാനാവില്ലെന്ന് കോതമം​ഗലം രൂപത. നിയമപരമായി നിയോഗിക്കപ്പെട്ട സമിതി കൃത്യമായ അന്വേഷിച്ച് കുരിശു സ്ഥാപിച്ച സ്ഥലം റവന്യൂ ഭൂമിയിൽ ആണെന്ന് ഉത്തരവിറക്കിയിട്ടും വനംവകുപ്പിന്റെ പ്രതികാര നടപടികൾ തുടരുകയാണ്. ദുഃഖവെള്ളിയാഴ്ച ദിവസം കുരിശു തകർക്കപ്പെട്ട സ്ഥലത്തേക്ക് സമാധാനപരമായി കുരിശിന്റെ വഴി പ്രാർഥനക്ക് നേതൃത്വം നൽകിയ കോതമംഗലം രൂപത വികാരി ജനറൽ മോൺ. വിൻസെന്റ് നെടുങ്ങാട്ട്, ചാൻസിലർ ഫാ. ജോസ് കുളത്തൂർ, ഇടവക വികാരി ഫാ. ജെയിംസ് ഐക്കരമറ്റം എന്നിവർക്കെതിരെ വനഭൂമിയിൽ അതിക്രമിച്ചു കയറി എന്ന കുറ്റം ആരോപിച്ച് വനം വകുപ്പ് കേസ് എടുത്തിരിക്കുകയാണ്.

ജനപ്രതിനിധികളെയും ധാരാളം പ്രദേശവാസികളെയും ഇത്തരം കേസുകളിൽ കുടുക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. കുരിശ് പിഴുതുമാറ്റി പ്രകോപനം സൃഷ്ടിച്ച വനംവകുപ്പിനെതിരെ ജനരോഷം ശക്തമായിരുന്ന സാഹചര്യത്തിൽ കുരിശിനേറ്റ അവഹേളനത്തിന് പരിഹാരവും പ്രാശ്ചിത്തവുമായി പ്രാർഥിക്കാനും സാധാരണക്കാരായ മനുഷ്യരുടെ വേദനയിൽ അവരെ ആശ്വസിപ്പിക്കാനുമാണ് രൂപത കേന്ദ്രത്തിൽ നിന്നുള്ള വൈദികർ ദുഃഖ വെള്ളിയാഴ്ച ദിനത്തിൽ അവിടെ പ്രാർഥനയിൽ പങ്കുചേർന്നത്. റവന്യൂ ഭൂമിയിലൂടെയും കൃഷി ഭൂമിയിലൂടെയും പൊതുജനങ്ങൾ സഞ്ചരിക്കുന്നതിനെതിരെ കേസെടുക്കുന്ന വനം വകുപ്പിന്റെ അധികാര ദുർവിനിയോഗത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

സമാന്തര സർക്കാർ ചമയുന്ന വനം വകുപ്പ് ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നതും അപക്വമായ നടപടികളുമായി മുന്നോട്ടു വരുന്നതും ഇതാദ്യമല്ല. ആലുവ മൂന്നാർ രാജപാത തുറക്കണം എന്ന് ആവശ്യപ്പെട്ട് പൂയംകുട്ടിയിൽ നടന്ന സമരത്തിന് നേതൃത്വം നൽകിയ കോതമംഗലം രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് കേസ് എടുത്തിട്ട് അധികം നാളുകൾ ആയിട്ടില്ല. കെടുകാര്യസ്ഥതയുടെ പര്യായമായ മാറിയിരിക്കുന്ന വനം വകുപ്പും മന്ത്രിയും പൊതുജനങ്ങൾക്ക് ബാധ്യതയായി മാറിയിരിക്കുകയാണ്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാനാകാതെ അപഹാസ്യനായിത്തീർന്നിക്കുന്ന വനം വകുപ്പ് മന്ത്രി രാജിവച്ച് വകുപ്പ് കഴിവും പ്രാപ്തിയും മനുഷ്യത്വവും ഇച്ഛാശക്തിയും ഉള്ളവരെ ഏൽപ്പിക്കണം. ഹിഡൻ അജണ്ടകളോടെ വനം വകുപ്പ് നേതൃത്വം കൊടുക്കുന്ന അപ്രഖ്യാപിത കുടിയിറക്ക് ശ്രമങ്ങൾ മലയോര ജനത തിരിച്ചറിഞ്ഞുകഴിഞ്ഞു. വനം വകുപ്പിന്റെ ക്രൂരത നിറഞ്ഞ നടപടികൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് മലയോര ജനതയ്ക്ക് നേതൃത്വം നൽകുമെന്നും, മലയോരത്തെ കർഷകരുടെയും കർഷക തൊഴിലാളികളുടെയും ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് വേണ്ടി ഏതറ്റം വരെയും പോകുമെന്നും, അനാവശ്യമായി വനം വകുപ്പ് എടുത്തിരിക്കുന്ന കള്ളകേസുകൾ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ നടപടികൾ ഉണ്ടാകുമെന്നും കോതമംഗലം രൂപത പ്രസ്താവനയിൽ പറഞ്ഞു.

TAGS :

Next Story