Quantcast

'അർച്ചനയെ എടുത്ത് മുകളിലേക്ക് വരുമ്പോഴാണ് കിണറിടിഞ്ഞ് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥന്റെ തലയിലേക്ക് വീണത്'; അയല്‍വാസികള്‍

അര്‍ച്ചനയുടെ മരണത്തേക്കാളും ഏറെ വേദനയുണ്ടാക്കിയത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍റെ മരണമെന്നും അയല്‍വാസികള്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    13 Oct 2025 10:55 AM IST

അർച്ചനയെ എടുത്ത് മുകളിലേക്ക് വരുമ്പോഴാണ് കിണറിടിഞ്ഞ് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥന്റെ തലയിലേക്ക് വീണത്; അയല്‍വാസികള്‍
X

കൊല്ലം: കിണറ്റിൽ ചാടിയ അര്‍ച്ചനയെ രക്ഷിച്ച് മുകളിലേക്ക് വടത്തില്‍കെട്ടി കൊണ്ടുവരുന്നതിനിടെയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍റെ തലയിലേക്ക് കിണറിന്‍റെ കൈവരി ഇടിഞ്ഞ് വീണതെന്ന് നാട്ടുകാര്‍. അര്‍ച്ചനയുടെ മരണത്തേക്കാളും ഏറെ വേദനയുണ്ടാക്കിയത് ഡ്യൂട്ടിക്കിടെ മരിച്ച ഉദ്യോഗസ്ഥന്‍റേതാണെന്നും അയല്‍വാസികള്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചയോടെയാണ് കൊല്ലം കൊട്ടാരക്കരയില്‍ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ മരിച്ചത്. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ, നെടുവത്തൂർ സ്വദേശിനി അർച്ചന, സുഹൃത്ത് ശിവകൃഷ്ണൻ എന്നിവരാണ് മരിച്ചത്. രാത്രി പന്ത്രണ്ടരയോടെ നടുവത്തൂരിനടുത്ത് യുവതി കിണറ്റിൽ ചാടിയതിനെ തുടർന്ന് ഒരു യൂണിറ്റ് ഫയർ ഫോഴ്സ് സംഘം അവിടേക്ക് എത്തുകയായിരുന്നു.മൂന്ന് പേരെയും കൊട്ടാരക്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പുലർച്ചയോടെ കിണറ്റിൽ ചാടിയ അർച്ചനയെ രക്ഷിക്കാനാണ് ഫയർഫോഴ്സ് സംഘം എത്തിയത്. പ്രദേശത്തെ ഏറ്റവും പഴക്കമുള്ള കിണറാണ് ഇടിഞ്ഞുവീണതെന്നും നാട്ടുകാര്‍ പറയുന്നത്.'ഏറ്റവും ചുരുങ്ങിയത് 40 വര്‍ഷത്തോളം പഴക്കമുണ്ടാകും.കൂടാതെ പ്രദേശത്ത് ഏറ്റവും ആഴമുള്ള കിണറ് കൂടിയാണിത്. 80 അടി താഴ്ചയുണ്ട്. ഫയർ ഫോഴ്സ് എത്തുന്നതിനിടെ അർച്ചനയുടെ രണ്ടു മക്കളും ശിവകൃഷ്ണനും കിണറ്റിന്റെ വക്കിലുണ്ടായിരുന്നു.ശിവകൃഷ്ണൻ ടോർച്ച് അടിക്കുന്നതിനായി കിണറ്റിന്റെ കൈവരിയിലേക്ക് വരുകയും, കൈവരി ഉൾപ്പെടെ തകർന്ന് കിണറ്റിലേക്ക് വീഴുകയും ചെയ്തു..നാട്ടുകാര്‍ പറയുന്നു.

'അര്‍ച്ചനയും മക്കളും മൂന്ന് വര്‍ഷമായി കൊട്ടാക്കരയിലെത്തിയിട്ട്. അടുത്തിടെയാണ് പുതിയ വീട് വെച്ചത്. ആറ് മാസം മുന്‍പ് കൂടെയുണ്ടായിരുന്നയാള്‍ പിണങ്ങിപോയെന്നാണ് കേട്ടത്..കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല.അയല്‍വാസികളുമായി അത്രക്കൊന്നും അടുപ്പം അര്‍ച്ചനക്കില്ലായിരുന്നു'...അയല്‍വാസികള്‍ പറയുന്നു.

അതിനിടെ, അര്‍ച്ചനയെ മരിച്ച ശിവകൃഷ്ണൻ മദ്യപിച്ച് മര്‍ദിച്ചിരുന്നതായും അയല്‍വാസികള്‍ പറയുന്നു.ഇതിന്‍റെ വിഡിയോ കുട്ടികള്‍ എടുത്തുവെച്ചിരുന്നു.മുഖത്തും മൂക്കിനും കവിളിലും പരിക്കേറ്റ അര്‍ച്ചനയുടെ വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് അര്‍ച്ചനക്ക്. മൂത്ത കുട്ടി ഒന്‍പതാം ക്ലാസിലാണ് പഠിക്കുന്നത്.


TAGS :

Next Story