കോട്ടയത്ത് കാര്‍ തോട്ടിലേക്ക് വീണു, ഒരാള്‍ക്ക് ദാരുണാന്ത്യം, നാല് പേര്‍ക്ക് പരിക്ക്
എറണാകുളം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽ പെട്ടത്

കോട്ടയം: കോട്ടയം കറുകച്ചാലിനു സമീപം ചമ്പക്കരയില്‍ കാര്‍ തോട്ടില്‍ വീണ് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. എറണാകുളം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്.
കറുകച്ചാല്‍ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ 25 അടിയോളം താഴ്ചയുള്ള തോട്ടിലേക്കാണ് വീണത്. വൈകുന്നേരം നാല് മണിയോടെയാണ് അപകടം. വലിയ ശബ്ദത്തോടെ തോട്ടിലേക്ക് പതിച്ചതിന് തൊട്ടുപിന്നാലെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും പലരും കാറിനടിയില്‍ പെട്ടുകിടക്കുന്ന നിലയിലായിരുന്നു. ഇവരെ പുറത്തെത്തിച്ച് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല.
മംഗലാപുരം സ്വദേശി ഷമീമാണ് മരിച്ചത്. പത്തനംതിട്ട ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സ്വകാര്യ സുരക്ഷാ ജീവനക്കാരാണ് അപകടത്തില്‍ പെട്ടത്.
ചമ്പക്കരയിലെ വളവില്‍ അപകടം പതിവാണെന്നും വാഹനയാത്രികരുടെ സുരക്ഷ പരിഗണിച്ചുകൊണ്ട് കൂടുതല്‍ അറ്റകുറ്റപ്പണികള്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും നാട്ടുകാരിലൊരാള്‍ പ്രതികരിച്ചു.
Adjust Story Font
16

