കെ.സി ശോഭിതയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിശദീകരണം തേടുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ്
കഴിഞ്ഞ കൗൺസിലിൽ കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവാണ് ശോഭിത

കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ യുഡിഎഫ് കൗൺസിലർ കെ.സി ശോഭിതക്കെതിരെ ഡിസിസി പ്രസിഡൻ്റ് അഡ്വ. പ്രവീൺകുമാർ. ശോഭിതയുടെ എഫ്ബി പോസ്റ്റ് അനാവശ്യമാണെന്നും തിരുത്തിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശോഭിതയോട് ഡിസിസി വിശദീകരണം തേടും.
പരാതി പറയേണ്ടത് ഡിസിസി ഓഫീസിലാണ്. തോൽവികളിലുള്ള അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടും. അന്വേഷണം നടന്നത് പാറോപ്പടിയിൽ മാത്രമല്ല. പാളയം, ചാലപ്പുറം, മുക്കം, കാരശ്ശേരി ഉൾപ്പെടെ വാർഡുകളിലും അന്വേഷണം നടക്കുന്നു. കെപിസിസി ജനറൽ സെക്രട്ടറിയായതിനാൽ പി.എം നിയാസിൻ്റെ തോൽവി കൂടുതൽ ഗൗരവത്തോടെ അന്വേഷിക്കുമെന്നും പ്രവീൺ കുമാർ.
കോഴിക്കോട് ഡിസിസി നേതൃത്വത്തിനെതിരെ കെ.സി ശോഭിത ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കൗൺസിലിൽ കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവാണ് ശോഭിത. നിയാസിന്റെ തോൽവിയുടെ പഴി തന്റെയും ഭർത്താവിന്റെയും കെട്ടിവയ്ക്കാൻ ശ്രമിക്കുന്നുവെന്നാണ് ശോഭിതയുടെ ആരോപണം.
പാർട്ടിയിൽ നിന്നും പലപ്പോഴും അവഗണന നേരിട്ടു. സിപിഐഎം ഭരണസമിതിയുടെ തെറ്റായ തീരുമാനങ്ങൾക്കെതിരെ പോരാടിയാളാണ് താൻ. അന്ന് ചുവപ്പുകാർഡ് കാട്ടി റഫറി കളിച്ച നേതാക്കൾ ഇപ്പോൾ അന്വേഷണ നാടകവുമായി വരുന്നു. പാർട്ടിയിൽ ഒറ്റപ്പെടുത്താനും പുകച്ചു പുറത്തു ചാടിക്കാൻ ഉള്ള ശ്രമം പൊരുതിത്തോൽപ്പിച്ചേ പറ്റൂ. താൻ നേതാക്കളുടെ പെട്ടി തൂക്കി വന്ന ആളല്ല. പദവികൾ സ്വപ്നം കണ്ട് നെട്ടോട്ടമോടുന്നവർക്ക് സാധാരണ കോൺഗ്രസുകാരിയുടെ ഹൃദയവേദന ഉൾക്കൊള്ളാനാകുന്നില്ലയെന്നും ശോഭിത.
Adjust Story Font
16

