Quantcast

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ജമാഅത്തെ ഇസ്‍ലാമിയെ കൊടിയ ഭീകര സംഘടനയായി പ്രഖ്യാപിച്ചു നടത്തിക്കൊണ്ടിരിക്കുന്ന എൽഡിഎഫ് പ്രചരണം വിപരീത ഫലമുണ്ടാക്കും: കെ.പി ഇസ്മായിൽ

ജമാഅത്തുകാരുടേതല്ല.ഞാനടക്കം അനേകം ഇടതുപക്ഷ വോട്ടർമാരുടെ മുടക്കു മുതലുള്ള ഒരു സ്ഥാപനമാണ് മീഡിയവൺ

MediaOne Logo

Web Desk

  • Updated:

    2025-07-10 06:57:08.0

Published:

10 July 2025 8:11 AM IST

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ജമാഅത്തെ ഇസ്‍ലാമിയെ കൊടിയ ഭീകര സംഘടനയായി പ്രഖ്യാപിച്ചു നടത്തിക്കൊണ്ടിരിക്കുന്ന എൽഡിഎഫ് പ്രചരണം വിപരീത ഫലമുണ്ടാക്കും: കെ.പി ഇസ്മായിൽ
X

കോഴിക്കോട്: നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ പരാജയം തിരുത്തലുകൾ നടത്താനുള്ള അവസരമാക്കുന്നതിന് പകരം ജമാഅത്തെ ഇസ്‍ലാമിയെ കൊടിയ ഭീകര സംഘടനയായി പ്രഖ്യാപിച്ചു നടത്തിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ പ്രചരണം വിപരീത ഫലമാണ് ഉണ്ടാക്കുകയെന്ന് നാഷണൽ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.പി ഇസ്മായിൽ. ജമാഅത്തെ ഇസ്‍ലാമി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണച്ചിരുന്ന കാലത്തെതിനെക്കാൾ പ്രത്യേകമായ ഭീകരതയെന്നും അതിലുണ്ടായതായി ആർക്കും അറിയില്ലെന്നും ഫേസ്ബുക്കിൽ കുറിച്ചു.

2011 നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച ആളാണ് കെ.പി ഇസ്മായിൽ. ഇടതുപക്ഷ സ്വതന്ത്രനായിട്ടാണ് ഇസ്മായിൽ മത്സരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ പരാജയം തിരുത്തലുകൾ നടത്താനുള്ള ഒരു അവസരമാക്കുകയായിരുന്നു യഥാർത്ഥത്തിൽ ഇടതുപക്ഷം ചെയ്യേണ്ടിയിരുന്നത്. അതിനു പകരം ജമാഅത്തെ ഇസ്‍ലാമിയെ കൊടിയ ഭീകര സംഘടനയായി പ്രഖ്യാപിച്ചു നടത്തിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ പ്രചരണം വിപരീത ഫലമാണ് ഉണ്ടാക്കുക.അതൊക്കെ അതെ പോലെ വിശ്വസിക്കാൻ ആരും തയ്യാറാവുകയില്ല. കാരണം ജമാഅത്തെ ഇസ്‍ലാമി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണച്ചിരുന്ന കാലത്തെതിനേക്കാൾ പ്രത്യേകമായ ഭീകരതയെന്നും അതിലുണ്ടായതായി ആർക്കും അറിയില്ല.

അതേപോലെ മീഡിയവൺ ചാനലിനെതിരെയുള്ള പ്രചരണവും ശരിയല്ല. അതു ജമാഅത്തുകാരുടേതല്ല.ഞാനടക്കം അനേകം ഇടതുപക്ഷ വോട്ടർമാരുടെ മുടക്കു മുതലുള്ള ഒരു സ്ഥാപനമാണ് അത്. പിന്നെ ജമാഅത്തെ ഇസ്‍ലാമി...ജമാഅത്തെ ഇസ്‍ലാമി എന്ന് ഇടയ്ക്കിടെ ഇങ്ങനെ ഉരുവിട്ടാൽ ചന്തി കൊട്ടി ചാടുന്ന ചില മാനസിക രോഗികൾ എല്ലാകാലത്തും എല്ലാറ്റിലും ഉണ്ടാകും.അതൊന്നും ഒരു തെരഞ്ഞെടുപ്പിൽ ജയിക്കാൻ പര്യാപ്തമാവില്ല.

ഉണ്ടായിരുന്നെങ്കിൽ നിലമ്പൂരിൽ ജയിക്കുമായിരുന്നു. എൽഡിഎഫിനെതിരെ കുറെ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതു ഉന്നയിച്ചത് ഇപ്പോൾ ഭീകര സംഘടനയായ ജമാഅത്തെ ഇസ്‍ലാമി അല്ല. 9 വർഷക്കാലം സിപിഎമ്മിന്‍റെ എംഎൽഎയായിരുന്ന പി.വി അൻവറാണ്. അതിൽ ചിലതൊക്കെ ശെരിയാണ് എന്ന തോന്നൽ പൊതുവെ ഇടതുപക്ഷ വോട്ടർമാർക്കടക്കം ഉണ്ടായിട്ടുണ്ട്.(അടിമകൾ ഒഴിവ്) അതു ജനങ്ങൾക്കു ബോധ്യപ്പെടുന്ന തരത്തിൽ തിരുത്തിയാൽ എൽഡിഎഫിന് നല്ലത് ( ഉദാ: നിലമ്പൂർ പരാജയത്തിന് ശേഷമാണ് എഡിജിപി അജിത് കുമാറിനെ ഡിജിപി നിയമന ലിസ്റ്റിൽ നിന്നും പുറന്തള്ളിയത് ) എന്ന് അല്ലാതെ ഈ വാഴ്ത്തു പാട്ടുകാരുടെ പാട്ടു കേട്ടു നിർവൃതിയടഞ്ഞാൽ അടുത്ത പൊതു തെരഞ്ഞെടുപ്പിലും നിലമ്പൂർ ആവർത്തിക്കും.

3 ദിവസം തുടർച്ചയായി മുഖ്യമന്ത്രി പ്രചരണം നടത്തിയിട്ടു മീഡിയവണിലെ ഒരു ദാവൂദിന്‍റെ അടുപ്പ് കൂട്ടി ചർച്ച കേട്ടിട്ടാണ് നിലമ്പൂരിൽ ജനങ്ങൾ എൽഡിഎഫിനെ പരാജയപ്പെടുത്തിയത് എന്നു തോന്നുന്ന രീതിയിലൊക്കെയുള്ള ഈ സോഷ്യൽ മീഡിയ ചർച്ച ആരെയാണ് മോശമാക്കുന്നത് എന്നങ്കിലും ചിന്തിക്കേണ്ടേ? അല്ലാതെ ഈ ചർച്ച ആരെയെങ്കിലും രക്ഷിക്കുമോ ?

TAGS :

Next Story