Quantcast

'നദികളുടെ ഒഴുക്ക് തടഞ്ഞു, പാലങ്ങൾ പണിതു, ഒരു കീറക്കടലാസിന്റെ പോലും അനുമതിയില്ല'; നോളജ് സിറ്റിക്കെതിരെ ഹിന്ദു ഐക്യവേദി

നോളജ് സിറ്റിയുടെ നിർമാണം സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം എല്ലാ രേഖകളും തങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ശശികല പറഞ്ഞു

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2026-01-17 12:20:19.0

Published:

17 Jan 2026 4:47 PM IST

നദികളുടെ ഒഴുക്ക് തടഞ്ഞു, പാലങ്ങൾ പണിതു, ഒരു കീറക്കടലാസിന്റെ പോലും അനുമതിയില്ല; നോളജ് സിറ്റിക്കെതിരെ ഹിന്ദു ഐക്യവേദി
X

കോഴിക്കോട്: കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള മർകസ് നോളജ് സിറ്റിക്കെതിരെ വിമർശനവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. ഒരു കീറക്കടലാസിന്റെ പോലും അനുമതിയില്ലാതെയാണ് നോളജ് സിറ്റി പണിതതെന്ന് ശശികല ആരോപിച്ചു. സർക്കാരിന്റെ ഒരു ഡിപ്പാർട്ട്‌മെന്റിന്റെയും അനുമതിയില്ലാതെയാണ് അവിടെ പാലങ്ങൾ പണിതത്. നദികളുടെ ഒഴുക്ക് തടഞ്ഞു. സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ഒരു അനുമതിയുമില്ലാതെയാണ് അവിടെ ഭീമാകാരമായ കെട്ടിടങ്ങൾ പണിതതെന്നും ശശികല ആരോപിച്ചു. തിരുനാവായ കുംഭമേളയുമായി ബന്ധപ്പെട്ട ജനം ടിവി ചർച്ചയിലായിരുന്നു ശശികലയുടെ ആരോപണം.



നോളജ് സിറ്റിയുടെ നിർമാണം സംബന്ധിച്ച് എല്ലാ രേഖയും വിവരാവകാശ നിയമപ്രകാരം ശേഖരിച്ചിട്ടുണ്ട്. രണ്ട് പാലങ്ങൾ നോളജ് സിറ്റിക്കകത്തുണ്ട്. മലപ്പുറത്ത് കുംഭമേള നിർത്തണമെന്ന് പറഞ്ഞ ആരും നോളജ് സിറ്റിയുടെ കാര്യത്തിൽ ഇടപെടുന്നില്ല. അങ്ങനെയൊരു നിർമിതി അവിടെയുള്ള കാര്യം തന്നെ സർക്കാരിന് അറിയില്ലെന്നും ശശികല ആരോപിച്ചു.



കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലും സനാതനധർമത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. പുഴ വൃത്തിയാക്കിയതിനാണ് മലപ്പുറത്ത് സ്റ്റോപ്പ് മെമ്മോ നൽകിയത്. പുഴയും വായുവും എല്ലാം ശുദ്ധമായിരിക്കുക എന്നത് സനാതന ധർമത്തിന്റെ ഭാഗമാണ്. അതില്ലാതാക്കാനാണ് ചിലർ ശ്രമിക്കുന്നത്. എന്ത് വന്നാലും നിശ്ചയിച്ച തീയതിയിൽ തന്നെ കുംഭമേള നടത്തുമെന്നും ശശികല പറഞ്ഞു.



തിരുനാവായ കുംഭമേള തടയാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് മുൻ ഡിജിപിയും സംഘ്പരിവാർ സഹയാത്രികനുമായ ടി.പി സെൻകുമാറും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മറ്റു മതവിഭാഗങ്ങളുടെ ആഘോഷങ്ങൾ തടസമില്ലാതെ നടക്കുമ്പോൾ ഹൈന്ദവ സമൂഹത്തിന്റെ ആചാരങ്ങളും ആഘോഷങ്ങളും തടയുന്നത് തെറ്റായ സമീപനമാണ് എന്നായിരുന്നു സെൻകുമാറിന്റെ വിമർശനം.

TAGS :

Next Story