Quantcast

'ഇ.പി ജയരാജന്റെ അനധികൃത സ്വത്ത് സമ്പാദനം, പിണറായി എന്താണ് മിണ്ടാത്തത്?- കെ.പി.എ മജീദ്

കുന്നിടിച്ചും ജലം ഊറ്റിയുമാണ് സി.പി.എം നേതാവ് ഇ.പി ജയരാജന്റെയും മകന്റെയും ആരെയും കൂസാതെയുള്ള നിർമാണമെന്നും കെ.പി.എ മജീദ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-12-25 13:37:15.0

Published:

25 Dec 2022 1:34 PM GMT

ഇ.പി ജയരാജന്റെ അനധികൃത സ്വത്ത് സമ്പാദനം, പിണറായി എന്താണ് മിണ്ടാത്തത്?- കെ.പി.എ മജീദ്
X

ഇപി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതിയുമായി സിപിഎമ്മിനുള്ളിൽ കലാപം തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. പി. ജയരാജൻ പാർട്ടി യോഗത്തിൽ തന്നെ ഇപിക്കെതിരെ പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു. ഇ.പി ജയരാജനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് നേതാവ് കെ.പി.എ മജീദ്.

കുന്നിടിച്ചും ജലം ഊറ്റിയും സി.പി.എം നേതാവ് ഇ.പി ജയരാജനും മകനും കൂടി പണിത ആയുർവേദ റിസോർട്ടെന്നും സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അടയാളപ്പെടുത്തൽ നടത്തിയ മൊറാഴയിലാണ് ആരെയും കൂസാതെയുള്ള ഈ വൈദേകമെന്നും കെ.പി.എ മജീദ് ഫേസ്ബുക്കിൽ കുറിച്ചു. റിസോർട്ട് നിർമ്മാണത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും പാർട്ടിക്കുള്ളിൽ പോര് മുറുകുമ്പോഴും പിണറായി മിണ്ടിയില്ലെന്നും മജീദ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കുന്നിടിച്ചും ജലം ഊറ്റിയും സി.പി.എം നേതാവ് ഇ.പി ജയരാജനും മകനും കൂടി പണിത ആയുർവേദ റിസോർട്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അടയാളപ്പെടുത്തൽ നടത്തിയ മൊറാഴയിലാണ് ആരെയും കൂസാതെയുള്ള ഈ വൈദേകം. മൊറാഴ ഉടുപ്പിലെ പത്തേക്കർ കുന്ന് പൂർണമായും ഇടിച്ച് നിരത്തി. അരുതേ എന്ന് പറഞ്ഞ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ളവരെ ആട്ടിയോടിച്ചു.

പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭ അതിവേഗം റിസോർട്ടിന് അനുമതി നൽകി. ഒരു ചുവപ്പുനാടയിലും ആ അപേക്ഷ കുടുങ്ങിയില്ല. ഏതാണീ നഗരസഭയെന്ന് എല്ലാവർക്കും അറിയാം. കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം കൺവൻഷൻ സെന്റർ പണിയാനായി വിനിയോഗിച്ച പ്രവാസിക്ക് പ്രവർത്തനത്തിന് അനുമതി നൽകാതെ ആ മനുഷ്യനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അതേ നഗരസഭ.

നിർമ്മാണം തടയാൻ ഒരു ചെങ്കൊടിയും ഉയർന്നില്ല. എതിർപ്പുകളെയെല്ലാം ചെങ്കൊടി കൊണ്ട് നിശ്ശബ്ദമാക്കി. റിസോർട്ട് നിർമ്മാണത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണ്. പാർട്ടിക്കുള്ളിൽ പോര് മുറുകുന്നുണ്ട്. പിണറായി ഇതുവരെയും മിണ്ടിയിട്ടില്ല. ഈ അനീതിക്കെതിരെ മിണ്ടിയേ തീരൂ.


TAGS :

Next Story