'രാജകൽപന അനുസരിക്കാൻ മാത്രം അടിമകളാണ് സിപിഐക്കാരെന്ന് ആരും പറയില്ല'; സിപിഐയെ പുകഴ്ത്തി ലീഗ് ദേശീയ ഉപാധ്യക്ഷൻ കെ.പി.എ മജീദ്
'വലതുപക്ഷ സിപിഎമ്മും സിപിഐയുടെ നിലനിൽപ്പും' എന്ന തലക്കെട്ടിൽ ചന്ദ്രിക ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് മജീദിന്‍റ പ്രതികരണം

കോഴിക്കോട്: പ്രതിപക്ഷ ഉപനേതൃ പദവിയുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ അസാധാരണമായ പ്രതിസന്ധി തുടരുന്നതിനിടെ സിപിഐയെ പ്രശംസിച്ച് മുസ്‌ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ കെ.പി.എ മജീദ്. രാജകൽപ്പന അനുസരിക്കാൻ മാത്രം അടിമകളാണ് സിപിഐക്കാരെന്ന് രാഷ്ട്രീയത്തെ കുറിച്ച് സാമാന്യബോധമുള്ള ആരും പറയില്ലെന്ന് കെ.പി.എ മജീദ് പറഞ്ഞു. 'വലതുപക്ഷ സിപിഎമ്മും സിപിഐയുടെ നിലനിൽപ്പും' എന്ന തലക്കെട്ടിൽ ചന്ദ്രിക ദിനപത്രത്തിൽ അച്ചടിച്ചുവന്ന ലേഖനത്തിലാണ് മജീദിന്‍റെ അഭിപ്രായം.
'പ്രതിപക്ഷ ഉപനേതൃപദവിയിൽ രാജകൽപ്പന അനുസരിക്കാൻ മാത്രം അടിമകളാണ് സിപിഐക്കാരെന്ന് രാഷ്ട്രീയത്തെ കുറിച്ച് സാമാന്യബോധമുള്ള ആരും പറയില്ല. മുസ്‌ലിം ലീഗും സിപിഐയും കോൺഗ്രസും ഒന്നിച്ചുഭരിച്ച അച്യുതമേനോൻ സർക്കാരിന്‍റെ കാലമാണ് കേരള വളർച്ചയുടെ അടിത്തറ ദൃഢപ്പെടുത്തിയത്. പിണറായിയുടെ പത്ത് വർഷത്തെ ഭരണത്തിൽ പലതും പൂവണിയാതെ പോവാൻ കാരണം സിപിഐയുടെ സാന്നിധ്യം'. മജീദ് ലേഖനത്തിൽ കുറിച്ചു.
ഏതെങ്കിലും ഒരു പാർട്ടിയോ വ്യക്തിയോ വരുന്നതും വരാതിരിക്കുന്നതും ഇപ്പോൾ യുഡിഎഫിന് ഭീഷണിയോ ആശങ്കയോ അല്ലെന്നും ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് മാറാത്തപക്ഷം സിപിഐക്ക് എൽഡിഎഫിൽ തുടരുന്നത് ദുഷ്കരമാകുമെന്നും മജീദ് വ്യക്തമാക്കി.
കേരളത്തിലെ യഥാർത്ഥ ഇടതുപക്ഷം യുഡിഎഫാണെന്ന് നൂറുദിന വിഡിഎസ് ഭരണം വിളിച്ചുപറയുന്നുണ്ട്. എൽഡിഎഫ് എന്ന ലേബൽ ഒട്ടിച്ചതുകൊണ്ട് മാത്രം ഇടതുപക്ഷം ആവില്ലെന്ന് സിപിഐക്ക് എങ്കിലും മനസ്സിലാകാതിരിക്കില്ലല്ലോ. മജീദ് കൂട്ടിച്ചേർത്തു.
നേരത്തെ, പ്രതിപക്ഷ ഉപനേതൃ പദവിയിൽ സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം രംഗത്തെത്തിയിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എൻ മോഹനൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് സിപിഐയുടെ നിലപാടുകളെയും മുൻകാല രാഷ്ട്രീയ ചരിത്രത്തെയും തുറന്നെതിർക്കുന്നത്. സിപിഐ ഉന്നയിക്കുന്നത് യുക്തിപരമല്ലാത്ത ആവശ്യങ്ങളും അവകാശവാദങ്ങളുമാണെന്നും പാർട്ടിക്ക് രാഷ്ട്രീയ പക്വതയില്ലെന്നും മോഹനൻ ആരോപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് സിപിഐയെ പുകഴ്ത്തിക്കൊണ്ടുള്ള കെ.പി.എ മജീദിന്‍റെയും ലേഖനം വരുന്നത്.
അതേസമയം, സിപിഐയെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അവർ അനുഭവിക്കുന്ന അവഗണനയാണ് ചന്ദ്രിക ലേഖനത്തിൽ കെ.പി.എ മജീദ് ചൂണ്ടിക്കാട്ടിയതെന്നും ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. അവർ മുന്നണി വിടാൻ തീരുമാനിച്ചാലേ അത്തരത്തിലുള്ള ചർച്ചകൾ വേണ്ടതുള്ളൂവെന്നും സിപിഐ അനുഭവിക്കുന്ന പ്രതിസന്ധിയിൽ ആ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും സലാം പറഞ്ഞു.
എൽഡിഎഫിന് തകരാൻ ഇനിയൊരു അടിത്തറയും ബാക്കിയില്ല. യുഡിഎഫിലേക്ക് നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും ക്ഷണിച്ചിട്ടില്ല. സലാം കൂട്ടിച്ചേർത്തു. മജീദ് വിഷയം ഓപ്പൺ ചെയ്തെന്നും ഇരുകൂട്ടരും ആലോചിച്ച് തീരുമാനിക്കട്ടേയെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
Adjust Story Font
16

