Quantcast

പിണറായിയുടെ സൽക്കാരത്തിന്റെ രുചി നാവിൻ തുമ്പിലിരിക്കുമ്പോൾ ലോകായുക്തയിൽനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട: കെ.സുധാകരൻ എംപി

'മുഖ്യമന്ത്രിക്കെതിരെയുള്ള ദുരിതാശ്വാസ അഴിമതിക്കേസ് ലോകായുക്ത പരിഗണിച്ചുകൊണ്ടിരിക്കുമ്പോൾ സുപ്രിംകോടതി മാനദണ്ഡങ്ങൾ ചീന്തിയെറിഞ്ഞ് വിരുന്നിൽ പങ്കെടുത്തതിന് എന്തു ന്യായീകരണമാണ് പറയാനുള്ളത്?'

MediaOne Logo

Web Desk

  • Published:

    11 April 2023 1:02 PM GMT

KPCC president K Sudhakaran MP criticized  Lokayukta
X

തിരുവനന്തപുരം: ദുരിതാശ്വാസനിധി കേസിലെ പരാതിക്കാരൻ മുൻ സിൻഡിക്കേറ്റംഗം ആർഎസ് ശശികുമാറിനെ പേപ്പട്ടിയെന്നും മറ്റും വിളിച്ച് ആക്ഷേപിച്ച ലോകായുക്ത ആർക്കുവേണ്ടിയാണ് വിടുപണി ചെയ്യുന്നതെന്ന് വ്യക്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. കേസ് നാളെ പരിഗണിക്കാനിരിക്കെ പരാതിക്കാരനെതിരെ ഇന്നു നടത്തിയ പരാമർശങ്ങൾ വിധി ഏതു ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ സൽക്കാരത്തിന്റെ രുചി നാവിൻ തുമ്പിലിരിക്കുമ്പോൾ ലോകായുക്തയിൽനിന്നും ഉപലോകായുക്തയിൽനിന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നു സുധാകരൻ ചൂണ്ടിക്കാട്ടി.

ലോകായുക്തയെ വ്യക്തിപരമായി ആക്രമിക്കുന്ന ഒന്നും പരാതിക്കാരൻ ഉന്നയിച്ചിട്ടില്ല. അതൊക്കെ ചെയ്തത് ക്യാപ്റ്റന്റെ വലംകയ്യായ മുൻമന്ത്രിയാണ്. അതിനെതിരേ കമാന്നൊരക്ഷരം പോലും ലോകായുക്ത ഉരിയാടിയിട്ടില്ല. പരാതിക്കാരൻ ലോകായുക്തയുടെ വിധിയെ വിമർശിക്കുകയും അതിനെതിരേ ഹർജി നൽകുകയും അതിൽ കഴമ്പുള്ളതുകൊണ്ട് ലോകായുക്ത സ്വീകരിക്കുകയുമാണ് ചെയ്തത്. ദുരിതാശ്വാസനിധി അഴിമതിക്കേസ് ലോകായുക്തയുടെ പരിധിയിൽ വരുമെന്ന് 2019ൽ ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ജസ്റ്റിസ് കെപി ബാലചന്ദ്രൻ, ജസ്റ്റിസ് എകെ ബഷീർ എന്നിവർ ഉൾപ്പെടുന്ന ഫുൾബെഞ്ച് കണ്ടെത്തിയതാണ്. മൂന്നുവർഷം വാദപ്രതിവാദം നടത്തിയ ശേഷം അതെല്ലാം കാറ്റിൽപ്പറത്തി വീണ്ടും ആദ്യംമുതൽ തുടങ്ങുമ്പോൾ ഈ ലോകായുക്തയിൽ എന്തോ ചീഞ്ഞുനാറുന്നുവെന്ന് ജനങ്ങൾക്കു തോന്നിയാൽ എങ്ങനെ കുറ്റംപറയാനാകുമെന്നും സുധാകരൻ ചോദിച്ചു.

സുപ്രിംകോടതി ജഡ്ജിമാർക്കു നൽകിയിട്ടുള്ള മാനദണ്ഡപ്രകാരം (സെക്ഷൻ 10) ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അല്ലാതെയുള്ള ആതിഥ്യവും വിരുന്നും ഒഴിവാക്കണമെന്നിരിക്കേ മുഖ്യമന്ത്രിയുടെ വിരുന്നിൽ ലോകായുക്ത പങ്കെടുത്തതിനെയാണ് പരാതിക്കാരൻ വിമർശിച്ചത്. മുഖ്യമന്ത്രിക്കെതിരെയുള്ള ദുരിതാശ്വാസ അഴിമതിക്കേസ് ലോകായുക്ത പരിഗണിച്ചുകൊണ്ടിരിക്കുമ്പോൾ സുപ്രിംകോടതി മാനദണ്ഡങ്ങൾ ചീന്തിയെറിഞ്ഞ് വിരുന്നിൽ പങ്കെടുത്തതിന് എന്തു ന്യായീകരണമാണ് പറയാനുള്ളത്? ഇതു തെറ്റായ സന്ദേശമല്ലേ ജനങ്ങൾക്കു നൽകിയതെന്നും വാർത്താകുറിപ്പിൽ സുധാകരൻ ചോദിച്ചു.

എന്തെങ്കിലുമൊരു ന്യായമോ കുരുട്ടുബുദ്ധിയോ കാണിച്ച് മുഖ്യമന്ത്രിയെ രക്ഷിക്കുന്ന നാടകത്തിനാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ഈ നാടിന് ആശങ്കയുണ്ട്. ജനങ്ങളോടും സത്യത്തോടും നീതിയോടുമാണ് കൂറെന്നു തെളിയിക്കാനുള്ള അവസരമാണ് ലോകായുക്തയുടെ മുന്നിലുള്ളതെന്ന് സുധാകരൻ പറഞ്ഞു.

KPCC president K Sudhakaran MP criticized Lokayukta

TAGS :

Next Story