അവതാളത്തിലായി കെപിസിസി പുനഃസംഘടന ചർച്ച
ഇന്ന് വൈകിട്ട് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി ചർച്ച നടത്തി കുരുക്ക് അഴിക്കാമെന്ന വിശ്വാസത്തിലാണ് സംസ്ഥാന നേതൃത്വം

ന്യൂഡൽഹി: എംപിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കെപിസിസി പുനസംഘടനാ ചർച്ച അവതാളത്തിലായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻതിരിച്ചടി ഏറ്റുവാങ്ങിയവരെ പരിഗണിക്കരുതെന്ന് എംപിമാർ ആവശ്യപ്പെട്ടു. തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് എൻ.ശക്തനെ നിലനിർത്തണമെന്ന നിലപാടിലാണ് ശശി തരൂർ. ഉച്ചക്ക് ശേഷം എഐസിസി ആസ്ഥാനത്ത് കെ.സി വേണുഗോപാലുമായി കേരളനേതാക്കൾ ചർച്ച നടത്തും.
ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിൽ പൊതുമാനദണ്ഡം ഏർപ്പെടുത്താൻ കഴിയാതെ കുഴയുകയാണ് കെപിസിസി നേതൃത്വം. കൊല്ലം ഡിസിസി അധ്യക്ഷനെ നിലനിർത്തണമെന്ന കൊടിക്കുന്നിൽ സുരേഷിൻ്റെ ആവശ്യം നേതൃത്വം തള്ളിയത് എംപിയെ അസ്വസ്ഥനാക്കി. പാലക്കാട് സുമേഷ് അച്യുതനെ പരിഗണിക്കുന്നതിൽ വി.കെ ശ്രീകണ്ഠന് എതിർപ്പുണ്ട്. എംപിമാർക്ക് നിക്ഷിപ്ത താൽപര്യമില്ലെന്നാണ് കെപിസിസി അധ്യക്ഷൻ്റെ പരസ്യ നിലപാട്.
സംഘടനാ പ്രവർത്തനത്തിൽ നിന്നും വിട്ടുനിൽക്കുന്നയാളുടെ പേര് കാസർക്കോട് ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തിയതിലും എതിർപ്പ് ശക്തമായി. പുനസംഘടന കീറാമുട്ടിയായതോടെ യാത്ര റദ്ദാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഡൽഹിയിൽ തങ്ങുകയാണ്. ഇന്ന് വൈകിട്ട് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി ചർച്ച നടത്തി കുരുക്ക് അഴിക്കാമെന്ന വിശ്വാസത്തിലാണ് സംസ്ഥാന നേതൃത്വം.
Adjust Story Font
16

