Quantcast

'അദ്ദേഹത്തിനാണോ ഈ ലോകത്ത് വേദികൾക്ക് ദൗർലഭ്യം?'; തരൂരിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതിനെതിരെ ശബരീനാഥൻ

സംഘ്പരിവാറും മതേതരത്വവും എന്ന വിഷയത്തിൽ നാളെ കോഴിക്കോട് നടക്കാനിരിക്കുന്ന സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയത് കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടൽ മൂലമാണെന്നാണ് വിവരം.

MediaOne Logo

Web Desk

  • Updated:

    2022-11-19 15:56:40.0

Published:

19 Nov 2022 3:46 PM GMT

അദ്ദേഹത്തിനാണോ ഈ ലോകത്ത് വേദികൾക്ക് ദൗർലഭ്യം?; തരൂരിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതിനെതിരെ ശബരീനാഥൻ
X

കോഴിക്കോട്: ശശി തരൂരിന് അപ്രഖ്യാപിത വിലക്കെന്ന വാർത്തകൾക്കിടെ പരസ്യ പ്രതികരണവുമായി കെ.എസ് ശബരീനാഥൻ. നാളെ കോഴിക്കോട് നടക്കാനിരുന്ന സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയ സാഹചര്യത്തിലാണ് ശരീനാഥന്റെ വിമർശനം. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് പരിപാടിയിൽനിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയതെന്നാണ് വിവരം. എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ പിന്തുണച്ച നേതാവാണ് ശബരീനാഥൻ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

"സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ നടത്താൻ ഉദ്ദേശിച്ചിരുന്ന പ്രോഗ്രാം കോൺഗ്രസ് പാർട്ടിയുടെ നിലപാട് തന്നെയാണ് . മലബാറിന്റെ മണ്ണിൽ കോൺഗ്രസിന്റെ മതേതര സ്വഭാവം ഉയർത്തികാട്ടുവാൻ ഈ പ്രോഗ്രാമിലൂടെ ഡോ: ശശി തരൂരിന് കഴിയുമായിരുന്നു. എന്നാൽ ഈ പ്രോഗ്രാം മാറ്റുവാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നിർദേശം വന്നു എന്ന് മാധ്യമങ്ങൾ മുഖാന്തരം അറിഞ്ഞു.

മഹാരാഷ്ട്രയുടെ മണ്ണിൽ ഭാരത് ജോടോ യാത്രയുടെ ഭാഗമായി സവർക്കർക്കെതിരെ ഇന്നലെ രാഹുൽ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകൾ പാർട്ടിക്ക് ആവേശം നൽകുമ്പോൾ ഇവിടെ എന്തിനാണ് ഈ നടപടി ? സമാനമായ ആശയമല്ലേ ഈ വേദിയിൽ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് MPയായി മൂന്ന് വട്ടം വിജയിച്ച ശ്രീ ശശി തരൂരും പങ്കിടുമായിരുന്നത്...അത് കോൺഗ്രസിന് നൽകുന്ന രാഷ്ട്രീയ പ്രാധാന്യം എന്ത് മികവുറ്റതാകുമായിരുന്നു.

പിന്നെ,അദ്ദേഹത്തിനാണോ ഈ ലോകത്തിൽ വേദികൾക്ക് ദൗർലഭ്യം? ഈ വിവാദം ഒഴിവാക്കാമായിരുന്നു.

അതേസമയം പരിപാടിക്ക് വിലക്കില്ലെന്ന് ശശി തരൂർ പ്രതികരിച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരിപാടി മാറ്റിയതെന്നാണ് യൂത്ത് കോൺഗ്രസ് പറഞ്ഞത്. തനിക്കാരെയും ഭയമില്ല. പര്യടനത്തിന് അനാവശ്യ പ്രാധാന്യം നൽകുന്നുവെന്നും തരൂർ പറഞ്ഞു.

അടുത്ത മൂന്ന് ദിവസങ്ങളിലായി മലബാറിൽ നടത്തുന്ന സന്ദർശനത്തിന്റെ ഭാഗമായാണ് പരിപാടി നടത്താൻ തീരുമാനിച്ചത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തുടങ്ങിയ ജില്ലകളിലാണ് തരൂർ സന്ദർശനം നടത്തുന്നത്.

KS

TAGS :

Next Story