കെ.എസ്.ഇ. ബിയിലെ ഉദ്യോഗസ്ഥ പോര്; പരാതികൾ ലഭിച്ചില്ലെന്ന് വൈദ്യുതി മന്ത്രി
സർക്കാരിന് ഇടപെടാൻ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ചു പ്രശ്‌നം തീർക്കാൻ ശ്രമിക്കുമെന്നും മന്ത്രി

തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാനും ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തിൽ ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. 'കെ.എസ്.ഇ.ബി കമ്പനി ആയത് കൊണ്ട് ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ട്. നയപരമായ തീരുമാനങ്ങൾ എടുക്കാൻ മാത്രമേ സർക്കാരിന് അധികാരമുള്ളു.എന്നാൽ ഇവരുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടില്ല. മുഖ്യമന്ത്രിയുമായി സംസാരിച്ചു പ്രശ്‌നം തീർക്കാൻ ശ്രമിക്കുമെന്നും' മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയറായിരുന്ന ജാസ്മിൻ ബാനുവിനെ സസ്‌പെൻറ് ചെയ്തതിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബിയിലെ ഇടത് സർവീസ് സംഘടന ഇന്ന് ചെയർമാനെതിരെ സമരം നടത്തുകയാണ്. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമരം നേരിടാൻ ചെയർമാൻ ബി.അശോക് ഡയസ്‌നോൺ പ്രഖ്യാപിച്ചു.
ഉച്ച വരെയാണ് കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ പ്രതിഷേധം നടത്തുന്നത്. ഇത് രണ്ടാം തവണയാണ് ചെയർമാൻ ബി.അശോകനെതിരെ പ്രത്യക്ഷ സമരവുമായി ഇടത് സർവീസ് സംഘടനയെത്തുന്നത്. കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻറെ സംസ്ഥാന ഭാരവാഹി കൂടിയായ ജാസ്മിൻ ബാനുവിനെ അകാരണമായി സസ്‌പെൻറു ചെയ്തതതാണെന്നും സ്ത്രീത്വത്തെ അവഹേളിക്കുന്ന നിലയിൽ ചെയർമാൻ നിലപാട് സ്വീകരിച്ചെന്നുമാണ് സംഘടനയുടെ പരാതി.
ബോർഡ് അനുവാദമില്ലാതെ ജാസ്മിൻ ബാനു ലീവെടുത്ത് സംസ്ഥാനത്തിന് പുറത്തുപോയതിനാണ് സസ്‌പെൻഡ് ചെയ്തതെന്ന് ചെയർമാൻ പറയുമ്പോൾ നിയമാനുസൃതമായിട്ടാണ് ലീവെടുത്തതെന്നും പകരം ചുമതല കൈമാറിയതാണെന്നും സംഘടന വാദിക്കുന്നു. ജീവനക്കാരും ചെയർമാനും തമ്മിൽ തുടരെ തുടരെയുണ്ടാകുന്ന തർക്കം ബോർഡിന്റെ ദൈനംദിന പ്രവർത്തനത്തെ താളം തെറ്റിക്കുകയാണ്. ചെയർമാന്റെ ഏകാധിപത്യ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഇടത് സർവീസ് സംഘടനകളും ട്രേഡ് യൂണിയനും മുമ്പ് ദ്വിദിന പണിമുടക്ക് നടത്തിയത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു.
Adjust Story Font
16

