Quantcast

ജിഎൻഎയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ അതൃപ്തി; രണ്ട് ഡയറക്ടർമാർ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചു

നിയമപരമല്ലാത്ത ഒരു കാര്യവും ചെയ്യില്ലെന്ന് ഡയറകടര്‍മാര്‍

MediaOne Logo

Web Desk

  • Updated:

    2026-11-06 02:13:19

Published:

6 Nov 2026 6:39 AM IST

ജിഎൻഎയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ അതൃപ്തി; രണ്ട് ഡയറക്ടർമാർ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചു
X

തിരുവനന്തപുരം: ജിഎൻഎയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ കെഎസ്ഇബിയിലെ ഡയറക്ടര്‍മാര്‍ക്ക് അതൃപ്തി. കെഎസ്ഇബിയിലെ രണ്ട് ഡയറക്ടര്‍മാര്‍ പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചു. അമിത സമ്മര്‍ദം താങ്ങാനാവുന്നില്ലെന്നാണ് ഡയറക്ടര്‍മാര്‍ക്കിടയിലെ ചര്‍ച്ച. നിയമപരമല്ലാത്ത ഒരു കാര്യവും ചെയ്യില്ലെന്നും ഡയറകടര്‍മാര്‍ക്കിടയില്‍ ധാരണ. കെഎസ്ഇബിയില്‍ നിന്നുള്ള ഫിനാന്‍സ് ഡയറകടര്‍ മാത്രമാണ് സ്ഥിരം ഡയറക്ടര്‍. ബാക്കി നാല് പേരും ചീഫ് എന്‍ജിനീയര്‍മാരാണ്. അവര്‍ക്ക് ഡയറക്ടറുടെ അധിക ചുമതല കൊടുത്തിട്ടുള്ളതാണ്.

ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങണോ അതോ ജിഎൻഎ വഴി വാങ്ങണോ എന്ന കാര്യത്തിൽ സർക്കാരും കെഎസ്ഇബിയും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഹിമാചൽ പ്രദേശ് വഴിയുള്ള വൈദ്യുതി കരാറാണ് സംസ്ഥാനത്തിന് ഗുണകരമെന്ന് കെഎസ്ഇബിയും വൈദ്യുതി വകുപ്പും വാദിക്കുമ്പോൾ, ജിഎൻഎ വഴിയുള്ള കരാറാണ് ലാഭകരമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം. ജിഎൻഎ വഴി കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാണെന്നതാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

കെഎസ്ഇബിയുടെ നിലപാടിനെ മുഖ്യമന്ത്രി പരസ്യമായി തള്ളുകയും, വൈദ്യുതി ഉൽപ്പാദനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് ആരോപിക്കുകയും ചെയ്തതാണ് ഭിന്നത രൂക്ഷമാക്കിയത്. മുഖ്യമന്ത്രിയുടെ ഇടപെടലുകളിൽ പ്രതിഷേധിച്ചാണ് രണ്ട് ഡയറക്ടർമാർ തങ്ങളുടെ പദവികളിൽ നിന്ന് മാറിനിൽക്കാൻ സന്നദ്ധത അറിയിച്ചത്. വൈദ്യുതി കരാറിലെ തർക്കം കോൺഗ്രസിനുള്ളിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. വിവാദം എങ്ങനെ പരിഹരിക്കുമെന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.

അതേസമയം, പീക്ക് അവറില്‍ കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്ന വാദം തെറ്റെന്ന് കെഎസ്ഇബി ചെയര്‍മാന്റെ കുറിപ്പ് പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ കുറിപ്പിലാണ് ഓരോ മാസവും ലഭിക്കുന്ന പീക്ക് അവര്‍ സപ്ലൈ കണക്ക് വിശദീകരിക്കുന്നത്.

ഫെബ്രുവരിയില്‍ 193 MW, ജനുവരിയില്‍ 213 MW എന്നിങ്ങനയേ ലഭിക്കൂവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. പീക്ക് ഹവര്‍ ലഭ്യത സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരണം ചോദിച്ചപ്പോഴാണ് കെഎസ്ഇബി ചെയര്‍മാന്‍ പുതിയ കുറിപ്പ് നല്‍കിയത്. പീക്ക് അവറില്‍ ഉള്‍പ്പടെ 500 mw വൈദ്യുതിയാണ് ജിഎന്‍എ നല്‍കുന്ന വാഗ്ദാനം.

അതേസമയം, ഇ-ടെന്‍ഡര്‍ വിളിക്കാതെ ജിഎന്‍എയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിന് സംസ്ഥാന റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം കിട്ടുമോ എന്നതില്‍ സംശയം നിഴലിക്കുന്നുണ്ട്. അഞ്ച് ലക്ഷം രൂപക്ക് മുകളിലുള്ള വൈദ്യുതി വാങ്ങല്‍ കരാറുകള്‍ക്ക് ഇ-ടെന്‍ഡറിങ് നിര്‍ബന്ധമാണ്.

കേന്ദ്ര റെഗുലേറററി കമ്മീഷന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി ബിസിനസ് നടത്തിയതിന് ജിഎന്‍എ സെബിയുടെ വിലക്കും നേരിടുന്നുണ്ട്. ഗുരുതര അന്വേഷണം നേരിടുന്ന ജിഎന്‍എയുമായിട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപാട് എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ഹിമാചലില്‍ നിന്ന് 1280 മെഗാവാട്ട് വൈദ്യുതിയാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഉയര്‍ന്ന വില ആവശ്യപ്പെട്ടുകൊണ്ടുള്ള ഹിമാചലില്‍ നിന്നുള്ള കത്ത് സംസ്ഥാന വൈദ്യുതി മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറുകയും തുടര്‍ന്ന് സര്‍ക്കാര്‍ അതൃപ്തി അറിയിക്കുകയുമായിരുന്നു.

TAGS :

Next Story