'ബജറ്റിൽ തെറ്റായ കണക്കുകൾ'; കെഎസ്ഇബി ചെയർമാനെതിരെ വീണ്ടും ഓഫീസേഴ്‌സ് അസോസിയേഷൻ
കെഎസ്ഇബിയുടെ ബജറ്റിൽ റവന്യൂ വരവ് പെരുപ്പിച്ചു കാട്ടി ബോർഡിനെ തെറ്റിദ്ധരിപ്പിച്ചെന്നും ഇത് ഗുരുതരമായ കൃത്യവിലോപവും സ്ഥാപനത്തിന്റെ ഭാവിയേപ്പോലും ബാധിക്കുന്നതുമാണന്നെും ഓഫീസേഴ്‌സ് അസോസിയേഷൻ ആരോപിക്കുന്നു.

തിരുവനന്തപുരം: കെഎസ്ഇബി ബജറ്റിൽ തെറ്റായ കണക്കുകൾ ഉൾപ്പെടുത്തി തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന സിഎംഡിക്കും ഡയറക്ടർ ഫിനാൻസിനുമെതിരെ നടപടി സ്വീകരിക്കണമെന്ന് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കെഎസ്ഇബിയുടെ 2021-22 വർഷത്തേക്കുള്ള പുതുക്കിയ ബജറ്റും 22-23 വർഷത്തേക്കുള്ള ബ്ജറ്റ് എസ്റ്റിമേറ്റും ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മാർച്ച് 14ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് ഈ രേഖകൾ അംഗീകരിച്ചത്. 2021-22 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കെഎസ്ഇബി. ലിമിറ്റഡിന്റെ താരീഫിൽ നിന്നുള്ള വരുമാനം (അന്തർ സംസ്ഥാന വിൽപന ഒഴികെ) 15,644 കോടി രൂപയായിരിക്കേ 2022-23 ൽ നിലവിലുള്ള താരിഫ് അനുസരിച്ചുള്ള വരുമാനം 17,323 കോടി രൂപയാകുമെന്നാണ് ബജറ്റിൽ കാണിച്ചിരിക്കുന്നത്. വരുമാനം ഇങ്ങിനെ പെരുപ്പിച്ചു കാട്ടിയതിന്റെ ഫലമായി 2022-23 ൽ 496 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താരിഫ് വരുമാനത്തിൽ 12 ശതമാനത്തോളം വർധനവുണ്ടാകുമെന്നാണ് ഇതനുസരിച്ച് കാണുന്നത്. വൈദ്യുതി വിതരണത്തിൽ ഈ നിലയിൽ വർധനയുണ്ടാകാതെ വരുമാനത്തിൽ മാത്രം ഇങ്ങനെ വർധനയുണ്ടാകുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ലെന്ന് ഓഫീസേഴ്‌സ് അസോസിയേഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ബജറ്റിന്റെ പേജ് 22 ൽ ഇതുസംബന്ധിച്ചുള്ള കണക്കുകൾ നൽകിയിട്ടുണ്ട്. ഗാർഹിക ഉപഭോക്താക്കളിൽ നിന്നുള്ള വരുമാനം താരിഫ് വർധിപ്പിക്കാതെ തന്നെ 6,255 കോടി രൂപയിൽ നിന്നും 6,874 കോടിയായി വർധിക്കും എന്ന് കണക്കാക്കിയിരിക്കുന്നു. വാണിജ്യ വിഭാഗത്തിൽ നിന്നുള്ള വരുമാനം 3,492 കോടി രൂപയിൽ നിന്നും 3,973 കോടിയായി വർധിക്കും എന്നും കണക്കാക്കുന്നു. HT & EHT വിഭാഗത്തിൽ 3650 കോടിയിൽ നിന്നും 3916 കോടിയായി വർധിക്കും എന്നാണ് കണക്ക്. കെഎസ്ഇബി ലിമിറ്റഡ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചിട്ടുള്ള കണക്കുകളേക്കാൾ 664 മില്യൺ യൂണിറ്റ് വൈദ്യുതി അധികം വിതരണം ചെയ്യും എന്ന നിലയിലാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. എആർആർ പെറ്റീഷനിൽ വൈദ്യുതി ഉപഭോഗത്തിൽ അഞ്ചുശതമാനത്തോളം വർധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുമ്പോൾ ബജറ്റിൽ 7.5 ശതമാനം ഉപഭോഗ വർധനവാണ് പ്രതീക്ഷിക്കുന്നത്. മുൻകാലങ്ങളിലെ ഉപഭോഗ വർധനവുകളുടെ കണക്കുകളനുസരിച്ച് എആർആർ കണക്കുകൾ വസ്തുതയുമായി ചേർന്നു നിൽക്കുന്നതാണ്. എന്നാൽ ബജറ്റിലെ കണക്കുകളുടെ അടിസ്ഥാനമെന്തെന്ന് മനസ്സിലാകുന്നില്ല.
ബജറ്റുപ്രകാരമുള്ള കണക്കുകൾ തന്നെ ശരിയെന്ന നിലയിലെടുത്താലും ഓരോ ഉപഭോക്തൃ വിഭാഗത്തിലും ഉണ്ടാകുന്ന ഉപഭോഗ വർധനവിനേക്കാളും വലിയ വർധനവാണ് വരുമാനത്തിൽ കാണിച്ചിട്ടുള്ളത്. ഉദാഹരണത്തിന് ഗാർഹിക മേഖലയിൽ 6.5 ശതമാനം ഉപഭോഗ വർധനവ് കാണിച്ചിട്ടുണ്ട്. പക്ഷേ 10 ശതമാനം വരുമാന വർധനവാണ് പ്രതീക്ഷിക്കുന്നത്. എച്ച്.ടി./ ഇ.എച്ച്.ടി മേഖലയിൽ നാല് ശതമാനം ഉപഭോഗവർധനവ് പ്രതീക്ഷിക്കുമ്പോൾ വരുമാനം 7.5ശതമാനം കൂടുമെന്ന് ബജറ്റുകണക്കുകൾ പറയുന്നു. മൊത്തത്തിൽ വൈദ്യുതി ബോർഡ് ലാഭകരമായി പ്രവർത്തിക്കുന്നു എന്ന് സ്ഥാപിക്കുന്നതിന് വരുമാനം പെരുപ്പിച്ചു കാണിക്കുന്ന സമീപനമാണ് ബജറ്റിൽ ഉള്ളത്. കെഎസ്ഇബി ലിമിറ്റഡ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനു മുന്നിൽ താരീഫ് പെറ്റീഷൻ സമർപ്പിച്ച് അതിന്റെ പൊതുതെളിവെടുപ്പ് നടന്നു വരുന്ന സന്ദർഭത്തിൽ അതിലെ കണക്കുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കണക്ക് ബജറ്റിന്റെ ഭാഗമായി നൽകുന്നത് എങ്ങിനെയെന്ന് മനസ്സിലാകുന്നില്ല. ബജറ്റിലെ തെറ്റായ ഈ കണക്കാക്കൽ കെഎസ്ഇബി. ലിമിറ്റഡ് റഗുലേറ്ററി കമ്മീഷനു മുന്നിൽ നൽകിയ പെറ്റീഷൻ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. കെഎസ്ഇബിയുടെ ബജറ്റിൽ റവന്യൂ വരവ് പെരുപ്പിച്ചു കാട്ടി ബോർഡിനെ തെറ്റിദ്ധരിപ്പിച്ചെന്നും ഇത് ഗുരുതരമായ കൃത്യവിലോപവും സ്ഥാപനത്തിന്റെ ഭാവിയേപ്പോലും ബാധിക്കുന്നതുമാണന്നെും വാർത്താകുറിപ്പിൽ ആരോപിക്കുന്നു. വീഴ്ചക്ക് ഉത്തരവാദിയായ ചെയർമാനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വാർത്താക്കുറിപ്പിൽ ആവശ്യപ്പെടുന്നു.
Adjust Story Font
16

