Quantcast

അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും എങ്ങുമെത്താതെ KSEBയുടെ 'എബിസി' ലൈൻ പദ്ധതി

2023 ൽ വൈദ്യുതി മന്ത്രി പ്രഖ്യാപിച്ച പദ്ധതി ഇഴഞ്ഞ് നീങ്ങുന്നു

MediaOne Logo

Web Desk

  • Published:

    19 July 2025 7:42 AM IST

അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും എങ്ങുമെത്താതെ KSEBയുടെ എബിസി ലൈൻ പദ്ധതി
X

പാലക്കാട്:വൈദ്യുതി ലൈനുകളിൽ നിന്നുള്ള അപകടങ്ങൾ തുടർക്കഥയായിട്ടും വൈദ്യുതി അപകടങ്ങൾ തടയാനുള്ള ഇൻസുലേറ്റഡ് രീതിയായ 'എബിസി' ലൈന്‍ നടപ്പാക്കല്‍ എങ്ങുമെത്തിയില്ല. മുഴുവന്‍ ലൈനും 'എബിസി'യിലേക്ക് മാറ്റുമെന്നായിരുന്നു 2023 ൽ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി യുടെ പ്രഖ്യാപനം. എന്നാൽ രണ്ട് വർഷം പിന്നിടുമ്പോഴും ഇത് പകുതി പോലും നടപ്പാക്കാൻ സാധിച്ചിട്ടില്ല.

കൊല്ലത്ത് എട്ടാംക്ലാസുകാരന് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ ദൃശ്യം കണ്ട് കേരളമാകെ നടുങ്ങിയതാണ്. വൈദ്യുതി ലൈനില്‍ തൊട്ടതാണ് ഷോക്കേല്‍ക്കാന്‍ കാരണം. എന്നാല്‍ തൊട്ടാല്‍ ഷോക്കേല്‍ക്കുന്ന വൈദ്യുതി ലൈന്‍ വലിക്കുന്ന രീതി മാറി ഇൻസുലേറ്റഡ് രീതിയായ എ ബി സി ലൈന്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ട് വർഷം രണ്ടായി.

ആദ്യ ഘട്ട ചിലവ് മാറ്റി നിർത്തിയാല്‍ തുടർചിലവുകള്‍ കുറവാണ് ഈ രീതിക്ക്. വൈദ്യുതി പ്രസരണ നഷ്ടവും കുറയും. ചിലവ് കൂടിയ പദ്ധതിയായതിനാലാണ് 'എ ബി സി' രീതി പൂർണ്ണമായും നടപ്പാക്കാൻ കാലതാമസം നേരിടുന്നതെന്നാണ് കെ എസ് ഇ ബി യുടെ വിശദീകരണം. കെട്ടിടങ്ങൾക്ക് സമീപമുള്ള പഴയ വൈദ്യുതി ലൈനുകൾ 'എബിസി' കേബിളുകളാക്കി മാറ്റാൻ കെട്ടിട ഉടമ പണം നൽകണമെന്ന KSEB നയവും പദ്ധതി നടത്തിപ്പ് വൈകിപ്പിക്കുന്നുണ്ട്. 'എബിസി' വയറിംഗ് നടപ്പാക്കിയിരുന്നെങ്കിൽ കൊല്ലത്തെ മിഥുന്റെ മരണം ഒഴിവാക്കാമായിരുന്നു. മറ്റൊരു ജീവനെടുക്കാന്‍ കാത്തു നില്‍ക്കാതെ 'എബിസി' ലൈനിങ് രീതിയിലേക്ക് കെഎസ് ഇബി മാറുമോ എന്നാണ് ഇനിയുള്ള ചോദ്യം.


TAGS :

Next Story