കോണ്‍ഗ്രസ് അനുകൂല വാരികയില്‍ ലേഖനമെഴുതി; കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെ അച്ചടക്ക നടപടി
ലേഖനം സർക്കാർ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇയാളെ തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് സ്ഥലംമാറ്റി

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ മുഖപത്രത്തില്‍ ലേഖനമെഴുതിയതിന് കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെ അച്ചടക്ക നടപടി. സര്‍ക്കാര്‍ വിരുദ്ധ നടപടിയെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ചീഫ് ഓഫീസിലെ എസ്റ്റേസ്റ്റ് വിഭാഗം അസിസ്റ്റന്റ് ശിവകുമാറിനെതിരെയാണ് നടപടി. ഇയാളെ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് സ്ഥലം മാറ്റി. അച്ചടക്ക നടപടിയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
'കെഎസ്ആര്‍ടിസി; പ്രതിസന്ധികളില്‍ നിന്ന് പ്രത്യാശയിലേക്ക് ഒരു പുനര്‍വിചിന്തനം' എന്ന തലക്കെട്ടില്‍ കോൺഗ്രസ് അനുകൂല വാരികയിലെഴുതിയ ലേഖനത്തിന്റെ പേരിലാണ് നടപടി. നിലവില്‍ കെഎസ്ആര്‍ടിസി നേരിടുന്ന കെടുകാര്യസ്ഥതയില്‍ നിന്ന് മോചിപ്പിച്ച് ഈ പ്രസ്ഥാനത്തെ കൈപിടിച്ചുയര്‍ത്താന്‍ വ്യക്തമായ കാഴ്ചപ്പാടുള്ള നേതൃത്വം അനിവാര്യമാണെന്നും യുഡിഎഫിന്റെ വികസനമാതൃകകള്‍ക്ക് കെഎസ്ആര്‍ടിസിയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനാകുമെന്ന് പ്രതീക്ഷിക്കാമെന്നും ലേഖനത്തിലുണ്ട്. കൃത്യസമയത്ത് ലഭിക്കാത്ത ശമ്പളം, പെന്‍ഷന്‍, കട്ടപ്പുറത്തിരിക്കുന്ന ബസുകള്‍, കടക്കെണി എന്നിങ്ങനെ നിലവില്‍ കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധികള്‍ എണ്ണിയെണ്ണി പറയുന്നുണ്ട് ലേഖനത്തില്‍.
ശിവകുമാറിന്റെ ലേഖനം സർക്കാർ വിരുദ്ധമാണെന്നും പൊതുസമൂഹത്തിലും ജീവനക്കാര്‍ക്കിടയിലും കോര്‍പറേഷനെ കുറിച്ചുള്ള അവമതിപ്പ് സൃഷ്ടിക്കാന്‍ ഇടയാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്‍റിന്‍റെ അച്ചടക്കനടപടി.
പ്രതിപക്ഷ യൂണിയനായ ടിഡിഎഫിന്റെ തിരുവനന്തപുരം നോര്‍ത്ത് ജില്ലാ സെക്രട്ടറിയുമാണ് ശിവകുമാര്‍. അച്ചടക്കനടപടിക്ക് പിന്നാലെ ചീഫ് ഓഫീസിന് മുന്‍പില്‍ കടുത്ത പ്രതിഷേധവുമായി ടിഡിഎഫ് യൂണിയന്‍ തടിച്ചുകൂടി. ശിവകുമാറിനെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റിയത് അകാരണമായാണെന്നും വര്‍ക്കേഴ്‌സ് യൂണിയന്റെ നിലപാടാണ് ശിവകുമാര്‍ എഴുതിയതെന്നും എം.വിന്‍സെന്റ് എംഎല്‍എ പറഞ്ഞു.
'വര്‍ക്കേഴ്‌സ് യൂണിയന്റെ നിലപാടാണ് ലേഖനത്തിലുള്ളത്. ശിവകുമാറെന്ന വ്യക്തി അത് എഴുതിയെന്നേയുള്ളൂ. സംഘടനയുടെ നിലപാട് എങ്ങനെയാണ് മന്ത്രി ഗണേഷ്‌കുമാറിനെ അസ്വസ്ഥപ്പെടുത്തിയതെന്ന് മനസിലാവുന്നില്ല. ജീവനക്കാര്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ അതിനെ കുറിച്ച് എഴുതാന്‍ പാടില്ലെന്നുണ്ടോ? യുഡിഎഫ് കാലത്ത് കെഎസ്ആര്‍ടിസിയെ കുറിച്ചും മന്ത്രിമാര്‍ക്കെതിരെയും പലരും എഴുതിയിട്ടുണ്ട്. അവരെയൊന്നും പിരിച്ചുവിടുകയോ അച്ചടക്കനടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഗണേഷ്‌കുമാറിന്റെ പ്രശ്‌നം എന്താണെന്ന് മനസിലാവുന്നില്ല. സ്ഥലംമാറ്റത്തിന്റെ ഉത്തരവ് ഞങ്ങള്‍ അംഗീകരിക്കില്ല. മന്ത്രിയുടെ ധാര്‍ഷ്ട്യം അംഗീകരിക്കാനാവില്ല. ഉത്തരവ് പിന്‍വലിക്കാത്ത പക്ഷം കനത്ത സമരത്തിലേക്ക് കടക്കും. എം.വിൻസെന്‍റ് എംഎൽഎ കൂട്ടിച്ചേർത്തു.
Adjust Story Font
16

