Quantcast

'കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും വീഴ്ച സംഭവിച്ചു'; വടക്കഞ്ചേരി ബസപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ അന്തിമ റിപ്പോർട്ട്

ഇടതുവശത്തേക്ക് ഒതുക്കാതെയാണ് കെ.എസ്.ആർ.ടി.സി ബസ് ആളെ ഇറക്കാനായി വേഗത കുറച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2022-11-19 02:00:34.0

Published:

19 Nov 2022 1:59 AM GMT

കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും വീഴ്ച സംഭവിച്ചു; വടക്കഞ്ചേരി ബസപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ അന്തിമ റിപ്പോർട്ട്
X

പാലക്കാട്: വടക്കഞ്ചേരി ടൂറിസ്റ്റ് ബസപകടത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കും വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. മോട്ടോർ വാഹന വകുപ്പ് സർക്കാരിന് സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരനെതിരെയും കണ്ടെത്തലുള്ളത്.

വടക്കഞ്ചേരി അപകടത്തിനുശേഷം മോട്ടോർ വാഹന വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കെ.എസ്.ആർ.ടി.സിക്ക് വീഴ്ച സംഭവിച്ചതായി പറഞ്ഞിരുന്നില്ല. എന്നാൽ, അന്തിമ റിപ്പോർട്ടിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ഭാഗത്തും വീഴ്ച കണ്ടെത്തിയിരിക്കുകയാണ്. ഇടതുവശത്തേക്ക് ഒതുക്കാതെയാണ് കെ.എസ്.ആർ.ടി.സി ബസ് ആളെ ഇറക്കാനായി വേഗത കുറച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

കെ.എസ്.ആർ.ടി.സി ബസ് ആളെ ഇറക്കാൻ വേഗത കുറയ്ക്കുമ്പോൾ ഇൻഡിക്കേറ്റർ ഇട്ടിരുന്നില്ല. വളവിൽ പെട്ടെന്ന് വേഗത കുറച്ചതും അപകടകാരണമായി. ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയാണ് നിരവധി പേരുടെ മരണത്തിനിടയാക്കിയത്. ടൂറിസ്റ്റ് ബസിന് വേഗത കുറവായിരുന്നെങ്കിൽ ഇത്ര വലിയ അപകടം ഉണ്ടാകുമായിരുന്നില്ലെന്നും മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് വൻദുരന്തമുണ്ടായത്. വിദ്യാർഥികളടക്കം ഒൻപതുപേരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കെ.എസ്.ആർ.ടി.സിക്കും വീഴ്ച സംഭവിച്ചതായി നേരത്തെ നാക്പാക്ക് സംഘവും കണ്ടെത്തിയിരുന്നു.

Summary: ''KSRTC bus driver also made mistakes in the Palakkad Vadakkanchery tourist bus accident'', states the final report submitted by the Department of Motor Vehicles to the Kerala government

TAGS :

Next Story