Quantcast

ഈ മാലിന്യം താമരയ്ക്ക് വളമാകില്ല; രാഷ്ട്രീയമാലിന്യങ്ങൾക്ക് തീപിടിപ്പിക്കുന്നവരെ നേതൃത്വം തിരിച്ചറിയണം- കെ.എസ്.യു

'അനിൽ ആന്റണിയെ പോലെയുള്ള മാലിന്യത്തിനു തീപിടിക്കുമ്പോൾ ഉണ്ടാകുന്ന വിഷപ്പുക ശ്വസിക്കേണ്ടി വരുന്നത് ഗ്രൗണ്ടിലും സൈബറിടത്തും പണിയെടുക്കുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകർക്കാണെന്ന് നേതൃത്വം തിരിച്ചറിയണം.'

MediaOne Logo

Web Desk

  • Updated:

    2023-04-06 11:23:39.0

Published:

6 April 2023 11:22 AM GMT

അനില്‍ ആന്‍റണിക്കെതിരെ കെ.എസ്.യു
X

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നതിൽ രൂക്ഷവിമർശനവുമായി കെ.എസ്.യു. രാഷ്ട്രീയമാലിന്യങ്ങളെ തിരിച്ചറിയാൻ നേതൃത്വത്തിനാകണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. രാഷ്ട്രീയമാലിന്യങ്ങൾക്ക് തീപിടിക്കുന്നത് പുതിയ വാർത്തയല്ലെന്നും തീപിടിപ്പിക്കുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ് പാർട്ടിയുടെ ചോരയും നീരും ഊറ്റിക്കുടിച്ചു വളർന്നുവന്ന അനിൽ ആന്റണിയെ പോലുള്ള ഇത്തിൾകണ്ണി മാലിന്യങ്ങൾക്ക് ചെന്നുവീഴാൻ പറ്റുന്ന ചെളിക്കുണ്ടാണ് ബി.ജെ.പി എന്ന് ഒരിക്കൽകൂടി തെളിഞ്ഞിരിക്കുകയാണ്. അനിൽ ആന്റണിയെ പോലെയുള്ള മാലിന്യത്തിനു തീപിടിക്കുമ്പോൾ ഉണ്ടാകുന്ന വിഷപ്പുക ശ്വസിക്കേണ്ടി വരുന്നത് ഗ്രൗണ്ടിലും സൈബറിടത്തും ആരുടെയും ഗ്രേസ്മാർക്ക് ഇല്ലാതെ, മെറിറ്റിൽ പണിയെടുക്കുന്ന സാധാരണ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്കാണെന്ന് നേതൃത്വം തിരിച്ചറിയണമെന്നും അലോഷ്യസ് സേവ്യർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അലോഷ്യസ് സേവ്യറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാഷ്ട്രീയമാലിന്യങ്ങൾക്ക് തീപിടിക്കുന്നത് പുതിയ വാർത്തയൊന്നുമല്ലല്ലോ. തീപിടിപ്പിക്കുന്നവരെ തിരിച്ചറിയുക. മാലിന്യമാണെന്ന് ഉറപ്പുള്ളതിനെ കൃത്യമായി വേസ്റ്റ്‌ബോക്‌സ് കിട്ടിയില്ലെങ്കിൽ, മാലിന്യക്കൂമ്പാരത്തിലെങ്കിലും നിക്ഷേപിക്കുക.. പരമപ്രധാനം മാലിന്യമേത്, മാലിന്യമുക്തമേത് എന്നു തിരിച്ചറിയാനുള്ള കഴിവാണ്. അത് നേതൃത്വത്തിന് ഉണ്ടാവണമെന്ന ഓർമ്മപ്പെടുത്താൽ കൂടിയാണീ സംഭവം.

അനിൽ ആന്റണിയെ പോലെയുള്ള മാലിന്യത്തിനു തീപിടിക്കുമ്പോൾ ഉണ്ടാകുന്ന വിഷപ്പുക ശ്വസിക്കേണ്ടി വരുന്നത് ഗ്രൗണ്ടിലും സൈബറിലും ആരുടെയും ഗ്രേസ്മാർക്ക് ഇല്ലാതെ, മെറിറ്റിൽ പണിയെടുക്കുന്ന സാധാരണ കോൺഗ്രസ്-യൂത്ത് കോൺഗ്രസ്-കെ.എസ്.യുക്കാർ ആണെന്ന് നേതൃത്വം തിരിച്ചറിയുമെന്ന് കരുതുകയാണ്.

കോൺഗ്രസ് പാർട്ടിയുടെ ചോരയും നീരും ഊറ്റിക്കുടിച്ചു വളർന്നുവന്ന അനിൽ ആന്റണിയെ പോലുള്ള ഇത്തിൾകണ്ണി മാലിന്യങ്ങൾക്ക് ചെന്നുവീഴാൻ പറ്റുന്ന ചെളിക്കുണ്ടാണ് ബി.ജെ.പി എന്ന് ഒരിക്കൽകൂടി തെളിഞ്ഞിരിക്കുകയാണ്. ഈ മാലിന്യം താമരയ്ക്ക് വളമാകുമെന്ന് ആരും കരുതേണ്ടതില്ല.

Summary: KSU state president Aloysius Xavier has criticized senior Congress leader AK Antony's son Anil K Antony for joining BJP

TAGS :

Next Story