Quantcast

ഏത് മുന്നണി മര്യാദയുടെ പേരിലാണെങ്കിലും സംഘടനയുടെ അസ്തിത്വത്തെ ചോദ്യംചെയ്യുന്നത് അംഗീകരിക്കാനാവില്ല: കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌

'കിട്ടിയ അവസരത്തിൽ പണി തരാൻ പറ്റുന്നവർ ആരുടെ തറവാട്ടിലാണുള്ളതെന്ന് ഇരുത്തി ചിന്തിക്കുന്നത് നന്നായിരിക്കും'

MediaOne Logo

Web Desk

  • Updated:

    2023-03-19 15:14:43.0

Published:

19 March 2023 3:11 PM GMT

ksu msf conflict after calicut university election
X

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ കെ.എസ്.യു വോട്ടു മറിച്ചെന്നാരോപിച്ച എം.എസ്.എഫ് നേതാക്കള്‍ക്ക് മറുപടിയുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.മുഹമ്മദ് ഷമ്മാസ്. ഏത് മുന്നണി മര്യാദയുടെ പേരിലാണെങ്കിലും സംഘടനയുടെ അസ്തിത്വത്തെ ചോദ്യംചെയ്യുന്ന ഒരു നിലപാടിനേയും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഹമ്മദ് ഷമ്മാസ് ഫേസ് ബുക്കില്‍ കുറിച്ചു.

തെരഞ്ഞെടുപ്പിൽ നേരിയ വോട്ടുകൾക്ക് യു.ഡി.എസ്.എഫ് പരാജയപ്പെട്ടതിന് പിന്നാലെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം കെ.എസ്.യു വിന് മേൽ കെട്ടിവെക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ഇത് എം.എസ്.എഫിലെ വിഭാഗീയതയുടെയും സംഘടനാ പ്രശ്നങ്ങളുടെയും ഫലമായി തെരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടാവാനിടയുള്ള പൊട്ടിത്തെറികളെ മറച്ചുവെക്കാനുള്ള മാർഗമാക്കി ഉപയോഗിച്ചതാണെങ്കിലും ശരി അത്തരം നീക്കങ്ങളെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാൻ കഴിയില്ല. കിട്ടിയ അവസരത്തിൽ പണി തരാൻ പറ്റുന്നവർ ആരുടെ തറവാട്ടിലാണ് ഉള്ളത് എന്ന് ഒന്ന് ഇരുത്തി ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും മുഹമ്മദ് ഷമ്മാസ് കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്.

ഇങ്ങനെ ഒരു എഫ്ബി പോസ്റ്റ്‌ ആഗ്രഹിച്ചിരുന്നതല്ല...

പക്ഷെ ........

സഹോദര വിദ്യാർഥി സംഘടനയിൽ നിന്നും ബോധപൂർവം ഉയർത്തിവിട്ട ഒരു കുപ്രചരണത്തിൽ യാഥാർഥ്യമറിയുന്ന അവരുടെ തന്നെ നേതൃത്വത്തിന്റെ മൗനം ചില തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ഇടയാക്കുന്നു എന്നത് കൊണ്ടാണ് ചില കാര്യങ്ങൾ വിശദീകരിക്കാൻ നിർബന്ധിതനാകുന്നത്.

കാലിക്കറ്റ്‌ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എം.എസ്.എഫ് ഒറ്റയ്ക്കല്ല മത്സരിച്ചത്. ചെയർമാനും വൈസ് ചെയർമാനും ഉൾപ്പടെയുള്ള പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിച്ച കെ.എസ്.യു സ്ഥാനാർഥികൾ ഉൾപ്പെടെ എല്ലാവരും ഒരുമിച്ച് യു.ഡി.എസ്.എഫ് സ്ഥാനാർത്ഥികൾ ആയിട്ടാണ് മത്സരിച്ചത്. അവിടെ ആര് പരാജയപ്പെട്ടാലും കെ.എസ്.യു ഉൾപ്പെടെയാണ് പരാജയപ്പെടുന്നത്.

തെരഞ്ഞെടുപ്പിൽ നേരിയ വോട്ടുകൾക്ക് യു.ഡി.എസ്.എഫ് പരാജയപ്പെട്ടതിന് പിന്നാലെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം കെ.എസ്.യു വിന് മേൽ കെട്ടിവെക്കാനുള്ള ഹിഡൻ അജണ്ടയുടെ ഭാഗമായുള്ള ആസൂത്രിത നീക്കം - അത് എം.എസ്.എഫിലെ വിഭാഗീയതയുടെയും സംഘടനാ പ്രശ്നങ്ങളുടെയും ഫലമായി തെരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടാവാനിടയുള്ള പൊട്ടിത്തെറികളെ മറച്ചു വെക്കാനുള്ള മാർഗമാക്കി ഉപയോഗിച്ചതാണെങ്കിലും ശരി അത്തരം നീക്കങ്ങളെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാൻ കഴിയില്ല.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാപ്പകലില്ലാതെ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്ക് ആത്മാർത്ഥമായി നേതൃത്വം നൽകിയ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്‌ പി.കെ നവാസിനോടുള്ള സ്നേഹം കൊണ്ട് തന്നെ പറയട്ടെ കിട്ടിയ അവസരത്തിൽ പണി തരാൻ പറ്റുന്നവർ ആരുടെ തറവാട്ടിലാണ് ഉള്ളത് എന്ന് ഒന്ന് ഇരുത്തി ചിന്തിക്കുന്നത് നന്നായിരിക്കും. തോറ്റത് സ്ഥാനാർത്ഥികൾ മാത്രമല്ല നയിച്ചവർ ആണെന്ന് അടക്കം പറഞ്ഞ് ചിരി കടിച്ചമർത്തിയവർ എവിടെയാണുള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പിന്നെ കെ.എസ്.യു സ്ഥാനാർത്ഥികൾക്ക് എം.എസ്.എഫ് സ്ഥാനാർത്ഥികളെക്കാൾ 4-5 വോട്ടുകൾ അധികം കിട്ടി എന്നുള്ളതാണല്ലോ പ്രശ്നം അത് കെ.എസ്.യുവിന്റെ പൊതു സ്വീകാര്യത കൊണ്ടാണ്. ഉയർത്തിപിടിക്കുന്ന പുരോഗമന ആശയങ്ങളും നവീന കാഴ്ചപ്പാടുകളും കൊണ്ടാണ്. ഒന്നോ രണ്ടോ ബാലറ്റുകളിൽ കെ.എസ്.യു സ്ഥാനാർത്ഥികൾക്ക് മാത്രം വോട്ട് ലഭിക്കുകയും മറ്റു വോട്ടുകൾ എസ്.എഫ്.ഐക്ക് ലഭിക്കുകയും ചെയ്തു എന്ന് പറയുന്ന ചുരുക്കം പ്രതിലോമ ചിന്ത മുറുകെ പിടിക്കുന്ന എം.എസ്.എഫ് സുഹൃത്തുക്കളോട്...അതെ അത് ശരിയാണ്

പക്ഷെ അത് നിങ്ങൾ കരുതുന്നത് പോലെ കെ.എസ്.യു വോട്ടുകൾ എസ്.എഫ്.ഐക്ക് ചെയ്തതല്ല മറിച്ച് എസ്.എഫ്.ഐ അനുഭാവം പുലർത്തുന്ന യു.യു.സി മാരുടെ വോട്ട് വ്യക്തിപരമായി ഞങ്ങളുടെ സ്ഥാനാർത്ഥികൾക്ക് സ്വാധീനിക്കാൻ കഴിഞ്ഞതാണ്. അങ്ങനെ വോട്ട് ചെയ്യാമെന്ന് സമ്മതിച്ചവരോട് അത് പറ്റില്ല മുഴുവൻ പാനലിനും വോട്ട് ചെയ്യില്ലെങ്കിൽ നിങ്ങളുടെ വോട്ട് ഞങ്ങൾക്ക് വേണ്ട എന്ന് പറയാൻ ഉള്ള വിശാലമനസ്കതയൊന്നും തത്കാലം ഞങ്ങൾക്കില്ല.

ഇനി ഏത് മുന്നണി മര്യാദയുടെ പേരിലാണെങ്കിലും സംഘടനയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ഒരു നിലപാടിനേയും മൗനവാല്മീകത്തെയും അംഗീകരിക്കാനും കഴിയില്ല. കൂടെ നടന്നവരുടെ ചോര വീഴ്ത്തിയവരുമായി ചേർന്ന് നിൽക്കാനും ചങ്ങാത്തം കൂടാനും മോഹിപ്പിക്കാനും വോട്ട് മറിക്കാനും മനസ്സുള്ളവരല്ല എന്തായാലും ഞങ്ങൾ എന്ന് കൂടെ ഓർമ്മിപ്പിക്കട്ടെ. അവധാനതയുണ്ടാവണം. ഏതിലും എന്തിലും. അകൽച്ചയുണ്ടാക്കാനല്ല അടുപ്പമുണ്ടാക്കാൻ പഠിക്കണം. ആ പഠനത്തിന് പുസ്തക താളുകളിലെ അക്ഷര കൂട്ടങ്ങളിൽ അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയണമെന്നില്ല. പൂർവ്വസൂരികൾ നടന്ന വഴിത്താരകളിലൂടെ എപ്പോഴെങ്കിലും നടക്കണം. പ്രശ്ന സങ്കീർണതകളെ കൈകാര്യം ചെയ്ത രീതി ശാസ്ത്രത്തിൻ്റെ ഗൗരവതരമായ പ്രായോഗിക ജ്ഞാനം ആർജ്ജിക്കാനുള്ള മികവാർന്ന അന്വേഷണത്വര അല്പമെങ്കിലും കാണിക്കണം.

TAGS :

Next Story