Quantcast

'ലീഗിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചത് ജലീലും സി.പി.എമ്മും': മുഈനലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റോടെ വിവാദങ്ങള്‍ അവസാനിച്ചെന്ന് പി.എം.എ സലാം

''പ്രതിപക്ഷത്തിരിക്കുമ്പോഴാണ് ലീഗ് ശക്തമാകുന്നത്, കൂടുതല്‍ വലുതാകുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം ലീഗ് പ്രതിപക്ഷത്തായിരുന്നു, ഒരു ക്ഷീണവും പറ്റിയിട്ടില്ല''

MediaOne Logo

ijas

  • Updated:

    2021-08-10 03:47:00.0

Published:

10 Aug 2021 3:36 AM GMT

ലീഗിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചത് ജലീലും സി.പി.എമ്മും: മുഈനലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റോടെ വിവാദങ്ങള്‍ അവസാനിച്ചെന്ന് പി.എം.എ സലാം
X

മുഈനലി തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പോടെ പാർട്ടിയിലുണ്ടായ വിവാദങ്ങൾ തീർന്നെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ കാത്തിരിക്കുന്നവർ നിരാശപ്പെടും. ലീഗിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചത് കെ.ടി ജലീലും സി.പി.എമ്മുമാണെന്നും പി.എം.എ സലാം മീഡിയവണിനോട് പറഞ്ഞു. ആരോടും വ്യക്തി വൈരാഗ്യമില്ലെന്നും പാർട്ടിയാണ് പ്രധാനമെന്നും മുഈൻ അലി തങ്ങൾ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.

മുഈനലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റോടെ ഈ അധ്യായം അവസാനിച്ചു. മുസ്‍ലിം ലീഗില്‍ ആഭ്യന്തര കലഹമുണ്ടാവും എന്ന് വിചാരിച്ച് വെള്ളം തിളപ്പിച്ച ആളുകള്‍ അത് എടുത്ത് വെക്കുകയാണ് ചെയ്തത്. നേരത്തെ പറഞ്ഞതാണ്, ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന്. മുസ്‍ലിം ലീഗില്‍ അഭിപ്രായം സ്വാതന്ത്രൃം വളരെ കൂടുതലുണ്ട്. അത് പലരും ഉപയോഗിക്കുമ്പോള്‍ തെറ്റിപോകുമ്പോള്‍ കണ്ടിട്ട് ആളുകള്‍ ഓടി വരികയാണ്. ഇപ്പോ പിളരും അവസാനിക്കും സംഘര്‍ഷമുണ്ടാകും എന്ന് വിചാരിച്ച്. ഇതൊന്നും ലീഗില്‍ സംഭവിക്കില്ല. കാരണം മുസ്‍ലിം ലീഗിനെ നയിക്കുന്നത് പാണക്കാട് തങ്ങന്‍മാരാണ്. ആ തങ്ങന്‍മാരുടെ മഹത്വം, ജനങ്ങള്‍ നല്‍കിയ വിശ്വാസം. അത് കാത്തുസൂക്ഷിക്കാന്‍ ഞങ്ങളും ബാധ്യസ്ഥരാണ്- പി.എം.എ സലാം പറഞ്ഞു.

ലീഗിലെ പ്രശ്നം രൂക്ഷമാകാന്‍ പല കാലത്തും സി.പി.എം ആഗ്രഹിച്ചതാണെന്നും അതൊന്നും പക്ഷേ ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളാണെന്നും പി.എം.എ സലാം പറഞ്ഞു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ആഭ്യന്തര കലഹം നമുക്കറിയാം. അത് കൊണ്ട് രക്തസാക്ഷികളായി ജീവിക്കുന്ന ആളുകള്‍ നിരവധിയുണ്ടല്ലോ. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ആഭ്യന്തര കലഹത്തിന് അടിമപ്പെട്ട് ജീവിതം തന്നെ നശിച്ചുപോയ മഹാരഥന്‍മാരായ ആളുകള്‍ ഇപ്പോഴും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ജീവിച്ചിരിക്കുന്നു. അവശേഷിക്കുന്നവര്‍ അവരുടെ രക്ഷസാക്ഷികളാണ്. അതൊന്നും ലീഗില്‍ ഒരിക്കലും ഇല്ലെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു.


പി.എം.എ സലാം മീഡിയവണിനോട് പറഞ്ഞത്:

അച്ഛന്‍ പത്തായത്തിലും കൂടിയില്ല എന്നതിന്‍റെ വകഭേദമാണിത്. ഇതിന്‍റെ പിന്നില്‍ ആദ്യം മുതലേ കളിച്ചത് മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികനായ കെ.ടി ജലീലാണ്. കെ.ടി ജലീലിനെയാണ് ന്യൂനപക്ഷ സംഘടനകളിലും മുസ്‍ലിം ലീഗിലുമൊക്കെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഉപയോഗിക്കാറ്. അതിന് വേണ്ടി തന്നെയാണ് അദ്ദേഹത്തെ പാര്‍ട്ടിയുടെ വരാന്തയില്‍ നിര്‍ത്തിയിരിക്കുന്നതും. ആദ്യം മുതല്‍ കെ.ടി ജലീലാണ് ഈ പ്രശ്നത്തില്‍ ഇടപ്പെട്ടതും മുഈനലി തങ്ങളുടെ പേരില്‍ നടപടിയെടുക്കാന്‍ ഞാന്‍ കാണിച്ചുതരാം എന്നുള്ള ഭീഷണിയൊക്കെ മുഴക്കിയതും. ഒരാവശ്യവുമില്ലാത്ത ഭീഷണിയായിരുന്നു അത്. അതോടുകൂടിയാണ് പാര്‍ട്ടിക്ക് ഇതില്‍ ഇടപെടേണ്ടി വന്നതും.

ഏതായിരുന്നാലും ആദരീണയനായ മുഈനലി തങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കുകയും ഇന്ന് അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ വ്യക്തമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. മുസ്‍ലിം ലീഗില്‍ അഭിപ്രായം വ്യത്യാസമുണ്ട് എന്നുള്ളത് കൊണ്ട് ഈ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ആരും വരേണ്ടതില്ല, ആരും ശ്രമിക്കേണ്ടതില്ലെന്ന് അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞു. പാര്‍ട്ടിയാണ് ഏറ്റവും വലുത് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഫേസ്ബുക്ക് പോസ്റ്റോടെ ഈ അധ്യായം അവസാനിച്ചു. മുസ്‍ലിം ലീഗില്‍ ആഭ്യന്തര കലഹമുണ്ടാവും എന്ന് വിചാരിച്ച് വെള്ളം തിളപ്പിച്ച ആളുകള്‍ അത് എടുത്ത് വെക്കുകയാണ് ചെയ്തത്. ഞാന്‍ നേരത്തെ പറഞ്ഞതാണ്, ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന്. മുസ്‍ലിം ലീഗില്‍ അഭിപ്രായം സ്വാതന്ത്രൃം വളരെ കൂടുതലുണ്ട്. അത് പലരും ഉപയോഗിക്കുമ്പോള്‍ തെറ്റിപോകുമ്പോള്‍ കണ്ടിട്ട് ആളുകള്‍ ഓടി വരികയാണ്. ഇപ്പോ പിളരും അവസാനിക്കും സംഘര്‍ഷമുണ്ടാകും എന്ന് വിചാരിച്ച്. ഇതൊന്നും ലീഗില്‍ സംഭവിക്കില്ല. കാരണം മുസ്‍ലിം ലീഗിനെ നയിക്കുന്നത് പാണക്കാട് തങ്ങന്‍മാരാണ്. ആ തങ്ങന്‍മാരുടെ മഹത്വം, ജനങ്ങള്‍ നല്‍കിയ വിശ്വാസം. അത് കാത്തുസൂക്ഷിക്കാന്‍ ഞങ്ങളും ബാധ്യസ്ഥരാണ്. അത് കൊണ്ട് തന്നെയാണ് ബഹുമാനപ്പെട്ട തങ്ങളുടെ മകന്‍റെ ഭാഗത്തും ഇങ്ങനെയൊരു പ്രസ്താവനകള്‍ വന്നപ്പോള്‍ ഞങ്ങളൊക്കെ വേദനിച്ചത്. പക്ഷേ അദ്ദേഹം ആ വേദനയും വിഷമവും ഒക്കെ മനസ്സിലാക്കി ഈ സംഘടനക്കും പ്രസ്ഥാനത്തിനും നേതൃത്വം നല്‍കുന്ന പാണക്കാട് തങ്ങന്മാരുടെ പാരമ്പര്യം ഉയര്‍ത്തിപിടിക്കുകയാണ് ചെയ്തത്. ഞങ്ങള്‍ക്ക് അതില്‍ വളരെയേറെ സന്തോഷമുണ്ട്. വളരുന്ന മുസ്‍ലിം സമുദായത്തിന്‍റെ, വളരുന്ന പുതിയ തലമുറക്ക് മുഈനലി തങ്ങളുടെ നേതൃത്വം ആവശ്യമുണ്ട്, അത് അദ്ദേഹം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ലീഗിലെ പ്രശ്നം രൂക്ഷമാകാന്‍ പല കാലത്തും സി.പി.എം ആഗ്രഹിച്ചതാണ്. അവരുടെ ആഗ്രഹങ്ങളാണ് പറയുന്നത്. പക്ഷേ ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളാണ് മുസ്‍ലിം ലീഗിനെ കുറിച്ച് അവര്‍ക്കുള്ളത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ആഭ്യന്തര കലഹം നമുക്കറിയാം. അത് കൊണ്ട് രക്തസാക്ഷികളായി ജീവിക്കുന്ന ആളുകള്‍ നിരവധിയുണ്ടല്ലോ. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ആഭ്യന്തര കലഹത്തിന് അടിമപ്പെട്ട് ജീവിതം തന്നെ നശിച്ചുപോയ മഹാരഥന്‍മാരായ ആളുകള്‍ ഇപ്പോഴും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ജീവിച്ചിരിക്കുന്നു. അവശേഷിക്കുന്നവര്‍ അവരുടെ രക്ഷസാക്ഷികളാണ്. അതൊന്നും ലീഗില്‍ ഒരിക്കലും ഇല്ല.

ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ എക്കാലത്തും സ്വീകരിക്കുന്ന പാര്‍ട്ടിയാണ് മുസ്‍ലിം ലീഗ്. കഴിഞ്ഞ ഭാരവാഹികളുടെയും എം.എല്‍.എമാരുടെയും യോഗം പത്ത് മണിക്കൂറാണ് ചര്‍ച്ച ചെയ്തത്. പ്രവര്‍ത്തക സമിതി രണ്ട് ദിവസവും മൂന്ന് ദിവസവും ചര്‍ച്ച ചെയ്തിട്ടുണ്ട്. അഭിപ്രായങ്ങള്‍ക്ക് സ്വാതന്ത്രൃമുള്ള പാര്‍ട്ടിയാണ്. പക്ഷേ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ എല്ലാവരും ആ തീരുമാനത്തോടൊപ്പം നില്‍ക്കും. കഴിഞ്ഞക്കാല മുസ്‍ലിം ലീഗിന്‍റെ ചരിത്രമതാണ്. ലീഗിന്‍റെ സംസ്ഥാന സെക്രട്ടറിക്ക് ലീഗിന്‍റെ ചരിത്രമറിയില്ല. അദ്ദേഹം അത് മറച്ചുവെക്കുകയാണ്. പ്രതിപക്ഷത്തിരിക്കുമ്പോഴാണ് ലീഗ് ശക്തമാകുന്നത്, കൂടുതല്‍ വലുതാകുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം ലീഗ് പ്രതിപക്ഷത്തായിരുന്നു, ഒരു ക്ഷീണവും പറ്റിയിട്ടില്ല. ലീഗിന് കൂടുതല്‍ ഊര്‍ജസ്വലത വരുന്ന കാലഘട്ടമാണ് പ്രതിപക്ഷത്തിരിക്കുമ്പോള്‍. ലീഗ് അതിശക്തമായി തന്നെ മുന്നോട്ടുപോകും.

TAGS :

Next Story