Quantcast

പഴയ ഡൽഹിയിലെ നാല് കടമുറികൾക്ക് മുകളിൽ വേണ്ടതല്ല ഖാഇദെ മില്ലത്ത് സൗധം; ഇതൊരു പഴയ ലീഗുകാരന്റെ അഭ്യർഥനയാണ്: കെ.ടി ജലീൽ

ലീഗ് പ്രവർത്തകർ ആറ്റുനോറ്റു കാത്തിരുന്ന ഖാഇദെ മില്ലത്ത് സൗധം 15000 സ്ക്വയർ ഫീറ്റിൽ ഒതുങ്ങുന്ന ഒരു കോൺഗ്രീറ്റ് കെട്ടിടമാക്കി പരിമിതപ്പെടുത്താനുള്ള ശ്രമം ലീഗ് നേതൃത്വം ഉപേക്ഷിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    2 Aug 2023 11:38 AM GMT

KT Jaleel about muslim league fund collection
X

കോഴിക്കോട്: മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സൗധം കൂടുതൽ വിപുലമായ പദ്ധതിയായി നടപ്പാക്കണമെന്ന് കെ.ടി ജലീൽ. സ്വന്തമായി സ്ഥലം വാങ്ങി എല്ലാ ആവശ്യങ്ങളും നിവർത്തിക്കുമാറ് നല്ലൊരു പ്ലാനുണ്ടാക്കി മനോഹരമായി പണിയേണ്ടതാണ് ഡൽഹിയിലെ ഖാഇദെമില്ലത്ത് സൗധം. ഓൾഡ് ഡൽഹിയിലെ ദരിയഗഞ്ചിൽ, ജുമാമസ്ജിന്റെ ആയിരം മീറ്റർ ദൂരത്ത്്, ഗോൾച്ച സിനിമ തിയേറ്ററിന് മുൻവശം ഒരു സി.ബി.എസ്.ഇ പുസ്തക കച്ചവടക്കാരനും ബിൽഡറുമായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒമ്പത് സെന്റ് സ്ഥലത്ത് വാണിജ്യാവശ്യത്തിനായി നിർമിച്ച് പൂർണമായും പണിതീരാതെ കിടക്കുന്ന 15000 സ്‌ക്വയർ ഫീറ്റ് കെട്ടിടം, പതിനെട്ടോ പത്തൊമ്പതോ കോടി കൊടുത്ത് വിലക്കെടുത്ത് തട്ടിക്കൂട്ടേണ്ടതല്ല ലീഗിന്റെ ദേശീയ ആസ്ഥാനം. ശിലാസ്ഥാപനം പോലും നടക്കാതെ ഉദ്ഘാടനത്തിനൊരുങ്ങുന്ന കൊമേഴ്‌സ്യൽ ബിൽഡിങ്ങിൽ ഇസ്മായിൽ സാഹിബിന്റെ ചൈതന്യമുണ്ടാകുമെന്ന് വിശ്വസിക്കാനാവില്ലെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ദരിയാ ഗഞ്ചിലെ കൊമേഴ്സ്യൽ കെട്ടിടത്തിൽ ഖാഇദെമില്ലത്തിൻ്റെ ചൈതന്യം ഉണ്ടാവില്ല!

സ്വന്തമായി സ്ഥലം വാങ്ങി എല്ലാ ആവശ്യങ്ങളും നിവർത്തിക്കുമാറ് നല്ലൊരു പ്ലാനുണ്ടാക്കി മനോഹരമായി പണിയേണ്ടതാണ് ഡൽഹിയിലെ ഖാഇദെമില്ലത്ത് സൗധം. ഓൾഡ് ഡൽഹിയിലെ ദരിയഗഞ്ചിൽ, ജുമാമസ്ജിൻ്റെ ആയിരം മീറ്റർ ദൂരത്ത്, ഗോൾച്ച സിനിമ തിയ്യേറ്ററിന് മുൻവശം ഒരു സി.ബി.എസ്.ഇ പുസ്തക കച്ചവടക്കാരനും ബിൽഡറുമായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒൻപത് സെൻ്റ് സ്ഥലത്ത് വാണിജ്യാവശ്യത്തിനായി നിർമ്മിച്ച് പൂർണ്ണമായും പണിതീരാതെ കിടക്കുന്ന 15000 സ്ക്വയർ ഫീറ്റ് കെട്ടിടം, പതിനെട്ടോ പത്തൊമ്പതോ കോടി കൊടുത്ത് വിലക്കെടുത്ത് തട്ടിക്കൂട്ടേണ്ടതല്ല ലീഗിൻ്റെ ദേശീയ ആസ്ഥാനം. ശിലാസ്ഥാപനം പോലും നടക്കാതെ ഉൽഘാടനത്തിനൊരുങ്ങുന്ന കൊമേഴ്സ്യൽ ബിൽഡിംഗിൽ ഇസ്മായിൽ സാഹിബിൻ്റെ ചൈതന്യമുണ്ടാകുമെന്ന് ഏത് നിഷ്കളങ്കനാണ് വിശ്വസിക്കാനാവുക?

കേരളത്തിൽ നിന്ന് ലഭിച്ച 27 കോടിയും വിദേശരാജ്യങ്ങളിൽ കെ.എം.സി.സി വഴി പ്രതീക്ഷിക്കുന്ന 25 കോടിയും ചേർത്താൽ 50 കോടിയിലധികം വരും ഖാഇദെമില്ലത്ത് സൗധത്തിനായി സ്വരൂപിക്കുന്ന സംഖ്യ. സ്വന്തം സ്ഥലം വാങ്ങി ദീർഘ വീക്ഷണത്തോടെ പണിയേണ്ട കെട്ടിടത്തിൻ്റെ സ്ഥാനത്ത് ഒരു നിലയിൽ 2800 സ്ക്വയർഫീറ്റോടെയുള്ള കൊമേഴ്സ്യൽ ബിൽഡിംഗ് ആൾട്ടറേഷൻ വരുത്തിയാലും എത്രമാത്രം സൗകര്യപ്പെടുത്താനാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. സ്ഥലം വാങ്ങി കെട്ടിടം വെക്കൽ ഇപ്പോൾ നടന്നില്ലെങ്കിൽ ലോകാവസാനം വരെ നടക്കാൻ പോകുന്നില്ല.

ലീഗ് പ്രവർത്തകർ ആറ്റുനോറ്റു കാത്തിരുന്ന ഖാഇദെമില്ലത്ത് സൗധം 15000 സ്ക്വയർ ഫീറ്റിൽ ഒതുങ്ങുന്ന ഒരു കോൺഗ്രീറ്റ് കെട്ടിടമാക്കി പരിമിതപ്പെടുത്താനുള്ള ശ്രമം ലീഗ് നേതൃത്വം ഉപേക്ഷിക്കണം. ഖാഇദെമില്ലത്ത് സൗധം, ഇസ്മായിൽ സാഹിബെന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ സൂഫിവര്യൻ്റെ മഹത്വം ഉൽഘോഷിക്കുന്നതാകണം. അതല്ലാതെ അദ്ദേഹത്തെ കൊച്ചാക്കുന്നതാകരുത്.

ഇരുപതോ മുപ്പതോ സെൻ്റ് സ്ഥലം ഡൽഹിയിൽ വാങ്ങാനുളള "സാമർത്ഥ്യം" ലീഗ് നേതൃത്വത്തിനില്ലെങ്കിൽ എൻ്റെ നാട്ടുകാരനും ലീഗനുഭാവിയുമായ സ്ഥലക്കച്ചവടക്കാരൻ കുഞ്ഞാണിയെ ആ ചുമതല ഏൽപ്പിക്കുക. അദ്ദേഹമത് ഭംഗിയായി നിർവ്വഹിക്കും. ഒരു രൂപ പോലും കമ്മീഷൻ കൊടുക്കേണ്ട. ഞാനേറ്റു.

പഴയ ഡൽഹിയിലെ ഏതെങ്കിലും പീടികത്തിണ്ണയുടെ മുകളിൽ ഉയർത്തേണ്ടതല്ല അർധനക്ഷത്രാങ്കിത ഹരിതപതാക. നാല് കടമുറികളുടെ മുകളിൽ ''ഖാഇദെമില്ലത്ത് സൗധം" എന്ന് ദയവായി നിങ്ങൾ എഴുതിവെക്കരുത്. ഒരു മഹാനായ "വലിയ്യി"നോട് ചെയ്യുന്ന കൊടിയ വഞ്ചനയാകും അത്. ഒരു പഴയ ലീഗുകാരൻ്റെ ആത്മാർത്ഥമായ അഭ്യർത്ഥനയാണ്. ഖാഇദെമില്ലത്ത് സൗധത്തിന്, ചോര നീരാക്കി അധ്വാനിച്ചുണ്ടാക്കിയതിൽ നിന്ന് വിഹിതം നൽകിയ ആയിരക്കണക്കിന് ആത്മാഭിമാനമുള്ള ലീഗ് പ്രവർത്തകരുടെ നെഞ്ചിലെ വികാരമാണ്.

TAGS :

Next Story