'വിദേശത്തേക്കൊക്കെ പോകുന്ന ഏജൻസിയായത് കൊണ്ടാവാം അങ്ങനെ പറഞ്ഞിട്ടുണ്ടാവുക': മുസ്‌ലിംകള്‍ സുരക്ഷിതരാണെന്ന കാന്തപുരത്തിന്റെ പ്രസ്താവനയിൽ കെ.ടി ജലീൽ
''രാജ്യത്തെ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് അറിയിക്കാനാണ് കാന്തപുരം പ്രധാനമന്ത്രിയെ കണ്ടത്. ഇതിലൂടെ സമുദായത്തിന് എന്തെങ്കിലും ഗുണമുണ്ടാകുമെങ്കിൽ ആ കൂടിക്കാഴ്ചയെ തള്ളിക്കളയേണ്ടതില്ല''

- Updated:
2026-02-21 07:12:03.0

മലപ്പുറം: വിദേശ വാര്‍ത്താ ഏജന്‍സിയായതിനാല്‍ നാട്ടിലെ ആഭ്യന്തര പ്രശ്‌നങ്ങൾ ഞങ്ങൾ കൈകാര്യം ചെയ്‌തോളാം എന്ന സ്പിരിറ്റിലാവും മോദിയെ കണ്ടതിന് ശേഷമുള്ള കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയെന്ന് കെ.ടി ജലീൽ. ഇന്ത്യയില്‍ മുസ്‌ലിംകള്‍ സുരക്ഷിതരാണെന്നായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന.
'വിദേശത്തേക്കൊക്കെ പോകുന്ന ഏജന്‍സിക്ക് വാര്‍ത്ത കൊടുക്കുമ്പോള്‍ നാട്ടിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഞങ്ങള്‍ കൈകാര്യം ചെയ്‌തോളാം എന്നൊരു സ്പിരിറ്റിലാവാം അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. വിദേശ വാർത്താ ഏജൻസികൾക്കൊക്കെ ന്യൂസുകൾ കൊടുക്കുമ്പോൾ, ഈ രാജ്യത്ത് മുസ്‌ലിംകള്‍ സുരക്ഷിതരാണ് എന്ന് തന്നെയാണ് പറയേണ്ടത്. പാകിസ്താനിൽ അല്ലെങ്കിൽ മറ്റു രാജ്യങ്ങളിൽ പോകുമ്പോൾ ഇന്ത്യയിലെ മുസ്‌ലിംകളുടെ പ്രശ്നങ്ങള്‍ ചോദിക്കുമ്പോള്‍ ചിലചില വിഷയങ്ങളുണ്ടെങ്കിലും ബേസിക്കലി പ്രശ്നങ്ങളില്ലെന്നാണ് പറയേണ്ടത്.
ഇന്ത്യക്ക് പുറത്ത് ഇതൊക്കെ ചർച്ച ചെയ്യാൻ സാധ്യതയുള്ള ഒരു പ്ലാറ്റ്‌ഫോമിൽ കാര്യങ്ങൾ പറയുമ്പോള്‍ വീട്ടിലെ കാര്യം എന്ന നിലയിൽ കണ്ട് പുറമേക്ക് രാജ്യം ഒറ്റക്കെട്ടാണെന്ന ധ്വനി വരുത്താൻ വേണ്ടിയിട്ടാകും കാന്തപുരം അങ്ങനെ പറഞ്ഞിട്ടുണ്ടാകുകയെന്നും കെ.ടി ജലീൽ വ്യക്തമാക്കി. ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിലാണ് കെ.ടി ജലീൽ ഇക്കാര്യം പറയുന്നത്.
'രാജ്യത്തെ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് അറിയിക്കാനാണ് കാന്തപുരം പ്രധാനമന്ത്രിയെ കണ്ടത്. ഇതിലൂടെ സമുദായത്തിന് എന്തെങ്കിലും ഗുണമുണ്ടാകുമെങ്കിൽ ആ കൂടിക്കാഴ്ചയെ തള്ളിക്കളയേണ്ടതില്ല. പ്രധാനമന്ത്രിയെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സമുദായ സംഘടനകള്‍, അവരുടെ നേതാക്കന്മാര്‍ പോയി കാണുന്നതന്നും സംസാരിക്കുന്നതും തെറ്റായി കാണുന്നില്ല. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ട് എന്ന നിലയില്‍ തന്നെ പ്രധാനമന്ത്രിയോട് കാര്യങ്ങള്‍ പറയുകയും അവയ്ക്ക് പരിഹാരം അദ്ദേഹത്തില്‍ നിന്ന് നേടിയെടുക്കാന്‍ വേണ്ടി ശ്രമിക്കുകയും വേണം'- കെ.ടി ജലീല്‍ വ്യക്തമാക്കി.
Adjust Story Font
16
