Quantcast

മീഡിയവണിന് അനുകൂലമായ സുപ്രിംകോടതി വിധി; ആർ.എസ്.എസ്സുമായുള്ള ചർച്ചയുടെ ഫലമെന്ന് കെ.ടി ജലീൽ

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് ഹിമ കോഹ്‌ലി അംഗവുമായ സുപ്രിംകോടതി ബഞ്ചാണ് മീഡിയവണ്‍ കേസില്‍ അന്തിമവിധി പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2023-04-09 10:24:09.0

Published:

9 April 2023 10:05 AM GMT

kt jaleel mediaone
X

മലപ്പുറം: മീഡിയവൺ കേസിലെ സുപ്രിംകോടതി വിധി ആർഎസ്എസ്സുമായി നടത്തിയ നടത്തിയ ചർച്ചയുടെ ഫലമെന്ന് ഇടതുമുന്നണി എംഎൽഎ കെ.ടി ജലീൽ. തന്നെ ഭീകരവാദിയെന്ന് വിളിച്ച ബിജെപി നേതാവിനെതിരെ കേസ് കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല എന്നറിയിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് കീഴെ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് ജലീലിന്റെ പ്രതികരണം. സുപ്രിം കോടതിയുടെ ഒരു വിധി കോടതിക്ക് പുറത്ത് നടന്ന ഏതോ ചർച്ചയുടെ ഫലമായുണ്ടായതാണ് എന്ന പരാമർശം കോടതിയലക്ഷ്യ നടപടികൾ ആകർഷിക്കാൻ പര്യാപ്തമാണ്. 'മീഡിയവൺ അന്തസ്സായി സുപ്രിംകോടതിയിൽ പോയി വിജയിച്ചുവന്നു. മീഡിയവൺ നിരോധനത്തിൽ എന്തോ പറഞ്ഞിരുന്നല്ലോ? എന്തോന്നാ അത്?' - എന്നാണ് ഒരാൾ കെ.ടി ജലീലിനോട് ചോദിക്കുന്നത്. ഇതിന് മറുപടിയായി 'ആർ.എസ്.എസ്സുമായുള്ള ചർച്ച ഫലം കണ്ടല്ലോ? സന്തോഷം' എന്നാണ് ജലീൽ മറുപടി നൽകുന്നത്.

ചാനൽ ചർച്ചയ്ക്കിടെ തന്നെ ഭീകരവാദിയെന്ന് ആക്ഷേപിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന കുറിപ്പാണ് ജലീൽ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നത്. 'ജലീൽ എന്ന പേരുകാരനായി വർത്തമാന ഇന്ത്യയിൽ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിന്റെയും മുമ്പിൽ പോകാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല. അതെന്റെ മാത്രം ആശങ്കയല്ല. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരുടെയെല്ലാം ഉൽകണ്ഠയാണ്'- ജലീൽ വിശദീകരിക്കുന്നു.




ഐ.എസ്. ചാനലും കോടതി നടപടികളും

മീഡിയവണുമായി ബന്ധപ്പെട്ട് അപകീർത്തികരമായ പരാമർശങ്ങൾ കെ.ടി ജലീൽ മുമ്പും നടത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തിരിക്കെയാണ് മീഡിയവൺ ഐ.എസ് ചാനലാണ് എന്ന ആരോപണം കെ ടി ജലീൽ ഉന്നയിക്കുന്നത്. ഈ വിഷയത്തിൽ മീഡിയവൺ കെ.ടി ജലീലിന് അയച്ച വക്കീൽ നോട്ടീസിന് അദ്ദേഹം അഭിഭാഷകൻ മുഖേന മറുപടി അയച്ചിരുന്നു. മീഡിയവൺ മാധ്യമം പത്രവുമായി അടുത്ത ബന്ധമുള്ള സ്ഥാപനമാണ്, കോഴിക്കോട് വെള്ളിമാട്കുന്നിൽ മാധ്യമം ഓഫിസിന് എതിർവശത്തായി ഐ.എസ്.ടി ബിൽഡിംഗ് എന്നൊരു കെട്ടിടമുണ്ട്, പ്രസ്തുത കെട്ടിടത്തെ ആളുകൾ ചിലപ്പോൾ ഐ.എസ്. ബിൽഡിംഗ് എന്നും വിളിക്കാറുണ്ട്, അതിനാലാണ് മീഡിയാവണിനെ ഐ.എസ്. ചാനലെന്ന് വിളിച്ചത് എന്നായിരുന്നു വക്കീൽ നോട്ടീസിനുള്ള കെ.ടി ജലീലിന്റെ മറുപടി.

മറുപടി തൃപ്തികരമാവാത്തതിനെ തുടർന്ന് മീഡിയവൺ ജലീലിനെതിരെ സിവിൽ, ക്രിമിനൽ നിയമ നടപടികൾ സ്വീകരിച്ചു വരികയാണ്. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കപ്പെട്ട ക്രിമിനൽ ഡിഫമേഷൻ കേസിൽ കെ.ടി ജലീലിന് സമൻസ് അയക്കാൻ ഉത്തരവായിട്ടുണ്ട്. കോഴിക്കോട് മുൻസിഫ് കോടതിയിലെ സിവിൽ ഡിഫമേഷൻ കേസിലും നടപടികൾ മുന്നോട്ട് പോവുകയാണ്. ജലീലിന്റെ അടുത്ത സുഹൃത്തും വളാഞ്ചേരി മുൻസിപ്പൽ കൗൺസിലിലെ എൽ.ഡി.എഫ് അംഗവുമായ നടക്കാവിൽ ഷംസുദ്ദീനെതിരെ ലൈംഗിക പീഡന പരാതിയിൽ പോക്സോ കേസ് എടുത്തിരുന്നു. പ്രസ്തുത സംഭവം മീഡിയാ വൺ റിപ്പോർട്ട് ചെയ്തതിൽ ക്ഷുഭിതനായാണ് ജലീൽ മീഡിയാവണിനെതിരെ ഐ.എസ്. ബന്ധം ആരോപിച്ചത്.


കെ.ടി ജലീലും പോക്‌സോ കേസ് പ്രതി ഷംസുദ്ദീനും

കോവിഡ് കാലത്ത് മാധ്യമം പത്രത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇ ഭരണാധികാരികൾക്ക് കെ.ടി ജലീൽ കത്തയച്ചതും വലിയ വിവാദമായിരുന്നു. സ്വർണ കള്ളക്കടത്ത് കേസിൽ ആരോപണ വിധേയയായ സ്വപ്ന സുരേഷ് മുഖാന്തിരമാണ് മന്ത്രിയായ കെ.ടി ജലീൽ ഒരു ഇന്ത്യൻ മാധ്യമ സ്ഥാപനത്തിനെതിരെ നടപടി എടുക്കാൻ ആവശ്യപ്പെട്ട് വിദേശ ഭരണാധികാരിക്ക് കത്തയച്ചത്.

മീഡിയവൺ കേസിലെ വിധി

മീഡിയവൺ ചാനലിന് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് ഏപ്രിൽ അഞ്ചിനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് ഹിമ കോഹ്‌ലി അംഗവുമായി സുപ്രിംകോടതി ബഞ്ച് എടുത്തു കളഞ്ഞത്. ചാനലിന്റെ ലൈസൻസ് നാലാഴ്ചയ്ക്കകം പുതുക്കി നൽകണമെന്നും സുപ്രധാന വിധിയിൽ കോടതി ഉത്തരവിട്ടിരുന്നു.

കരുത്തുറ്റ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമങ്ങൾ അത്യാവശ്യമാണ് എന്നും ഭരണകൂടത്തോട് സത്യം പറയലും തീക്ഷ്ണ യാഥാർത്ഥ്യങ്ങൾ ജനങ്ങളെ അറിയിക്കലും മാധ്യമങ്ങളുടെ കടമയാണ് എന്നും കോടതി ഓർമിപ്പിച്ചിരുന്നു. കേരള ഹൈക്കോടതി അംഗീകരിച്ച, മുദ്രവച്ച കവർ നടപടിക്രമം സ്വാഭാവിക നീതിയുടെ സംഘനമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.

ദേശസുരക്ഷയെ കുറിച്ചും ഗൗരവമായ നിരീക്ഷണങ്ങളാണ് വിധിയിലുണ്ടായിരുന്നത്. പൗരന്റെ അവകാശങ്ങൾ നിഷേധിക്കാൻ ഭരണകൂടം ദേശസുരക്ഷയുടെ വ്യവഹാരം ഉപയോഗിക്കുന്നത് ശരിയല്ല. ഇത് നിയമവാഴ്ചയ്ക്കു നിരക്കുന്നതുമല്ല. ഇല്ലായ്മയിൽ നിന്ന് ദേശസുരക്ഷാ അവകാശവാദങ്ങൾ ഉന്നയിക്കാനാകില്ല. അതിന് വസ്തുതകളുടെ പിൻബലം വേണം. കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകൾ ഒന്നും ദേശസുരക്ഷയ്‌ക്കോ പൊതുക്രമത്തിനോ എതിരല്ല- കോടതി വ്യക്തമാക്കി.





TAGS :

Next Story