Quantcast

'പച്ച കലർന്ന ചുവപ്പ്' അരനൂറ്റാണ്ടിന്റെ ജീവിതമെഴുതി കെ.ടി ജലീൽ

കേന്ദ്ര ഏജൻസി അന്വേഷണം, ലീഗ് രാഷ്ട്രീയത്തിന്റെ രണ്ടു മുഖങ്ങൾ, കുഞ്ഞാലിക്കുട്ടിയുമായുണ്ടായ അടുപ്പവും അകൽച്ചയും, സിപിഎം നേതൃത്വം കാണിച്ച ഉദാര സമീപനം, ഇകെ-എപി സുന്നി വിഭാഗങ്ങളുമായുള്ള അടുപ്പം, ബന്ധുനിയമനം എന്നിവയെല്ലാം വിഷയീഭവിക്കുന്ന തുറന്നു പറച്ചിലാകും 'പച്ച കലർന്ന ചുവപ്പെ'ന്ന് കെ.ടി ജലീൽ

MediaOne Logo

Web Desk

  • Updated:

    2022-04-22 07:53:11.0

Published:

22 April 2022 6:59 AM GMT

പച്ച കലർന്ന ചുവപ്പ് അരനൂറ്റാണ്ടിന്റെ ജീവിതമെഴുതി കെ.ടി ജലീൽ
X

മലപ്പുറം: 'പച്ച കലർന്ന ചുവപ്പ് (അരനൂറ്റാണ്ടിന്റെ കഥ)' എന്ന പേരിൽ 50 വർഷത്തെ ജീവിതമെഴുതി മുൻ മന്ത്രി കെ.ടി ജലീൽ. ഏതാണ്ട് എഴുതിത്തീർന്ന ആത്മകഥ ഉദ്ദേശം 60 അധ്യായങ്ങൾ ഉണ്ടാകുമെന്നും സമകാലിക മലയാളം വാരികയിൽ അറുപത് ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുമെന്നും മുസ്‌ലിം ലീഗിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം സിപിഎം സഹയാത്രികനായി മാറിയ കെ.ടി ജലീൽ ഫേസ്ബുക്കിൽ അറിയിച്ചു. നേരത്തെ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണമെന്നാണ് ഉദ്ദേശിച്ചിരുന്നതെന്നും വാരികയിൽ പ്രസിദ്ധീകരിക്കാൻ എഡിറ്റർ സന്നദ്ധത അറിയിച്ചതോടെ അവർക്ക്‌ നൽകുകയായിരുന്നുവെന്നും പ്രസിദ്ധീകരണ പരസ്യസഹിതം പോസ്റ്റ് ചെയ്ത കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

ആത്മനിഷ്ഠമായ സാമൂഹ്യ അപഗ്രഥനവും കൂടിയാവണം ഇതെന്നാണ് ആഗ്രഹമെന്നും പഠന കാലയളവും അധ്യാപന ജീവിതവും ജനപ്രതിനിധിയായ വർഷങ്ങളും പിന്നിട്ട വഴികളിലെ തണൽമരങ്ങളും സത്രങ്ങളും ചെകുത്താൻ കോട്ടകളും ഹിംസ്ര ജീവികളുമെല്ലാം കഥയുടെ വ്യത്യസ്ത നാൾവഴികളിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും ജലീൽ ഫേസ്ബുക്കിൽ വ്യക്തമാക്കി.



സ്വർണ്ണക്കടത്ത് വിവാദം, ഇ.ഡി, എൻ.ഐ.എ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരമ്പര, യു.എ.ഇ കോൺസുലേറ്റുമായുള്ള ബന്ധം, ലീഗ് രാഷ്ട്രീയത്തിന്റെ രണ്ടു മുഖങ്ങൾ, മുസ്‌ലിം സമുദായ സംഘടനകളുടെ വീക്ഷണ വ്യത്യാസങ്ങൾ, യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറിയായിരിക്കെയുള്ള അനുഭവങ്ങൾ, ലോകായുക്തയെ കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചന, ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുൻകാല ചരിതം തേടിയുള്ള യാത്ര, അതിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങൾ, ക്രൈസ്തവ-മുസ്‌ലിം ജനവിഭാഗങ്ങൾക്കിടയിൽ സമീപ കാലത്ത് ഉയർന്നു വന്ന തെറ്റിദ്ധാരണകൾ, അതിനിരയാകേണ്ടി വന്ന ദുരനുഭവം, കുഞ്ഞാലിക്കുട്ടിയുമായുണ്ടായ അടുപ്പവും അകൽച്ചയും, ജമാഅത്തെ ഇസ്‌ലാമി വിമർശനത്തിന്റെ പൊരുൾ, ശിഹാബ് തങ്ങളുടെ കുലീനത്വം, പിണറായിയുമായുള്ള ആത്മബന്ധം, കൊരമ്പയിൽ അഹമ്മദാജിയോടുള്ള കടപ്പാട്, ലീഗിലെ നേതാക്കളുമായും പ്രവർത്തകരുമായും തുടരുന്ന സൗഹൃദം, ലീഗിൽ നിന്നുള്ള പുറത്താക്കപ്പെടൽ, 2006 ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പ്, ഇടതുപക്ഷ സഹയാത്രികൻ, സിപിഎം ജാഥാനുഭവങ്ങൾ, മന്ത്രിലബ്ധി, ബന്ധു നിയമന വിവാദത്തിന്റെ പിന്നാമ്പുറങ്ങൾ തുടങ്ങിയവ വിഷയീഭവിക്കുന്ന സത്യസന്ധമായ തുറന്നു പറച്ചിലാകും 'പച്ച കലർന്ന ചുവപ്പെ'ന്ന് അദ്ദേഹം അറിയിച്ചു.

പാലൊളി മുഹമ്മദ് കുട്ടി എന്ന കറകളഞ്ഞ സഖാവിന്റെ സാമീപ്യം, മന്ത്രിയായിരിക്കെ സിപിഎം നേതൃത്വം കാണിച്ച ഉദാര സമീപനം, മുഖ്യമന്ത്രിയുടെ കലവറയില്ലാത്ത പിന്തുണ, ഇകെ-എപി സുന്നി വിഭാഗങ്ങളുമായുള്ള അടുപ്പം, വെള്ളാപ്പള്ളിയുടെ എതിർപ്പിന്റെ കാരണം, മതബോധമുള്ള മുസ്‌ലിംകൾ ഇടതുപക്ഷത്തോട് അടുത്ത സമകാലിക അനുഭവങ്ങൾ, സാധാരണ മുസ്‌ലിം ജനവിഭാഗങ്ങളിൽ പിണറായിക്ക് ലഭിച്ച സ്വീകാര്യത, ലീഗ് സൈബർ ആക്രമണത്തെ സധൈര്യം നേരിട്ട നാളുകൾ, കുടുംബം, പഠനം, അധ്യാപകർ, ചങ്ങാത്തങ്ങൾ, മാധ്യമ വേട്ട, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോ-ലീ-ബി സഖ്യത്തെ മറികടന്ന ആവേശകരമായ ഓർമ്മ എന്നിവയും രചനയിൽ പ്രതിപാദിക്കുമെന്നും ജലീൽ പറഞ്ഞു.



മേയ് ആദ്യ വാരം മുതലാണ് കുറിപ്പ് പ്രസിദ്ധീകരിച്ച് തുടങ്ങുകയെന്നും തന്റെ സുഹൃത്തുക്കളുമായും അഭ്യുദയകാംക്ഷികളുമായും മാന്യ വായനക്കാരുമായും ഈ വിവരം പങ്കുവെക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

KT Jaleel writes Autobiography 'Pach Kalarnna Chuavappu' Ara Noottandinte kadha,

TAGS :

Next Story