Quantcast

മരണം തോറ്റു; ഷാരോണിൻ്റെ കൈ പിടിച്ച് ആവണി വീട്ടിലേക്ക് മടങ്ങി

വിവാഹ ദിനത്തിൽ മേയ്ക്കപ്പിനായി വധുവും കുടുംബാംഗങ്ങളും കുമരകത്തേക്ക് പോകുമ്പോഴായിരുന്നു അപകടം

MediaOne Logo

Web Desk

  • Updated:

    2025-12-03 16:35:48.0

Published:

3 Dec 2025 10:04 PM IST

മരണം തോറ്റു; ഷാരോണിൻ്റെ കൈ പിടിച്ച് ആവണി വീട്ടിലേക്ക് മടങ്ങി
X

കൊച്ചി: അപ്രതീക്ഷിതമായി കടന്നെത്തിയ അപകടത്തിന്റെ നൊമ്പരങ്ങൾക്ക് തകർക്കാൻ പറ്റാത്ത ആവണിയുടെയും ഷാരോണിന്റെയും സ്‌നേഹത്തെ തോൽപ്പിക്കാനായില്ല. വിവാഹ ദിനത്തിൽ അപകടത്തിൽപെട്ട ആവണി വീട്ടിലേക്ക് മടങ്ങി. വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്നു ആവണി. ചികിത്സയുടെ 12-ാം ദിനത്തിലാണ് ഇവർ ആശുപത്രിവിട്ടത്. മരണത്തെ തോൽപ്പിക്കാനാകാത്ത പ്രണയവുമായി ആവണിക്കൊപ്പം ചേർന്ന ഷാരോൺ മടക്കയാത്രയിൽ അവളുടെ കൈകൾ മുറുകെ പിടിച്ചു. ആവണിയുടെ കൊമ്മാടിയിലെ വീട്ടിലേക്കാണ് മടങ്ങിയത്.

എറണാകുളം വി.പി.എസ് ലേക്‌ഷോര്‍ മാനേജിങ് ഡയറക്ടർ എസ്. കെ അബ്ദുള്ള പൂച്ചെണ്ട് നൽകി ആശംസകൾ അറിയിച്ചു. ചേര്‍ത്തു പിടിച്ചവർക്കും ഡോക്ടർമാരോടും മറ്റെല്ലാവരോടും തീർത്താൽ തീരാത്ത നന്ദി അറിയിച്ചാണ് ഇവർ ആശുപത്രി വിട്ടത്. ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. സുദീഷ് കരുണാകരന്‍റെ നേതൃത്വത്തിലായിരുന്നു ചികിത്സ.

ഇക്കഴിഞ്ഞ നവംബർ 21ന് പുലർച്ചെ വിവാഹ മേയ്ക്കപ്പ് ചെയ്യാനുള്ള യാത്രക്കിടെ കുമരകത്ത് വെച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ആലപ്പുഴ കൊമ്മാടി മുത്തലശ്ശേരി വീട്ടില്‍ എം. ജഗദീഷ്, ജ്യോതി ദമ്പതികളുടെ മകളും ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയുമായ ജെ. ആവണിയെ അത്യാഹിത വിഭാഗത്തിൽ വെച്ചാണ് ഷാരോൺ താലികെട്ടിയത്. ഉച്ചക്ക് 12.15നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിൽ ആലപ്പുഴ തുമ്പോളിയിലായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. കുടുംബത്തിന്‍റെ ആഗ്രഹപ്രകാരം മുന്‍നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ആശുപത്രി വിവാഹം നടത്താൻ സൗകര്യമൊരുക്കുകയായിരുന്നു.

TAGS :

Next Story