Quantcast

കുവൈത്ത് ദേശീയ അസംബ്ലി അസാധുവാക്കി; 2020 ലെ പാർലമെന്റ് പുനസ്ഥാപിക്കാന്‍ ഭരണഘടനാ കോടതി വിധി

2020 ലെ പാർലമെന്റ് പുനസ്ഥാപിക്കാനും ദേശീയ അസംബ്ലിയുടെ സ്പീക്കറായി മർസൂഖ് അൽ-ഗാനിമിനെ നിയമിക്കാനും കോടതി ഉത്തരവിട്ടു

MediaOne Logo

Web Desk

  • Updated:

    2023-03-19 19:09:28.0

Published:

19 March 2023 6:50 PM GMT

Kuwait National Assembly, Constitutional Court, Parliament ,
X

കുവൈത്ത് സിറ്റി: 2022 ലെ കുവൈത്ത് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കിയതായി ഭരണഘടനാ കോടതി . 2020 ലെ പാർലമെന്റ് പുനസ്ഥാപിക്കാനും ദേശീയ അസംബ്ലിയുടെ സ്പീക്കറായി മർസൂഖ് അൽ-ഗാനിമിനെ നിയമിക്കാനും കോടതി ഉത്തരവിട്ടു . ഇതോടെ 2020 ലെ പാർലമെന്റ് അംഗങ്ങള്‍ക്ക് എം.പി സ്ഥാനം തിരികെ ലഭിക്കും.

തെരഞ്ഞെടുപ്പ് ചരിത്രത്തിൽ അസാധാരണമായ നടപടികൾക്കാണ് കുവൈത്ത് പാര്‍ലിമെന്റ് സാക്ഷിയായത് . പുതിയ വിധി വന്നതോടെ നിലവിലുള്ള എം.പിമാർ പാര്‍ലിമെന്റില്‍ നിന്ന് പുറത്താകുകയും പിരിച്ചുവിട്ട സഭയിലെ അംഗങ്ങൾ വീണ്ടും ജനപ്രതിനിധികളെന്ന നിലയിൽ എത്തുകയും ചെയ്യും. 2020 ഡിസംബർ അഞ്ചിനായിരുന്നു പതിനാറാമത് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് നടന്നത്. സർക്കാറും എം.പിമാരും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് 2021 ജനുവരിയിൽ മന്ത്രിസഭ രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് അമീറിന്‍റെ ആഭിമുഖ്യത്തിൽ 'നാഷനൽ ഡയലോഗും'നടന്നിരുന്നു. ഇതിന്‍റെ ഭാഗമായി മന്ത്രിസഭ പുനസംഘടിപ്പിക്കുകയും 16 അംഗ മന്ത്രിസഭയിൽ പാർലമെൻറിൽ നിന്ന് നാലുപേരെ ഉൾപ്പെടുത്തുകയും ചെയ്തു .എന്നാല്‍ ഭിന്നത തുടരുകയും എം.പിമാർ മന്ത്രിമാര്‍ക്കെതിരെ നിരന്തരം കുറ്റവിചാരണ നോട്ടിസ് നല്‍കുകയും ചെയ്തതിനെത്തുടര്‍ന്ന് ഭരണഘടന പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. 2022 ജൂൺ 23 ന് പ്രത്യേക അധികാരമായ ഭരണഘടനയുടെ ആർട്ടിക്കിൾ 107 അനുസരിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ദേശീയ അസംബ്ലി പിരിച്ചു വിട്ടു. ഈ നടപടിക്കെതിരെയാണ് പൊരുത്തക്കേടുകൾ ചൂണ്ടികാട്ടി ഭരണഘടന കോടതിയുടെ വിധി.വിധി വന്നതിന് പിറകെ കഴിഞ്ഞ അസംബ്ലി സ്പീക്കറായിരുന്ന മർസൂഖ് അൽ ഗാനിം ട്വിറ്ററിൽ വ്യക്തിവിവരം ദേശീയ അസംബ്ലിയുടെ സ്പീക്കറായി തിരുത്തി. മറ്റു മുൻ എം.പിമാരും സന്തോഷം പ്രകടിപ്പിച്ചു രംഗത്തെത്തി.

TAGS :

Next Story