"മാധ്യമ പ്രവർത്തകനെ ശാരീരികമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിക്കുന്നത് സിപിഎം പോലുള്ള സംഘടനക്ക് ഭൂഷണമല്ല"
മീഡിയവണ്‍ മാനേജിങ് എഡിറ്റർക്കെതിരായ കൈവെട്ട് ഭീഷണിയില്‍ പ്രതിഷേധിച്ച് KUWJ

തിരുവനന്തപുരം: മീഡിയവണ്‍ മാനേജിങ് എഡിറ്റർ സി. ദാവൂദിനെതിരായ സിപിഎമ്മിന്‍റെ കൈവെട്ട് ഭീഷണിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയൻ. വണ്ടൂരിൽ സിപിഎം പ്രവർത്തകർ മീഡിയവൺ മാനേജിംഗ് എഡിറ്ററുടെ കൈവെട്ടുമെന്ന് തരത്തിൽ നടത്തിയ പ്രകോപനമുദ്രാവാക്യം വിളിയിൽ കെയുഡബ്ള്യൂജെ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
മാധ്യമ സ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന അവകാശപ്പെടുമ്പോൾ തന്നെ ഇത്തരം അവകാശലംഘനങ്ങൾക്കും വെല്ലുവിളികൾക്കും പരസ്യമായി രംഗത്തിറങ്ങുന്നത് പ്രതിഷേധാർഹമാണെന്ന് പത്രപ്രവര്‍ത്തക യൂണിയൻ ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളുടെ നിലപാടുകളോട് വിയോജിക്കാനും അസത്യമുണ്ടെങ്കിൽ അത് തുറന്നു കാട്ടാനും ഒട്ടേറെ മാർഗങ്ങളുണ്ടെന്നിരിക്കെ മാധ്യമ പ്രവർത്തകനെ ശാരീരികമായി നേരിട്ട് ഇല്ലാതാക്കുമെന്ന് പ്രഖ്യാപിക്കുന്നത് സിപിഎം പോലുള്ള സംഘടനക്ക് ഒട്ടും ഭൂഷണമല്ല. വിമർശനങ്ങളുടെ പേരില്‍ മീഡിയവണിന് നേരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം നടത്തുന്നത് മീഡിയവണിലെ ജീവനക്കാർക്കും ആശങ്കയുണ്ടാക്കുന്ന സംഭവമാണ്.
പാർട്ടി നേതൃത്വം ഇത്തരം പ്രകോപനക്കാരെ നിയന്ത്രിക്കാനും തിരുത്താനും തയ്യാറാകണം. പ്രകോപനപരമായി ഭീഷണി മുദ്രാവാക്യം വിളിച്ചവർക്കെതിരെ പൊലീസ് നടപടി എടുക്കണമെന്നും കെയുഡബ്ള്യൂജെ സംസ്ഥാന പ്രസിഡൻ്റ് കെ.പി റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
സിപിഎം വണ്ടൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം ഉയർത്തിയത്. 'ഇല്ലാ കഥകൾ പറഞ്ഞിട്ട് പ്രസ്ഥാനത്തിന് നേരെ വന്നാൽ ആ കൈകൾ വെട്ടി മാറ്റും' എന്ന മുദ്രാവാക്യമാണ് സിപിഎം പ്രവർത്തകർ മുഴക്കിയത്. മുൻ എംഎൽഎ എൻ.കണ്ണൻ നിയമസഭയിൽ നടത്തിയ പ്രസംഗം സംബന്ധിച്ച പരാമർശത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
Adjust Story Font
16

