Quantcast

തൃക്കാക്കരയിൽ കെ.വി തോമസ് പ്രചാരണത്തിനിറങ്ങിയാല്‍ എൽ.ഡി.എഫിന് നാശം: ചെന്നിത്തല

വൈരാഗ്യബുദ്ധിയോടെ പ്രവർത്തകരെ വെട്ടിനിരത്തുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന് വേണ്ടി വോട്ട് തേടുമെന്നും കെ.വി തോമസ് വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-05-10 13:41:46.0

Published:

10 May 2022 1:20 PM GMT

തൃക്കാക്കരയിൽ കെ.വി തോമസ് പ്രചാരണത്തിനിറങ്ങിയാല്‍ എൽ.ഡി.എഫിന് നാശം: ചെന്നിത്തല
X

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ.വി തോമസ് പ്രചാരണത്തിനിറങ്ങിയാൽ അത് എൽ.ഡി.എഫിന് തന്നെ നാശമായിരിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം തൃക്കാക്കരയിൽ പ്രചാരണത്തിനെത്തിയാൽ കോൺഗ്രസ് പ്രവർത്തകർ കൂടുതൽ വാശിയോടെ പ്രവർത്തിക്കും. അത് എൽ.ഡി.എഫിനു തിരിച്ചടിയാകും. കോൺഗ്രസിൽനിന്ന് ആരെയും പുറത്താക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി തോമസ് ഇന്ന് വ്യക്തമാക്കിയിരുന്നു. ജോ ജോസഫിന് അനുകൂലമാണ് പുതിയ തീരുമാനമെന്നും കെ.വി തോമസ് മീഡിയവണിനോട് പറഞ്ഞു.

എൽ.ഡി.എഫ് കൺവൻഷനിൽ പങ്കെടുക്കുകയും ജോ ജോസഫിന് വേണ്ടി വോട്ട് തേടുകയും ചെയ്യും. നിലപാട് മാറുന്നതിൽ വേദനയും ദുഃഖവുമുണ്ട്. ഞാൻ കണ്ട കോൺഗ്രസല്ല ഇന്നത്തെ കോൺഗ്രസ്, വൈരാഗ്യബുദ്ധിയോടെ പ്രവർത്തകരെ വെട്ടിനിരത്തുന്ന പാർട്ടിയായി അതു മാറിയെന്നും ചർച്ചയില്ലാതെ പാർട്ടിയിൽ എങ്ങനെ നിൽക്കുമെന്നും അദ്ദേഹം ചോദിച്ചു. ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണോ എന്ന കാര്യം തുറന്നുപറയാനാകില്ല. ജോ ജോസഫ് ജയിക്കുമോയെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും കെ.വി തോമസ് കൂട്ടിച്ചേർത്തു.

കെ.പി.സി.സി നിർദേശം ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിനെ പാർട്ടി പദവികളിൽനിന്ന് ഒഴിവാക്കാൻ അച്ചടക്ക സമിതി ശിപാർശ ചെയ്തിരുന്നു. ഇതേതുടർന്ന് അദ്ദേഹത്തിന് ഹൈക്കമാൻഡ് കാരണംകാണിക്കൽ നോട്ടീസ് അയച്ചു. കെ.വി തോമസിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു തന്നെ സസ്പെൻഡ് ചെയ്യണമെന്നാണ് കെ.പി.സി.സി ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നത്.

Summary: If KV Thomas campaigns in Thrikkakara, it will be defeat for LDF, says Ramesh Chennithala

TAGS :

Next Story