Quantcast

'ഹിജാബ് ധരിച്ചു പോകുന്നത് കലാപാഹ്വാനമായിട്ടാണ് പൊലീസ് മനസിലാക്കുന്നത്': കർണാടക പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ലദീദ ഫർസാന

ഹിജാബ് അഴിച്ചുവെക്കില്ല എന്ന പ്രഖ്യാപനം നടത്തുന്ന നൂറുകണക്കിന് മുസ്‌ലിം വിദ്യാർത്ഥിനികളെ കർണാടകയിൽ കാണാൻ സാധിച്ചുവെന്നും ലദീദ ഫർസാന

MediaOne Logo

Web Desk

  • Updated:

    2022-03-01 17:44:04.0

Published:

1 March 2022 5:42 PM GMT

ഹിജാബ് ധരിച്ചു പോകുന്നത് കലാപാഹ്വാനമായിട്ടാണ് പൊലീസ് മനസിലാക്കുന്നത്: കർണാടക പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ലദീദ ഫർസാന
X

ഹിജാബ് നിരോധന വിഷയത്തിൽ കർണാടക പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ആക്ടിവിസ്റ്റും വിദ്യാർഥി നേതാവുമായ ലദീദ ഫർസാന. സ്‌കൂൾ പരിസരത്ത് പോയാൽ പൊലീസ് കേസെടുക്കുമെന്ന ഭീഷണിയുണ്ടെന്നും സ്‌കൂളിന്റെ പരിസരത്ത് ഹിജാബ് ധരിച്ചുപോകുന്നത് തന്നെ കലാപഹ്വാനമായിട്ടാണ് പോലീസ് മനസിലാക്കുന്നതെന്നും ലദീദ ഫർസാന വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് കർണാടക പൊലീസിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.

ഹിജാബ് നിരോധനവും അനുബന്ധ വംശീയ അതിക്രമങ്ങളും കർണാടകയിൽ ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്, വിവിധ പ്രദേശങ്ങളിലായി ഇതുവരെ വന്ന റിപ്പോർട്ട് പ്രകാരം ഏകദേശം എഴുപത് സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമുണ്ട്, ഇടക്കാല കോടതി വിധിയിലെ ഹിജാബ് നിരോധനം ആയിരക്കണക്കിന് മുസ്‌ലിം വിദ്യാർത്ഥിനികളുടെ ഇന്റെണൽ എക്‌സാമിനെ ഇതിനോടകം നഷ്ട്ടപ്പെടുത്തിയിട്ടുണ്ട്, അത് ഇനി ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുമെന്നും ലദീദ പറഞ്ഞു. ഹിജാബ് അഴിച്ചുവെക്കില്ല എന്ന പ്രഖ്യാപനം നടത്തുന്ന നൂറുകണക്കിന് മുസ്‌ലിം വിദ്യാർത്ഥിനികളെ കർണാടകയിൽ കാണാൻ സാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-

കഴിഞ്ഞ നാലു ദിവസം കർണാടകയിലെ ഹിജാബ് നിരോധനം നേരിടുന്ന വിവിധ പ്രദേശങ്ങളിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിനിധി സംഘത്തിനൊപ്പമുള്ള സന്ദർശനത്തിലായിരുന്നു.വിരാജ്‌പേട്ട്,മഡ്‌കേരി,മംഗ്ലൂർ,കുന്ദപുര,ഉഡുപ്പി,കുശാൽനഗർ,ബഡ്കൾ, മാന്ധ്യ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. അവിടയുള്ള വിദ്യാർഥിനികൾ നേരിടുന്ന ഹിജാബ് നിരോധനവും അനുബന്ധ പ്രശ്‌നങ്ങളും ചോദിച്ചറിയാനും ചർച്ച ചെയ്യാനും സാധിച്ചു. ഹിജാബ് നിരോധനത്തിനെതിരെ കർണാടകയിൽ വ്യത്യസ്ത തരത്തിലുള്ള ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം സംഘടനകൾ,യുവജന വിദ്യാർത്ഥി സംഘടനകൾ ,മുസ്ലിം ഐക്യവേദി( ഉഡുപ്പി ),വനിത സംഘടനകൾ,സോഷ്യൽ ആക്റ്റിവിസ്റ്റുകൾ,മഹല്ല് ഭാരവാഹികൾ,അഭിഭാഷർ, നിയമ വിദഗ്ദർ എന്ന് തുടങ്ങി പല കൂട്ടായ്മകളുമായും ആക്റ്റീവിസ്റ്റുകളുമായും സംവദിക്കാനും അവസരമുണ്ടായി.

ഹിജാബ് നിരോധനവും അനുബന്ധ വംശീയ അതിക്രമങ്ങളും കർണാടകയിൽ ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്.വിവിധ പ്രദേശങ്ങളിലായി ഇതുവരെ വന്ന റിപ്പോർട്ട് പ്രകാരം ഏകദേശം എഴുപത് സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമുണ്ട്. ഇടക്കാല കോടതി വിധിയിലെ ഹിജാബ് നിരോധനം ആയിരക്കണക്കിന് മുസ്ലിം വിദ്യാർത്ഥിനികളുടെ ഇന്റെണൽ എക്‌സാമിനെ ഇതിനോടകം നഷ്ട്ടപ്പെടുത്തിയിട്ടുണ്ട്.അത് ഇനി ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കും. കോടതിവിധി നീണ്ടുപോകുന്തോറും പലർക്കും പബ്ലിക് എക്‌സാം,സെമസ്റ്റർ എക്‌സാം തുടങ്ങിയവയും നഷ്ട്ടമാകും.സന്ദർശത്തിനിടയിൽ ഞങ്ങൾ സംസാരിച്ച വിദ്യാർത്ഥിനികൾ പ്രകടിപ്പിക്കുന്ന സമരവീര്യം വലിയ പ്രതീക്ഷയാണ് നൽകുന്നത്.പരീക്ഷയെന്ന നിർബന്ധിത സാഹചര്യം മുൻനിർത്തി ഹിജാബ് ഒഴിവാക്കി പരീക്ഷക്ക് പോയാൽ കോടതിയിൽ ഹിജാബ് പൂർണമായും നിരോധിക്കാനുള്ള ന്യായമായി അത് ചൂണ്ടിക്കാണിക്കപ്പെടുമെന്നും,ഞങ്ങൾക്ക് ഒരു അധ്യയന വർഷം നഷ്ട്ടപെട്ടാൽ പോലും അത്തരം ഒരു സാഹചര്യം ഉണ്ടാക്കാൻ ഞങ്ങൾ കാരണക്കാരാകില്ല എന്ന ഉറച്ച തീരുമാനം അവർ എടുത്തിരിക്കുന്നു എന്നാണ് മനസിലാക്കാൻ സാധിച്ചത്.പരീക്ഷകൾ നഷ്ടപ്പെടുന്നത് കാരണത്താൽ തങ്ങളുടെ രക്ഷിതാക്കൾക്ക് ഉണ്ടാകുന്ന ആശങ്ക ആ വിദ്യാർത്ഥിനികൾ പങ്കുവെക്കുമ്പോൾ തന്നെ തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കും എന്ന നിലപാട് ആണ് അവർ സ്വീകരിച്ചിട്ടുള്ളത്.

ഒന്നോ രണ്ടോ പേരുടെ കാര്യമല്ല ഇതെന്ന് ഓർക്കണം.മറിച്ച് നിയമപോരാട്ടത്തെ ദുർബലപ്പെടുത്തുന്ന വിധത്തിൽ പരീക്ഷക്ക് വേണ്ടി ഹിജാബ് അഴിച്ചുവെക്കില്ല എന്ന പ്രഖ്യാപനം നടത്തുന്ന നൂറുകണക്കിന് മുസ്ലിം വിദ്യാർത്ഥിനികൾ ആണ് കർണാടകയിൽ കാണാൻ സാധിക്കുന്നത്.അവരിൽ അധികപേരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായ മുസ്ലിംങൾ ആണ് എന്നതും ശ്രദ്ധേയമാണ്.സ്‌കൂളിന്റെ പരിസരത്ത് ഹിജാബ് ധരിച്ചുപോകുന്നത് തന്നെ കലാപഹ്വാനമായിട്ടാണ് പോലീസ് മനസിലാക്കുന്നത്. കൂടാതെ ഹിജാബ് ധരിച്ചുകൊണ്ട് സ്‌കൂൾ പരിസരത്ത് പോയാൽ കേസെടുക്കുമെന്നുള്ള ഭീഷണിയും,ലാത്തി വീശി ആട്ടിയോടിക്കലും.വാർത്തകളിലും സോഷ്യൽ മീഡിയയിലും കണ്ടുകൊണ്ടിരിക്കുന്ന പല ദൃശ്യങ്ങളും ഏതാനും ചില സംഭവങ്ങൾ മാത്രമാണ്.സമാനമായ നിരവധി പ്രശ്‌നങ്ങൾ അവിടെ നടന്നുകൊണ്ടിരിക്കുന്നു എന്നതാണ് യഥാർഥ്യം.ഷിമോഗയിൽ ഒരു ആർ എസ് എസ് കാരൻ കൊല്ലപ്പെടുകയും അതിന്റെ പിന്നിൽ ഹിജാബിന് വേണ്ടി സമരം ചെയ്യുന്ന മുസ്ലിം സ്ത്രീകളാണ് എന്ന പ്രചാരണവും ശക്തമാണ്.ഇപ്പോൾ നടക്കുന്ന കേസിൽ പരാതിക്കാരായ പെൺകുട്ടികൾ അടക്കം ആ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചു എന്ന ആരോപണം ആർ എസ് എസ് കാർ ഉയർത്തിവിടുന്നുണ്ട്. അതിന്റെ പേരിൽ ആ വിദ്യാർത്ഥിനികൾ തങ്ങളുടെ ഹിന്ദു സുഹൃത്തുക്കളിൽ നിന്ന് പോലും നിരന്തരം ആക്ഷേപം ഏറ്റുവാങ്ങുന്നു എന്ന കാര്യവും അവർ പങ്കുവെച്ചു. ഷിമോഗയിലെ ആർ എസ് എസ് കാരന്റെ കൊലപാതത്തിന് ശേഷം അവിടെ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.അത്‌കൊണ്ട് ഞങ്ങൾക്ക് അവിടേക്ക് പോകാനോ വിദ്യാർത്ഥിനികളുമായി സംസാരിക്കാനോ സാധിച്ചിരുന്നുമില്ല.

കർണാടകയിലെ മുസ്ലിം വിദ്യാർത്ഥിനികൾ കാണിക്കുന്ന നിശ്ചയദാർട്യവും സമരവീര്യവും മുസ്ലിം സമൂഹത്തിന് വലിയ മാതൃകയാണ്. ഓരോ ദിവസവും ഹിന്ദുത്വ ശക്തികളെയും, അവരുടെ തന്നെ നിയന്ത്രണത്തിലുള്ള പോലീസിനെയും,അതെ പോലെ ബി ജെ പി യുടെ പ്രോപഗണ്ട മാധ്യമങ്ങളെയും നേരിട്ടുകൊണ്ടാണ് അവർ തങ്ങളുടെ ദൈനംദിന ജീവിതം നയിക്കുന്നത്. അവരുടെ പോരാട്ട വീര്യത്തിന് എല്ലാവിധ അഭിവാദ്യങ്ങളും ഐക്യഡാർട്യവും അറിയിക്കുന്നു. നമ്മുടെ സന്ദർശനത്തിൽ നിന്ന് മനസിലായ കാര്യങ്ങൾ പൊതുവായി രേഖപ്പെടുത്തിയതാണ് ഈ കുറിപ്പ് എഴുതിയത്. വിശകലന സ്വഭാവത്തിൽ വീണ്ടും എഴുതണമെന്നുണ്ട്.അത് പിന്നീട് ആകാം.

TAGS :

Next Story