'പാർട്ടി നോക്കിയല്ല നൃത്തം ചെയ്തത്,ഒരുമിച്ച് തിരുവാതിര കളിക്കുന്നവരാണ് ഞങ്ങള്‍ '; ബിജെപി വിജയാഘോഷത്തിൽ പങ്കെടുത്തതിൽ വിശദീകരണവുമായി എൽഡിഎഫ് സ്ഥാനാർഥി
അരിവാൾ ചുറ്റിക നക്ഷത്രമടയാളത്തില്‍ മത്സരിച്ച് തോറ്റതിന് പിന്നാലെയാണ് അഞ്ജു ബിജെപിയുടെ വിജയാഘോഷ റാലിയില്‍ പങ്കെടുത്തത്

പാലക്കാട്: പാലക്കാട് ബിജെപിക്കൊപ്പം വിജയാഘോഷത്തിൽ നൃത്തം ചെയ്തതില്‍ വിശദീകരണവുമായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി. ബിജെപി സ്ഥാനാർഥിയുടെ ആഹ്ളാദ പ്രകടനത്തിൽ പങ്കെടുത്തത് പാർട്ടി നോക്കിയല്ലെന്ന് അഞ്ജു സന്ദീപ് പറഞ്ഞു. വ്യക്തിപരമായ ബന്ധങ്ങൾ കാരണമാണ് ഒപ്പം നൃത്തം ചെയ്തത്. ഇത്രയും വലിയ വിവാദമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അഞ്ജു പറഞ്ഞു.
പാലക്കാട് മണ്ണാർക്കാട് നഗരസഭ വാർഡ് 24 ൽ സിപിഎം സ്ഥാനാർഥിയായി അരിവാൾ ചുറ്റിക നക്ഷത്രമടയാളത്തിലായിരുന്നു അഞ്ജു മത്സരിച്ചത്. കാരാക്കുറിശ്ശി പഞ്ചായത്തിൽ 6 ആം വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർഥി സ്നേഹ രാമകൃഷ്ണന്റെ വിജയാഘോഷ റാലിയിൽ അഞ്ജു പങ്കെടുത്ത് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു
'എന്റെ പാർട്ടിയെ ഒഴിവാക്കുകയോ പാർട്ടിയിൽ നിന്ന് ഒഴിവാകുകയോ ചെയ്തിട്ടില്ല.ചെറുപ്പം മുതലേ കമ്യൂണിസ്റ്റുകാരിയാണ്. ഇപ്പോഴും കമ്യൂണിസ്റ്റുകാരിയാണ്. സ്നേഹ ചേച്ചിയുടെ കൂടെ വർഷങ്ങളായി തിരുവാരക്കളിയും കൈകൊട്ടികളിയും കളിച്ചു വരുന്നയാളാണ്.ആ സന്തോഷത്തിലാണ് ഡാൻസ് കളിക്കാൻ പോയത്. ഇങ്ങനെയൊരു വാർത്തയാകുമെന്ന് അറിയില്ലായിരുന്നു'. അഞ്ജു പറഞ്ഞു.
30 വാർഡുള്ള നഗരസഭയിൽ എട്ട് ഇടത്ത് മാത്രമാണ് സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്. അതിൽ ഒരു വാർഡാണ് അഞ്ജു സന്ദീപ് മത്സരിച്ച നമ്പിയംപടി. യുഡിഎഫിൻ്റെ ഷീജ രമേശാണ് നഗരസഭയിൽ നമ്പിയംപടിയിൽ വിജയിച്ചത്.
Adjust Story Font
16

