'കൂറുമാറിയ' എൽഡിഎഫ് കൗൺസിലറെ കടത്തിക്കൊണ്ടുപോയി; അവിശ്വാസ പ്രമേയത്തിനു തൊട്ടുമുന്‍പ് കൂത്താട്ടുകുളം നഗരസഭയിൽ നാടകീയരംഗങ്ങള്‍
കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ മകൾ പൊലീസില്‍ പരാതി നല്‍കി

കൊച്ചി: കൂത്താട്ടുകുളം നഗരസഭയിൽ നാടകീയരംഗങ്ങള്‍. അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിന് തൊട്ടുമുന്‍പ് യുഡിഎഫ് അംഗങ്ങൾക്കൊപ്പം എത്തിയ എൽഡിഎഫ് കൗൺസിലറെ സിപിഎം നേതാക്കൾ കടത്തിക്കൊണ്ടുപോയി. എൽഡിഎഫ് കൗൺസിലർ കലാ രാജുവിനെയാണ് പൊലീസ് നോക്കിനിൽക്കെ പിടിച്ചുകൊണ്ടുപോയത്. എൽഡിഎഫ് ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാൻ എത്തിയതായിരുന്നു കലയെന്നാണ് യുഡിഎഫ് വാദിക്കുന്നത്. സംഭവത്തില്‍ കൗൺസിലറുടെ മകൾ പൊലീസില്‍ പരാതി നല്‍കി.
കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിന് മിനിറ്റുകൾക്ക് മുന്‍പായിരുന്നു നാടകീയ രംഗങ്ങൾ. യുഡിഎഫ് അംഗങ്ങൾക്കൊപ്പം എത്തിയതായിരുന്നു എൽഡിഎഫ് കൗൺസിലർ കലാ രാജു. വാഹനത്തിൽനിന്ന് പുറത്തേക്കിറങ്ങി മുന്നോട്ട് നീങ്ങുന്നതിനിടെ സിപിഎം പ്രാദേശിക നേതാക്കൾ കുതിച്ചെത്തി. യുഡിഎഫ് കൗൺസിലർമാരെ തള്ളി മാറ്റി കലാ രാജുവുമായി കടന്നുകളയുകയായിരുന്നു.
ഹൈക്കോടതി നിർദേശപ്രകാരം അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോൾ നഗരസഭയിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അതിക്രമം നടക്കുമ്പോൾ പൊലീസ് നോക്കിനിന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് 13 അംഗങ്ങളുടെ പിന്തുണയാണുള്ളത്. യുഡിഎഫിന് 11 അംഗങ്ങളും. ഒരു സ്വതന്ത്രനുമുണ്ട്. എൽഡിഎഫ് അംഗത്തെയും സ്വതന്ത്രനെയും ഒപ്പംനിർത്തി ഭരണം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു യുഡിഎഫ്.
കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ മകൾ പൊലീസില്‍ പരാതി നല്‍കി. കലാ രാജുവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. മാതാവിനെ കണ്ടെത്തി നല്‍കണമെന്നും മകൾ ആവശ്യപ്പെട്ടു.
Summary: CPM leaders abduct 'defector' LDF councilor just before no-confidence motion as dramatic scenes unfolds in Koothattukulam Municipality
Adjust Story Font
16