പഴയ നിയമപ്രകാരമുള്ള വഖഫ് ബോർഡ് രൂപീകരണം എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചെന്ന് ആക്ഷേപം
കഴിഞ്ഞ വഖഫ് ബോർഡിന്റെ കാലാവധി അവസാനിച്ചത് 2024 ഡിസംബറിലാണ്. വഖഫ് ഭേദഗതി നിലവിൽ വന്നത് 2025 ഏപ്രിലിലും. പഴയ നിയമപ്രകാരം ബോർഡ് പുനഃസംഘടിപ്പിക്കാൻ നാല് മാസം സാവകാശമുണ്ടായിട്ടും എൽഡിഎഫ് സർക്കാർ തയ്യാറായില്ല

തിരുവനന്തപുരം: പഴയ നിയമപ്രകാരമുള്ള വഖഫ് ബോർഡ് രൂപീകരണം എൽഡിഎഫ് സർക്കാർ വൈകിപ്പിച്ചെന്ന് ആക്ഷേപം. വഖഫ് ഭേദഗതി നിയമം നിലവിൽ വരുന്നതിന് മുമ്പ് നാല് മാസം സമയം ലഭിച്ചിട്ടും സർക്കാർ പുനഃസംഘടന നടത്തിയില്ല. അമുസ്‌ലിം അംഗത്വം ഉൾപ്പെടെയുള്ള വിവാദങ്ങളിലേക്ക് നയിച്ചത് എൽഡി എഫ് സർക്കാരിന്റെ ഈ നടപടിയായിരുന്നു എന്നാണ് വിമർശനം. പ്രതിപക്ഷ അംഗങ്ങൾ വരാതിരിക്കാനാണ് എൽഡിഎഫ് സർക്കാർ ബോർഡ് രൂപീകരണം വൈകിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ആരോപിച്ചു. സുപ്രിംകോടതി വിധി വരുന്നത്‌വരെ ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ നിയമിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വഖഫ് ബോർഡിന്റെ കാലാവധി അവസാനിച്ചത് 2024 ഡിസംബറിലാണ്. വിവാദ നിർദേശങ്ങളടങ്ങിയ വഖഫ് ഭേദഗതി നിലവിൽ വന്നത് 2025 ഏപ്രിലിലും. പഴയ നിയമപ്രകാരം ബോർഡ് പുനഃസംഘടിപ്പിക്കാൻ നാല് മാസം സാവകാശമുണ്ടായിട്ടും ബോർഡ് പുനഃസംഘടനക്ക് കഴിഞ്ഞ എൽഡിഎഫ് സർക്കാർ തയ്യാറായില്ല. പഴയ നിയമപ്രകാരം വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചിരുന്നെങ്കിൽ അത് അഞ്ച്് വർഷമെന്ന കാലാവധി തീരുംവരെ നിലനിൽക്കുമായിരുന്നു.. അമുസ്‌ലിം അംഗത്വമെന്ന വിവാദ നിർദേശം അഞ്ചുവർഷം വരെ കേരളത്തിൽ നടപ്പാക്കേണ്ട ആവശ്യവും വരില്ലായിരുന്നു
ബോർഡ് പുനഃസംഘടനക്ക് റിട്ടേണിങ് ഓഫീസറെ നിയമിച്ചെങ്കിലും സർക്കാർ മറ്റു നടപടികളിലേക്ക് കടന്നില്ല. പ്രതിക്ഷ അംഗങ്ങളെ ഒഴിവക്കാനായിരുന്നു എൽഡിഎഫ് സർക്കാർ നീക്കമെന്നും അതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമായതെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ കുറ്റപ്പെടുത്തി. പുതിയ ബോർഡിലേക്ക് അമുസ്‌ലിം അംഗങ്ങളെ പെട്ടെന്ന് നിർദേശിക്കാൻ സർക്കാർ ആലോചിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Adjust Story Font
16

