കണ്ണൂർ ജില്ലയിൽ 14 വാർഡുകളിൽ എൽഡിഎഫിന് എതിരില്ല
ആന്തൂർ നഗരസഭയിലും കണ്ണപുരം ഗ്രാമപഞ്ചായത്തിലുമായി കൂടുതൽ വാർഡുകളിൽ കൂടി എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ആന്തൂർ നഗരസഭയിലും കണ്ണപുരം ഗ്രാമപഞ്ചായത്തിലുമായി കൂടുതൽ വാർഡുകളിൽ കൂടി എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല. ആന്തൂരിൽ അഞ്ച് ഇടത്തും കണ്ണപുരത്ത് 6 വാർഡുകളിലുമാണ് ഇടതുമുന്നണി സ്ഥാനാർഥികൾക്ക് എതിരില്ലാത്തത്.
ഇതോടെ ജില്ലയിൽ 14 വാർഡുകളിൽ എൽഡിഎഫ് മത്സരം ഇല്ലാതെ വിജയം ഉറപ്പിച്ചു. സൂക്ഷമ പരിശോധനയിൽ തർക്കം ഉന്നയിക്കപ്പെട്ട കോടല്ലൂർ, തളിയിൽ, വാർഡുകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികകളാണ് പുനപരിശോധനയിൽ തള്ളിയത്. സ്ഥാനാർഥികളെ പിന്താങ്ങിയവരുമായി ബന്ധപ്പെട്ട പ്രശ്നമാണ് എൽഡിഎഫ് ഉന്നയിച്ചത്. സ്ഥാനാർഥിയെ തട്ടിക്കൊണ്ടു പോയെന്ന് ഡിസിസി നേതൃത്വം ആരോപണം ഉന്നയിച്ച അഞ്ചാംപീടിക വാർഡിലും യുഡിഎഫിന് മത്സരിക്കാൻ ആളില്ല. പത്രിക നൽകിയ കെ. ലിവ്യ നാമനിർദേശം പിൻവലിച്ചതോടെയാണ് എൽഡിഎഫിന് അനുകൂല സാഹചര്യം ഒരുങ്ങിയത്. രണ്ട് വാർഡുകളിൽ സ്ഥാനാർഥികളെ പിന്താങ്ങിയവർ പിൻവാങ്ങിയത് സിപിഎം വധഭീഷണി മുഴക്കിയത് കൊണ്ടാണെന്ന് കോൺഗ്രസ് ആരോപിച്ചു.
അതേസമയം പല ഇടങ്ങളിലും പിന്താങ്ങിയവരെ അടക്കം തെറ്റിദ്ധരിപ്പിച്ചാണ് യുഡിഎഫ് നാമനിർദ്ദേശപത്രിക സമർപ്പിച്ചതെന്നാണ് സിപിഎമ്മിൻ്റെ മറുപടി. കണ്ണപുരം പഞ്ചായത്തില ഒന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയുടെയും , എട്ടാം വാർഡിലെ ബിജെപി സ്ഥാനാർഥിയുടെയും പത്രികകളും തള്ളി. രണ്ടിടത്തും പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.
Adjust Story Font
16

