കോട്ടകൊത്തളങ്ങൾ ഇളകി; അമ്പരപ്പ് മാറാതെ ഇടതുകേന്ദ്രങ്ങൾ
പതിനായിരങ്ങൾ ലീഡ് നൽകുന്ന മണ്ഡലങ്ങൾ പാർട്ടിക്കെതിരായി ചിന്തിച്ചതിന്റെ അമ്പരപ്പിലാണ് പാർട്ടി നേതൃത്വം

- Updated:
2026-05-04 12:47:21.0

കോഴിക്കോട്: ഏത് വിരുദ്ധ തരംഗത്തിലും ഉറച്ചു നിന്നിരുന്ന പാർട്ടി കോട്ടകളിലെ അപ്രതീക്ഷിത തിരിച്ചടിയിൽ ഇടതുകേന്ദ്രങ്ങൾ അക്ഷരാർഥത്തിൽ ഞെട്ടി. 10 കൊല്ലത്തെ ഭരണനേട്ടങ്ങൾ പറഞ്ഞ് മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് ആദ്യ അഞ്ച് റൗണ്ടിലും രണ്ടാമതായി. പതിനായിരങ്ങൾ ലീഡ് നൽകുന്ന മണ്ഡലങ്ങൾ പാർട്ടിക്കെതിരായി ചിന്തിച്ചതിന്റെ അമ്പരപ്പിലാണ് പാർട്ടി നേതൃത്വം.
ചരിത്ര ഭൂരിപക്ഷം നൽകി കെ.കെ ശൈലജയെ വിജയിപ്പിച്ച മട്ടന്നൂരിൽ മത്സരിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഒരുവേള രണ്ടാമതായി. കൂറ്റൻ ഭൂരിപക്ഷം പ്രതീക്ഷിച്ച് കല്യാശേരിയിൽ മത്സരിച്ച എം.വിജിൻ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ഏറ്റവും ചെറിയ ഭൂരിപക്ഷത്തിണ് വിജയിച്ചത്. 18,433 വോട്ടുകളുടെ ഭൂരിപക്ഷമാണ് വിജിൻ നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലത് 44,393 വോട്ടായിരുന്നു. 1965 ൽ മണ്ഡലം രൂപീകരിച്ച കാലം മുതൽ പാർട്ടിക്കൊപ്പം ഉറച്ചു നിന്ന
പയ്യന്നൂരിലും സിപിഎമ്മിന് അടിപതറി. പാർട്ടിയോട് കലഹിച്ച് പുറത്തുവന്ന സിപിഎം ജില്ല കമ്മിറ്റി അംഗമായിരുന്ന വി.കുഞ്ഞികൃഷ്ണൻ അവിടെ ജയിച്ചതോടെ തിരുത്തിയത് മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെയാണ്. എം.വി രാഘവനും പിണറായി വിജയനും അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വിജയിച്ച മണ്ഡലത്തിലാണ് സിപിഎമ്മിന്റെ ഈ തകർച്ച. രക്തസാക്ഷി ഫണ്ട് തിരിമറിയും പാർട്ടി ഓഫീസ് നിർമ്മാണത്തിലെ അഴിമതിയും പറഞ്ഞാണ് കുഞ്ഞികൃഷ്ണൻ പാർട്ടിക്ക് പുറത്തുവന്നത്. ആരോപണ വിധേയൻ തന്നെ സ്ഥാനാർഥിയായി എത്തിയതോടെ കുഞ്ഞികൃഷ്ണൻ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതും പിന്നാലെ യുഡിഎഫ് പിന്തുണ നൽകിയതും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി ജയിച്ച തളിപ്പറമ്പിലും മറിച്ചല്ല അവസ്ഥ. പാർട്ടി സെക്രട്ടറിക്ക് പകരക്കാരിയായി ഭാര്യയും സിപിഎം ജില്ല കമ്മിറ്റി അംഗവുമായി പി.കെ ശ്യാമള സ്ഥാനാർഥിയായി എത്തിയതോടെയാണ് ജില്ല സെക്രട്ടേറിയേറ്റ് അംഗമായിരുന്ന ടി.കെ ഗോവിന്ദൻ പാർട്ടി വിട്ടിറങ്ങിയതും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതും. ടി.കെ ഗോവിന്ദന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫ് പിന്തുണ നൽകുകയായിരുന്നു. 22,689 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എം.വി ഗോവിന്ദൻ ജയിച്ച മണ്ഡലത്തിൽ സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ടി.കെ ഗോവിന്ദൻ പതിനായിരത്തിലേറെ വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം അടിയുറച്ച് നിന്ന കോഴിക്കോട് ജില്ലയിൽ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 13 നിയമസഭ മണ്ഡലങ്ങളിൽ ബേപ്പൂരിൽ മാത്രമാണ് പിടിച്ചു നിൽക്കാനായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുപ്പതിനായിരത്തിലേറെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ വിജയിപ്പിച്ച എലത്തൂർ മണ്ഡലം ഇടതുപക്ഷത്തെ കൈവിട്ടു. സ്ഥാനാർഥി നിർണയത്തിൽ ഉണ്ടായിരുന്ന മുറുമുറുപ്പ് ഫലം വന്നപ്പോഴും പ്രതിഫലിച്ചു. എൽഡിഎഫ് കൺവീനറുടെ തോൽവി സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് കാരണമാവും. പേരാമ്പ്രയിൽ 5087 വോട്ടുകൾക്കാണ് യുഡിഎഫിന്റെ ഫാത്തിമ തെഹിലിയ വിജയിച്ചത്. സി.എച്ച് കണാരൻ പ്രതിനിധാനം ചെയ്ത നാദാപുരം മണ്ഡലത്തിൽ 23,600 വോട്ടുകൾക്കാണ് എൽഡിഎഫ് പരാജയപ്പെട്ടത്.
സ്ഥാനാർഥി പ്രഖ്യാപനം മുതൽ പാർട്ടി പ്രവർത്തകർ ഇടഞ്ഞു നിന്ന പൊന്നാനി മണ്ഡലവും സിപിഎമ്മിന് ഇക്കുറി നഷ്ടമായി. ഇതിന് പൊന്നാനി മണ്ഡലം സിപിഎമ്മിനെ കൈവിട്ടത് 2001 ലായിരുന്നു. ഇമ്പിച്ചിബാവയും പാലൊളി മുഹമ്മദ് കുട്ടിയും പ്രതിനിധാനം ചെയ്ത പൊന്നാനി മണ്ഡലത്തിൽ 13,267 വോട്ടിനാണ് സിപിഎമ്മിന്റെ എം.കെ സക്കീർ പരാജയപ്പെട്ടത്. അമ്പലപ്പുഴയിലെ തോൽവിയും ഇടതുപക്ഷത്തെ ഇരുത്തി ചിന്തിപ്പിക്കും. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ ഇരുട്ടി വെളുത്തപ്പോൾ കളംമാറി യുഡിഎഫിനായി മത്സരിച്ചു ജയിച്ചു. പാർട്ടിയുടെ അനുഭാവി വോട്ടുകളിൽ വലിയ ചോർച്ചയാണ് സംഭവിച്ചത്. 1977 മുതൽ സിപിഎം വിജയിച്ചിട്ടുള്ള വാമനപുരം മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയായ ഡി.കെ മുരളിയും പരാജയപ്പെട്ടു
Adjust Story Font
16
