എൽഡിഎഫ് ജയിക്കണം, ബിജെപി ശക്തമായ പ്രതിപക്ഷമാവണം: എക്സ് മുസ്‌ലിം നേതാവ് ആരിഫ് ഹുസൈൻ
തന്റെ വോട്ട് എൽഡിഎഫിനാണെന്നും ആരിഫ് ഹുസൈൻ പറഞ്ഞു.

- Published:
20 Jan 2026 4:57 PM IST

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കുകയും ബിജെപി ഉൾപ്പെടുന്ന പ്രതിപക്ഷം വരികയും ചെയ്താൽ കേരളം രക്ഷപെടുമെന്ന് എക്സ് മുസ്‌ലിം നേതാവ് ആരിഫ് ഹുസൈൻ തെരുവത്ത്. തൊലിയുരിയപ്പെട്ട യുഡിഎഫ് ഇനി മരിക്കുമെന്നും തന്റെ വോട്ട് എൽഡിഎഫിനാണെന്നും ഇയാൾ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
'എൽഡിഎഫ് ജയിക്കുകയും ബിജെപി ഉൾപ്പെടുന്ന ഒരു പ്രതിപക്ഷം ശക്തമായി നിലനിൽക്കുകയും ചെയ്താൽ കേരളം രക്ഷപെടും. തൊലിയുരിയപ്പെട്ട യുഡിഎഫ് ഇനി മരിക്കും', 'ചിത്രം വ്യക്തം. ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടുപിടിച്ച് കേരള രാഷ്ട്രീയത്തെ ജിഹാദികൾക്ക് കൂട്ടിക്കൊടുക്കുന്ന യുഡിഎഫ് ജയിക്കാൻ പാടില്ല. ജയിക്കേണ്ടത് എൽഡിഎഫ് തന്നെ. #MyVoteForLDF'- എന്നിങ്ങനെയാണ് ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ.
നേരത്തെ, മതസ്പർധയുണ്ടാക്കുന്ന തരത്തിൽ ബാങ്ക് വിളിയെ അധിക്ഷേപിച്ചതിൽ ഇയാൾക്കെതിരെ പൊലീസില്‍ നൽകിയ പരാതിയിൽ നടപടി എടുക്കാത്തത് ചോദ്യം ചെയ്ത് മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി മൊയ്തീൻകുട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബാങ്കുവിളിയെ പരിഹസിക്കുന്ന രീതിയിൽ ആരിഫ് ഹുസൈൻ തെരുവത്ത് യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കെതിരെയായിരുന്നു പരാതി.
സമൂഹമാധ്യമങ്ങളിലൂടെ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് ആരിഫ് ഹുസൈനെതിരെ 2024 ഒക്ടോബറിൽ പൊലീസ് കേസെടുത്തിരുന്നു. ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. ഇക്കാര്യം പൊലീസ് അറിയിച്ചതോടെ, പോസ്റ്റുകൾ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈൻ ഹൈക്കോടതിയെ അറിയിച്ചു. ഐപിസി 153, 295-എ വകുപ്പുകൾ പ്രകാരമായിരുന്നു ആരിഫ് ഹുസൈനെതിരെ പൊലീസ് കേസെടുത്തത്.
എന്നാൽ, മതവിദ്വേഷവും സാമൂഹികസ്പർധയും വളർത്തുന്ന സാമൂഹികമാധ്യമ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത് തുടർന്നതോടെ ആരിഫ് ഹുസൈനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. മതവിദ്വേഷ പോസ്റ്റുകൾ തുടരുന്നത് ചൂണ്ടിക്കാട്ടിയുള്ള ഹരജിയിൽ ആ വർഷം നവംബർ 13ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ആരിഫ് ഹുസൈന് ഹൈക്കോടതി നോട്ടീസയയ്ക്കുകയും ചെയ്തിരുന്നു.
കേസെടുത്തിട്ടും വിദ്വേഷ പോസ്റ്റുകൾ നീക്കാമെന്ന് അറിയിച്ചിട്ടും അവ മനപ്പൂർവം നിലനിർത്തി കോടതി നിർദേശം ലംഘിക്കുകയും വീണ്ടും ഇസ്‌ലാമിനെ അവഹേളിക്കുകയും അതുവഴി മുസ്‌ലിംകളുടെ മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്ന പോസ്റ്റ് ഇയാൾ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെയാണ് ഹരജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16
