ഗുരുവായൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശത്തിൽ എൽഡിഎഫ് പരാതി നൽകും
പ്രസ്താവനകൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും നടന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും സിപിഎം ഗുരുവായൂർ നിയോജകമണ്ഡലം സെക്രട്ടറി സി.സുമേഷ് വാർത്തകുറിപ്പിലൂടെ അറിയിച്ചു

തൃശൂർ: ഗുരുവായൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശത്തിൽ എൽഡിഎഫ് പരാതി നൽകും. പ്രസ്താവനകൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും നടന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും സിപിഎം ഗുരുവായൂർ നിയോജകമണ്ഡലം സെക്രട്ടറി സി.സുമേഷ് വാർത്തകുറിപ്പിലൂടെ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപി സ്ഥാനാർഥിയായ ബി. ഗോപാലകൃഷ്ണൻ വിദ്വേഷ പരാമർശം നടത്തിയത്. '48 ശതമാനം ഹൈന്ദവ ജനസംഖ‍്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണൻ്റെ പരാമർശം. അന്തർദേശീയ തീർഥാടന കേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എംഎൽഎ ഉണ്ടായില്ലെന്നും ഗോപാലകൃഷ്ണൻ ചോദിച്ചിരുന്നു.മലപ്പുറം ജില്ലയെ കുറിച്ചു അദ്ദേഹം വിദ്വേഷപരമായ പരാമർശം നടത്തി. മലപ്പുറത്ത് സംവരണ മണ്ഡലങ്ങളിൽ ഒഴികെ മറ്റൊരിടത്തും ഹൈന്ദവ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെ കാണാനില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
ഇതിനെതിരെയാണ് എൽഡിഎഫ് പരാതി നൽകുന്നത്. ഗുരുവായൂരിന്റെ വികാസത്തിലും ബിജെപിക്ക് യാതൊരു പങ്കില്ലെന്നും നഗരസഭയും സംസ്ഥാന സർക്കാരുമാണ് എല്ലാ വികസന പദ്ധതികളും നടപ്പാക്കിയിരിക്കുന്നത്. ഗുരുവായൂർ മേൽപ്പാലവും ഗവ: അതിഥി മന്ദിരവും ഉൾപ്പെടെയുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി യാഥാർത്ഥ്യമാക്കിയ വികസന പദ്ധതികളാണ്. ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ പാലിക്കേണ്ട സാമാന്യ മര്യാദകൾ ലംഘിച്ചുകൊണ്ട് നടത്തിയ ബി ഗോപാലകൃഷ്ണന്റെ പ്രസംഗം ഈ നാട്ടിൽ വിലപ്പോവില്ലെന്നും സിപിഎം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
Adjust Story Font
16

