കെ.സി വേണുഗോപാലിന്റെ ക്ഷേമപെൻഷൻ പരാമര്‍ശം ചർച്ചയാക്കാൻ എൽഡിഎഫ്; മാപ്പു പറയണമെന്ന് ആവശ്യം
സാധാരണക്കാരെ സ്വാധീനിക്കാൻ കഴിയുന്ന വിഷയമായതുകൊണ്ട് നിലമ്പൂർ മണ്ഡലത്തിൽ അത് സജീവ ചർച്ചയാക്കി നിർത്തുകയാണ് എൽഡിഎഫ്

നിലമ്പൂർ: ക്ഷേമപെൻഷനെ കുറിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നടത്തിയ പരാമർശം നിലമ്പൂരിൽ വലിയ ചർച്ചയാക്കി സിപിഎം. പെൻഷൻ വാങ്ങുന്നവരെ അപമാനിച്ച കെ.സി വേണുഗോപാൽ മാപ്പു പറയണമെന്നാണ് ഇടതുമുന്നണിയുടെ ആവശ്യം. ക്ഷേമ പെൻഷന്‍ സർക്കാർ കൈക്കൂലിയായി കാണുന്നു എന്നായിരുന്നു കെ.സി വേണുഗോപാലിന്റെ പരാമര്‍ശം.
തെരഞ്ഞെടുപ്പിൽ തൊട്ടതെല്ലാം ചർച്ചയാകുന്നതുകൊണ്ട് എൽഡിഎഫ് ഈ പരാമർശം വിട്ടില്ല. സാധാരണക്കാരെ സ്വാധീനിക്കാൻ കഴിയുന്ന വിഷയമായതുകൊണ്ട് നിലമ്പൂർ മണ്ഡലത്തിൽ അത് സജീവ ചർച്ചയാക്കി നിർത്തുകയാണ് എൽഡിഎഫ്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ ഇതിനോടകം കെ.സി വേണുഗോപാലിന്‍റെ നിലപാടിനെ വിമർശിച്ചു രംഗത്തുവന്നിരുന്നു. മണ്ഡലത്തിൽ ചുമതലയുള്ള നേതാക്കളും വിഷയം സജീവമാക്കി നിർത്തണമെന്ന തീരുമാനത്തിലാണ്.
പെൻഷൻ വാങ്ങുന്നവരെ അപമാനിച്ച കെ.സി വേണുഗോപാൽ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് നിലമ്പൂർ ടൗണിൽ ഇന്നലെ ഇടതുമുന്നണി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.
വരും ദിവസങ്ങളിലും വിഷയം കൂടുതൽ ചർച്ചയാക്കി നിർത്താനാണ് ഇടതുമുന്നണി തീരുമാനം.അതിനിടെ ഇടതുമുന്നണിയുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ പൂർത്തിയായി. നാളത്തോടെ ബൂത്ത് കൺവെൻഷനുകൾ പൂർത്തിയാക്കി രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് ഇടതു മുന്നണി കടക്കും.
Adjust Story Font
16

