കോൺഗ്രസ് പോഷക സംഘടനകളുടെ നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത്
സർക്കാരിനെതിരായ തുടർ സമരങ്ങൾ ആസൂത്രണം ചെയ്യുക എന്നതാണ് യോഗങ്ങളുടെ പ്രധാന ലക്ഷ്യം

തിരുവനന്തപുരം: കോൺഗ്രസിന്റെ വിവിധ പോഷക സംഘടനകളുടെ നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. യോഗങ്ങളിൽ കെ.പി.സി.സി നേതൃത്വവും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും പങ്കെടുക്കും.
ഉച്ചയ്ക്ക് 12.30- ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി യോഗവും 2.30-ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗവും ചേരും. മഹിളാ കോൺഗ്രസ് അടക്കമുള്ള പോഷക സംഘടനകളുടെ സംസ്ഥാന കമ്മിറ്റികളും ഇന്ന് ചേരും.
ജയിലിൽ നിന്നിറങ്ങിയ ശേഷം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്ന ആദ്യ നേതൃയോഗം കൂടിയാണിത്. സർക്കാരിനെതിരായ തുടർ സമര പരിപാടികൾ ആസൂത്രണം ചെയ്യുക എന്നതാണ് യോഗങ്ങളുടെ പ്രധാന ലക്ഷ്യം.
ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെ സമരങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് കെ.പി.സി.സിയുടേത്. നിയമസഭാ സമ്മേളനം കൂടി ചേരുന്ന നിലയ്ക്ക് തലസ്ഥാനത്തേക്ക് സമരം വ്യാപിപ്പിക്കാനുള്ള ആലോചനയും നടക്കും.
Adjust Story Font
16

