Quantcast

വെറുപ്പിന്റെ കെട്ട കാലത്ത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പച്ചത്തുരുത്താണ് മുസ്‍ലിം ലീഗ്: വി.ഡി സതീശൻ

'കോൺഗ്രസും ലീഗുമായുള്ള ആത്മബന്ധത്തിന് അര നൂറ്റാണ്ടിന്റെ പ്രായമുണ്ട്. തളർത്താൻ ശ്രമിച്ചവരെയെല്ലാം തകർത്തെറിഞ്ഞ സഹോദരബന്ധം'

MediaOne Logo

Web Desk

  • Updated:

    2023-03-09 10:10:51.0

Published:

9 March 2023 9:49 AM GMT

vd satheesan about swapna suresh alligations
X

vd satheesan 

മുസ്‍ലിം ലീഗ് രൂപീകരണത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ആശംസ അറിയിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. വെറുപ്പിന്റേയും വിഭജനത്തിന്റേയും കെട്ട കാലത്ത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പച്ചത്തുരുത്താണ് മുസ്‍ലിം ലീഗെന്ന് സതീശൻ പറഞ്ഞു. വലിയ പരീക്ഷണ ഘട്ടങ്ങളെ സമചിത്തതയോടെ അതിജീവിച്ച രാഷ്ട്രീയ പാരമ്പര്യമാണ് ലീഗിനുള്ളത്. കോൺഗ്രസും ലീഗുമായുള്ള ആത്മബന്ധത്തിന് അര നൂറ്റാണ്ടിന്റെ പ്രായമുണ്ട്. തളർത്താൻ ശ്രമിച്ചവരെയെല്ലാം തകർത്തെറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം കേരള-തമിഴ്നാട് മാതൃകയിൽ ദേശീയ തലത്തിൽ സഖ്യസാധ്യത തേടി പ്രവർത്തനം വിപുലീകരിക്കാൻ മുസ്‍ലിം ലീഗ് ദേശീയ പ്രതിനിധി സമ്മേളനത്തില്‍ തീരുമാനമായി. നാളെ നടക്കുന്ന ദേശീയ മഹാ സമ്മേളനത്തിൽ ലക്ഷങ്ങൾ അണിനിരക്കും. ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ സ്വാഗതം പറഞ്ഞ സമ്മേളനം സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ലീഗ് പ്രവർത്തനുള്ള എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ സമ്മേളനത്തിനെത്തി. നാളെ രാജാജി ഹാളിൽ പ്രതീകാത്മകമായ ദേശീയ കൗൺസിൽ നടക്കും. നാളെ വൈകിട്ട് വൈഎംസിഎ ഗ്രൗണ്ടിൽ നടക്കുന്ന മഹാ സമ്മേളനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുഖ്യാതിഥിയാകും.

കുറിപ്പിന്റെ പൂർണരൂപം

ചെന്നൈ മൗണ്ട് റോഡിലെ രാജാജി ഹാളിന് 220 വർഷത്തെ ചരിത്രവും പാരമ്പര്യവുമുണ്ട്. ആ ഹാളിലാണ് ഏഴര പതിറ്റാണ്ട് മുൻപ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പിറവി. സംഭവ ബഹുലമായ 75 വർഷങ്ങൾ ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റേത് കൂടിയാണ്. വലിയ വലിയ പരീക്ഷണ ഘട്ടങ്ങളെ സമചിത്തതയോടെ അതിജീവിച്ച രാഷ്ട്രീയമാണ് ലീഗിന്റേത്. വൈകാരിക നിമിഷങ്ങളെ സംയമനത്തോടെ നേരിട്ടതാണ് ലീഗിന്റെ പാരമ്പര്യം. അബ്ദുറഹിമാൻ ബാഫക്കി തങ്ങളും പി.എം.എസ്.എ പൂക്കോയ തങ്ങളും സി.എച്ചും സീതി സാഹിബും തുടങ്ങി കേരളത്തിന്റേയും രാജ്യത്തിന്റേയും ചരിത്രത്തിൽ ഇടം നേടിയ കരുത്തരാണ് ലീഗിന്റെ മാർഗദർശികൾ .

മതേതരത്വ നിലപാടിൽ അടിയുറച്ച് നിന്ന് വർഗീയത ക്കെതിരെ ഏതറ്റം വരേയും പോരാടിയ ലീഗും അതിന്റെ രാഷ്ട്രീയവും ബഹുസ്വര സമൂഹത്തിന്റെ നാഡീ ഞരമ്പുകളാണ്. വെറുപ്പിന്റേയും വിഭജനത്തിന്റേയും കെട്ട കാലത്ത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റേയും ഐക്യത്തിന്റേയും പച്ചതുരുത്തായി നിൽക്കുകയാണ് മുസ്ലിം ലീഗ്. പിന്നിട്ട 75 വർഷങ്ങളാണ് അതിന്റെ സാക്ഷ്യപത്രം.

ജീവകാരുണ്യപ്രവർത്തനങ്ങളിൽ അനുകരണീയ മാതൃകയാണ് ലീഗിന്റെ പ്രവർത്തനങ്ങൾ. അഭയമില്ലാത്തവർക്ക് അന്തിയുറങ്ങാനുള്ള കാരുണ്യഭവനം പദ്ധതി, സി.എച്ച് സെന്ററുകൾ, കെ.എം.സി.സി, സന്നദ്ധ സേവകരായ വൈറ്റ് ഗാർഡുകൾ അങ്ങനെ സമൂഹവുമായുള്ള ജൈവബന്ധം നിലനിർത്തുന്ന എത്രയെത്ര സേവനങ്ങൾ. ഇന്നലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ 17 ജോഡികളുടെ സമൂഹ വിവാഹത്തോടെയാണ് മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം ചെന്നൈയിൽ തുടങ്ങിയതും.

കോൺഗ്രസും ലീഗുമായുള്ള ആത്മബന്ധത്തിന് അര നൂറ്റാണ്ടിന്റെ പ്രായമുണ്ട്. തളർത്താൻ ശ്രമിച്ചവരെയെല്ലാം തകർത്തെറിഞ്ഞ സഹോദരബന്ധം. പ്രതിസന്ധികളിൽ പരസ്പരം താങ്ങും തണലുമായിരുന്ന ഊഷ്മളത. 75 അഭിമാന വർഷങ്ങൾ ആഘോഷിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് ഹൃദയാഭിവാദ്യങ്ങൾ.

TAGS :

Next Story