Quantcast

താൽക്കാലിക ചുമതലയിൽ നിന്ന് സമ്പൂർണ പദവിയിലേക്ക്; ലീഗിന്റെ അമരത്ത് ഇനി സലാം

ഐ.എൻ.എല്ലില്‍ നിന്ന് മാതൃസംഘടനയിലേക്ക് തിരിച്ചെത്തിയത് 2011- ല്‍

MediaOne Logo

Web Desk

  • Published:

    18 March 2023 1:45 PM GMT

PMA Salam,League general secretary PMA Salam,League general secretary PMA Salam  ,PMA Salam to continue as IUML general secretary,ലീഗിന്റെ അമരത്ത് ഇനി സലാം,പി.എം.എ സലാമിന്‍റെ രാഷ്ട്രീയ ജീവിതം, പി.എം.എ സലാം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി
X

മലപ്പുറം: മുസ്‍ലിം ലീഗ് വിട്ട ശേഷം തിരിച്ചെത്തി പാർട്ടിയുടെ അമരക്കാരനാകുകയാണ് പി.എം.എ സലാം. എംഎസ്എഫ് സംസ്ഥാന ഭാരവാഹിത്വമടക്കം വഹിച്ചിരുന്ന സലാം ഐ.എൻ.എൽ രൂപീകരണത്തോടെ ലീഗ് വിടുകയായിരുന്നു.2011 ലാണ് മാതൃ സംഘടനയിലേക്ക് തിരിച്ചെത്തിയത്.

അവിഭക്ത കോഴിക്കോട് ജില്ലയിലുൾപ്പെട്ട തിരൂർ താലൂക്ക് എംഎസ്എഫ് ജനറൽ സെക്രട്ടറിയായാണ് പി.എം.എ സലാമിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എം.എസ്.എഫ് കോഴിക്കോട് ജില്ലാ ഭാരവാഹിയും സംസ്ഥാന ട്രഷറർ പദവിയും വഹിച്ചു. വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരിക്കേ പ്രവാസിയായി. സൗദി അറേബ്യയിലെ ജോലിക്കിടെയും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിൽ സജീവമായിരുന്നു. കെഎംസിസി രൂപീകരണത്തിലും നിർണായക പങ്ക് വഹിച്ചു. തുടർന്ന് ജിദ്ദാ കെഎംസിസിയുടെ പ്രഥമ ജനറൽ സെക്രട്ടറിയായതാണ് എംഎസ്എഫ് ഭാരവാഹിത്വത്തിന് ശേഷമുള്ള ലീഗ് പോഷക സംഘടന ഭാരവാഹിത്വം.

പതിനഞ്ച് വർഷത്തോളമാണ് പി.എം.എ സലാം പ്രവാസ ജീവിതം നയിച്ചത്. പ്രവാസിയായിരുക്കുമ്പോഴും ലീഗ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ടായിരുന്നു പി.എം.എ സലാമിന്. കൂട്ടത്തിൽ സേട്ട് സാഹിബുമായി ഊഷ്മള ബന്ധം സൂക്ഷിച്ചിരുന്നു. ഐ.എ.എൻ.എൽ രൂപീകരണത്തോടെ പി.എം.എ സലാം മുസ്‍ലിം ലീഗ് വിട്ടു. ഐഎൻഎൽ രൂപീകരണത്തിലും സുപ്രധാന പങ്ക് പി.എം.എ സലാം വഹിച്ചിരുന്നു. തുടർന്ന് ദീർഘകാലം ഐ.എൻ.എൽ ജനറൽ സെക്രട്ടറി ചുമതല വഹിച്ചു.

ഇതിനിടെ 2006 നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന് മത്സരിച്ച് നിയമസഭയിലെത്തി. മുസ്‍ലിം ലീഗിന്റെ സിറ്റിംഗ് സീറ്റിൽ പതിനയ്യായിരത്തോളം വോട്ടുകൾക്കാണ് എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി.എം.എ സലാം മുസ്‍ലിം ലീഗ് പ്രതിനിധിയായി മത്സരിച്ച ടിപിഎം സാഹിറിനെ തോൽപ്പിച്ചത്. നിയമസഭാസാമാജികനായിരിക്കേയാണ് മുസ്‍ലിം ലീഗിലേക്ക് മടങ്ങാനുള്ള പിഎംഎ സലാമിന്റെ തീരുമാനം.

2011 ൽ മാതൃസംഘടനയിലേക്ക് മടങ്ങിയെത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പദവിയോടെയാണ് സലാം പാർട്ടിയിലേക്ക് വീണ്ടുമെത്തിയത്. പത്ത് വർഷം സംസ്ഥാന സെക്രട്ടറി പദവി വഹിച്ചു . ഇതിനിടെയാണ് നാടകീയമായി മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പദവിയിലേക്ക് എത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച പിഎംഎ സലാമിനെ പാർട്ടി തഴഞ്ഞു. പിന്നാലെ തിരൂരങ്ങാടിയിൽ നിന്ന് മുസ്‍ലിം ലീഗ് പ്രവർത്തകർ കൂട്ടത്തോടെ പ്രതിഷേധവുമായി പാണക്കാടെത്തി.

തുടർന്ന് നടത്തിയ അനുനയ ചർച്ചയിലാണ് തിരൂരങ്ങാടിയിൽ സ്ഥാനാർത്ഥിയായ കെ.പി.എ മജീദ് വഹിച്ചിരുന്ന മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പി.എം.എ സലാം എത്തുന്നത്. ജനറൽ സെക്രട്ടറി ചുമതല വഹിച്ച കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി ആഭ്യന്തര പ്രതിസന്ധികൾ മുസ്‍ലിം ലീഗ് നേരിട്ടു. ഈ ഘട്ടങ്ങളിലെല്ലാം കർശനമായ നിലപാടാണ് ജനറൽ സെക്രട്ടറി ചുമതലയിലുള്ള പി.എം.എ സലാം സ്വീകരിച്ചത്. ഒടുവിൽ താത്ക്കാലിക ജനറൽ സെക്രട്ടറിയിൽ നിന്ന് സ്ഥിരം ചുമതലയിലേക്ക് മാറിയ പി.എം.എ സലാം മുസ്‍ലിം ലീഗിനെ നയിക്കുമ്പോൾ രാഷ്ട്രീയ എതിരാളികൾക്കൊപ്പം പാർട്ടിയിലെ പ്രതിസന്ധികളും നിലവിലെ സാഹചര്യത്തിൽ നേരിടേണ്ടി വരും.


TAGS :

Next Story