'വിജയിച്ച സീറ്റുകൾ പോലും പിടിച്ചെടുക്കാൻ ശ്രമിക്കുന്നു'; കോട്ടയത്ത് കോൺഗ്രസ് നിലപാടിൽ ലീഗിന് അതൃപ്തി
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് , ചങ്ങനാശ്ശേരി നഗരസഭകളിലും സീറ്റ് ചർച്ചകളിൽ ഭിന്നത തുടരുകയാണ്

കോട്ടയം: കോട്ടയത്ത് ജില്ലാ പഞ്ചായത്ത് സീറ്റിനായി സമ്മർദം ശക്തമാക്കി മുസ്‍ലിം ലീഗ് . ഇന്നലെ ചേർന്ന ഉഭയകക്ഷി ചർച്ച തീരുമാനമെടുതാതെ പിരിഞ്ഞു. കോൺഗ്രസ് നിലപാടിൽ ലീഗിന് അതൃപ്തി. വിജയിച്ച സീറ്റുകൾ പോലും കോൺഗ്രസ് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതായും ലീഗിന് പരാതിയുണ്ട്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് , ചങ്ങനാശ്ശേരി നഗരസഭകളിലും സീറ്റ് ചർച്ചകളിൽ ഭിന്നത തുടരുകയാണ്.ഉഭയകക്ഷി ചർച്ച ഇന്നും തുടരും.
കോട്ടയത്ത് മുസ്‍ലിം ലീഗ് സീറ്റുകളിൽ മത്സരിക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ ലീഗ് ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലും ചങ്ങനാശ്ശേരി നഗരസഭയിലും പാർട്ടിയുടെ സിറ്റിങ് സീറ്റുകളിൽ കോൺഗ്രസ് ഏറ്റെടുക്കാനുള്ള നീക്കമാണ് അതൃപ്തിക്ക് കാരണം. ജില്ലാ പഞ്ചായത്ത് സീറ്റിനായും ലീഗ് സമ്മർദം ശക്തമാക്കിയിരുന്നു. പലതവണ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമായില്ല.
ഇക്കുറി ജില്ലാ പഞ്ചായത്ത് സീറ്റ് നൽകുമെന്നു കഴിഞ്ഞ തവണ യുഡിഎഫ് ഉറപ്പ് നൽകിയിരുന്നതായാണ് ലീഗിൻ്റെ അവകാശവാദം. പായിപ്പാട് പഞ്ചായത്തിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തു പോയ പല വാർഡുകളും ലീഗ് സ്ഥാനാർഥികളെങ്കിൽ ജയ സാധ്യതയുണ്ടെന്നും നേതൃത്വം വ്യക്തമാക്കുന്നു.
അതേസമയം, ലീഗിന് സ്വാധീനമുള്ള സ്ഥലങ്ങളിൽ അർഹമായ പരിഗണന നൽകുന്നുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. ഈരാറ്റുപേട്ട നഗരസഭയിൽ ലീഗ് 17 സീറ്റുകളിൽ മത്സരിക്കുമ്പോൾ കോൺഗ്രസ് 9 സീറ്റുകളിൽ മാത്രമാണെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു.
Adjust Story Font
16

