'മറച്ചുപിടിക്കുന്നതിലല്ല, തുറന്ന് പറയുന്നതിലാണ് മഹത്തുക്കളുടെ പ്രാധാന്യം'; പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊ.എം ലീലാവതിക്ക് കൈമാറി രാഹുല്‍ ഗാന്ധി
ലീലാവതി ടീച്ചർ കേരള സംസ്കാരത്തിന്‍റെ പ്രതീകമാണെന്നും നിലപാടുകളിലൂടെ യാണ് അവർ ശ്രദ്ധിക്കപ്പെട്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു

ഇടുക്കി: കെപിസിസിയുടെ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ഏര്‍പ്പെടുത്തിയ രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം ഡോക്ടര്‍ എം.ലീലാവതിക്ക് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചു. തൃക്കാക്കരയിലെ ലീലാവതിയുടെ വസതിയിലായിരുന്നു പുരസ്‌കാരദാന ചടങ്ങ്. ലീലാവതി ടീച്ചര്‍ കേരള സംസ്‌കാരത്തിന്റെ പ്രതീകമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ദിര ഗാന്ധിയില്‍ നിന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കൈപ്പറ്റിയ തനിക്ക് കൊച്ചുമകന്റെ കയ്യില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാനായതില്‍ സന്തോഷമെന്ന് ലീലാവതി ടീച്ചര്‍ പറഞ്ഞു. അവാര്‍ഡ് തുക രാജീവ് ഗാന്ധി ഫൗണ്ടേഷന് വേണ്ടി സമര്‍പ്പിക്കുന്നുവെന്നും ലീലാവതി ടീച്ചര്‍ പറഞ്ഞു.
'ലീലാവതി ടീച്ചര്‍ കേരളത്തിന് മാത്രമല്ല, രാജ്യത്തിന് തന്നെ മാതൃകയാണ്. ഈ പ്രായത്തിലും ചിട്ടയോടെ ജീവിതചര്യകള്‍ കൊണ്ടുപോകുന്നുവെന്നത് അത്ഭുതമാണ്. ഇന്ന് രാവിലെ പോലും വായിക്കുകയും എഴുതുകയും ചെയ്തുവെന്നാണ് അവര്‍ എന്നോട് പറഞ്ഞത്. ടീച്ചറെ ശ്രദ്ധേയയാക്കുന്നത് അവരുടെ നിലപാടാണ്. മറച്ചുപിടിക്കുന്നതിലല്ല, തുറന്ന് പറയുന്നതിലാണ് മഹത്തുക്കളുടെ പ്രാധാന്യം. ലീലാവതി ടീച്ചര്‍ കേരള സംസ്‌കാരത്തിന്റെ പ്രതീകമാണ്. ടീച്ചര്‍ക്ക് നൂറ് വയസ് തികയുന്നത് കാത്തിരിക്കുന്ന ആളുകളാണ് ഞങ്ങളെല്ലാവരും'. രാഹുല്‍ ഗാന്ധി പറഞ്ഞു.
അവാര്‍ഡ് നേടാനായതില്‍ സന്തോഷമുണ്ടെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ദിരഗാന്ധിയില്‍ നിന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം കൊച്ചുമകന്റെ കയ്യില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നുവെന്നത് മുന്‍മാതൃകകളില്ലാത്ത യാദൃശ്ചികതയാണെന്നും ലീലാവതി ടീച്ചര്‍ പറഞ്ഞു.
'മതേതരത്വത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞയാളാണ് ഇന്ദിരാഗാന്ധി. മതേതരത്വത്തിന്റെ തീയിലേക്ക് അവര്‍ സ്വയം എടുത്തുചാടി. അതേ നിലപാടാണ് രാജീവ് ഗാന്ധിയും പിന്തുടര്‍ന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൂടുതല്‍ ചുമതലകളിലേക്ക് എത്തും. അത് വഴി അവര്‍ക്ക് രാജ്യത്തെ കൂടുതല്‍ ഉത്തരവാദിത്വത്തോടെ സേവിക്കാനാകും. രാജ്യത്തിന്റെ ഭാവി അവരാലായിരിക്കും രൂപപ്പെടുക. എനിക്ക് അത് കാണാന്‍ ഭാഗ്യമുണ്ടാകുകയില്ലെങ്കിലും ഞാന്‍ അതിനായി കാത്തിരിക്കും. അവാര്‍ഡ് തുക രാജീവ് ഗാന്ധി ഫൗണ്ടേഷന് വേണ്ടി സമര്‍പ്പിക്കുന്നു'. ലീലാവതി ടീച്ചര്‍ പ്രതികരിച്ചു.
Adjust Story Font
16

