ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിന് തടസമില്ലെന്ന് നിയമോപദേശം
മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത് തടസമാകില്ല

രാഹുൽ മാങ്കൂട്ടത്തിൽ Photo| Facebook
തിരുവനന്തപുരം: യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഓഡിയോ തന്‍റേത് തന്നെയെന്ന് സമ്മതിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ഭർത്താവുമായി ബന്ധം അവസാനിപ്പിച്ച ശേഷമാണ് രാഹുലിനെ പരിചയപ്പെടുന്നതെന്ന് അതിജീവിത പോലീസിനു മൊഴി നൽകി. രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. രാഹുൽ പാലക്കാട് വിട്ടിട്ടില്ലെന്നാണ് വിവരം.
ഓഡിയോ സന്ദേശം പുറത്തുവന്നതിനുശേഷം ഇത് തന്‍റേതാണെന്ന് ഒരിക്കൽപോലും രാഹുൽ സമ്മതിച്ചിരുന്നില്ല. എന്നാൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ കൊടുത്ത മുൻകൂർ ജാമ്യാപേക്ഷയിൽ അത് തന്‍റെ തന്നെ ശബ്ദമാണെന്ന് രാഹുലിന് സമ്മതിക്കേണ്ടി വന്നു. ഇതോടെ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും രാഹുൽ തന്നെയാണെന്ന് സ്ഥിരീകരിക്കുകയാണ്.
ഓഡിയോ മനഃപൂർവം റെക്കോർഡ് ചെയ്തത് യുവതി കുടുക്കുകയായിരുന്നുവെന്നാണ് രാഹുൽ ആരോപിക്കുന്നത്. വിവാഹിതയായ യുവതി അതു മറച്ചുവെച്ച് അടുപ്പം ഉണ്ടാക്കിയത് എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിന്റെ അനുകൂലികളുടെ പ്രചരണം. എന്നാൽ ഇത് തെറ്റാണെന്നാണ് യുവതിയുടെമൊഴി. വിവാഹിതയാണെന്ന് വിവരം രാഹുലിനോട് പങ്കുവെച്ചിരുന്നുവെന്നാണ് യുവതി അന്വേഷണസംഘത്തോടെ പറഞ്ഞത്.
കഴിഞ്ഞ വർഷം ഇരുപത്തിരണ്ടാം തിയതി ആയിരുന്നു യുവതിയുടെ വിവാഹം. ക്രൂരമായ അനുഭവമാണ് ഭർത്താവിൽ നിന്ന് ഏൽകേണ്ടി വന്നത്. ഇതിനെത്തുടർന്ന് ഒരു മാസത്തിനുശേഷം ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിച്ചു. പിന്നീട് അഞ്ചു മാസങ്ങൾക്ക് ശേഷമാണ് രാഹുലിനെ പരിചയപ്പെടുന്നതും അടുക്കുന്നതും. അതിജീവിതയുടെ വൈദ്യ പരിശോധന നടത്തി.
കേസിൽ അറസ്റ്റിന് തടസ്സമില്ലെന്ന നിയമപദേശം ലഭിച്ചതിന് പിന്നാലെ രാഹുലിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട് പൊലീസ്. കേരളം വിട്ടാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ തിരിച്ചടിയാകുമെന്ന് വിലയിരുത്തലാണ് നാട്ടിൽ തന്നെ ഒളിവിൽ കഴിയാനുള്ള രാഹുലിന്‍റെ തീരുമാനം. രാഹുലിന്റെ ഫോൺ ഇപ്പോഴും സ്വിച്ച് ഓഫ് ആണ്. രാഹുലിന്റെ പേഴ്സണൽ അസിസ്റ്റൻറ് ഫസലും ഡ്രൈവറും ഓഫീസിൽ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16

