തൃശൂർ പൂരം വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം; അനുമതി നൽകാനാെരുങ്ങി ജില്ലാ ഭരണകൂടം
വെടിക്കെട്ടുപുര കാലിയാക്കി ഇടുകയാണെങ്കിൽ വെടിക്കെട്ടിന് അനുമതി നൽകുന്നതിൽ തടസം ഇല്ലെന്നായിരുന്നു നിയമപദേശം ലഭിച്ചത്.

തൃശൂർ: പൂരം വെടിക്കെട്ടിന്റെ ആശങ്കകൾ നീങ്ങുന്നു. തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകാനാെരുങ്ങി ജില്ലാ ഭരണകൂടം. പാറമേക്കാവ്- തിരുവമ്പാടി വേല വെടിക്കെട്ടിൻ്റെ നിബന്ധനകൾ മാനദണ്ഡമാക്കിയാണ് അനുമതി നൽകുന്നത്. മാനദണ്ഡങ്ങൾ പാലിച്ചാൽ വെടിക്കെട്ടിന് അനുമതി നൽകാമെന്ന് ജില്ലാ ഭരണകൂടത്തിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്.
വെടിക്കെട്ട് പുര കാലിയാക്കി ഇടുക, വെടിക്കെട്ട് നടത്തുന്നവർ പെസോയുടെ ലൈസൻസ് നേടുക എന്നീ നിബന്ധനകൾ മുൻനിർത്തിയായിരുന്നു വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയത്. ഇത് പരിഗണിച്ച് പൂരം വെടിക്കെട്ടിന് അനുമതി നൽകാനാവുമോ എന്നായിരുന്നു അഡ്വക്കേറ്റ് ജനറലിനോട് ജില്ലാ ഭരണകൂടം നിയമപദേശം നേടിയത്.
വെടിക്കെട്ടുപുര കാലിയാക്കി ഇടുകയാണെങ്കിൽ വെടിക്കെട്ടിന് അനുമതി നൽകുന്നതിൽ തടസം ഇല്ലെന്നായിരുന്നു നിയമപദേശം ലഭിച്ചത്. ഇത്തവണത്തെ പൂരം മുൻവർഷങ്ങളിലേതു പോലെ തന്നെ നടത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. സുരേഷ് ഗോപി നിസഹായാവസ്ഥ പ്രകടിപ്പിച്ചതല്ലാതെ വിഷയത്തിൽ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് മന്ത്രി ആർ. ബിന്ദു കുറ്റപ്പെടുത്തി.
ഇത്തവണ മെയ് ആറിനാണ് തൃശൂർ പൂരം. കേന്ദ്ര നിയമങ്ങളായിരുന്നു പൂരം വെടിക്കെട്ടിന് അനുമതി നൽകുന്നതിൽ തടസമായി നിലനിന്നിരുന്നത്. വെടിക്കെട്ടിന് അനുമതി ലഭിക്കുമോ എന്ന ആശങ്ക ദേവസ്വങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16

