Quantcast

അപകടത്തില്‍പെടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ നിയമ നടപടികള്‍ നീട്ടികൊണ്ടുപോകാനാവില്ല; പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി

മുന്‍ കാലങ്ങളില്‍ അപകടം ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ ദിവസം ഓടാതെ കിടക്കുന്ന കെഎസ്ആര്‍ടിസി ബസുകളുടെ എണ്ണം 1200 വരെ പോവുമായിരുന്നു

MediaOne Logo

Web Desk

  • Published:

    8 Jun 2025 6:59 AM IST

അപകടത്തില്‍പെടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ നിയമ നടപടികള്‍ നീട്ടികൊണ്ടുപോകാനാവില്ല; പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി
X

തിരുവനന്തപുരം: അപകടത്തില്‍പെടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ നിയമ നടപടികള്‍ അനന്തമായി നീട്ടികൊണ്ടുപോകുന്നത് ഇനി നടക്കില്ല. ഇത്തരം ബസുകളുടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി സര്‍വീസ് യോഗ്യമാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി . അപകടത്തില്‍പെട്ട ബസുകളുടെ അറ്റകുറ്റപണി എപ്പോള്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവും ഉദ്യോഗസ്ഥര്‍ക്കായി ഇറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍ കാലങ്ങളില്‍ അപകടം ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ ദിവസം ഓടാതെ കിടക്കുന്ന കെഎസ്ആര്‍ടിസി ബസുകളുടെ എണ്ണം 1200 വരെ പോവുമായിരുന്നു. പല പരിഷ്കാരങ്ങളും നടത്തി ഇന്ന് ഈ കണക്ക് 420ല്‍ എത്തിച്ചിട്ടുണ്ട്. ഇത് ഇനിയും കുറയ്ക്കണം. അതിനാണ് അപകടത്തില്‍ പെടുന്ന ബസിന്‍റെ നിയമനടപടി പൂര്‍ത്തിയാക്കാനുള്ള പുതിയമാര്‍ഗ നിര്‍ദേശം.

അപകടത്തില്‍പെടുന്ന ബസിന്‍റെ നിയമനടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ വലിയ കാലതാമസം എടുക്കുന്നതായി കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് തന്നെ സമ്മതിക്കുന്നു. ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ് ബസുകളാണ് കൂടുതലായും അപകടത്തില്‍പെട്ട് ഓഫ് റോഡ് ആയികിടക്കുന്നത്. തിരക്കുള്ള തമ്പാനൂര്‍ ഡിപ്പോയില്‍ മാത്രം 6 ബസുകളാണ് ഇങ്ങനെ കിടക്കുന്നത്.

പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം ബസ് അപകടത്തില്‍പെട്ടാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ പൊലീസ്, എംവിഡി, ഇന്‍ഷുറന്‍സ് എന്നിവരുടെ നിയമനടപടികള്‍ കെഎസ്ആര്‍ടിസിയിലെ ഇന്‍സ്പെക്ടര്‍മാര്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് യൂണിറ്റ് അധികാരിക്ക് കൈമാറണം. കഴിഞ്ഞില്ലെങ്കില്‍ നാലാം ദിവസം കാരണം ബോധിപ്പിക്കണം. ഇനി നിയമ നടപടി പൂര്‍ത്തിയായ ബസാണെങ്കില്‍ ചെറിയ തകരാണെങ്കില്‍ യൂണിറ്റില്‍ വച്ച് തന്നെ മൂന്ന് ദിവസത്തിനുള്ളില്‍ അറ്റകുറ്റപണി പൂര്‍ത്തിയാക്കി സര്‍വീസിനിറക്കണം. റീജണല്‍ വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോകേണ്ട സ്ഥിതി ആണെങ്കില്‍ ചെറിയ തകരാര്‍ പരിഹരിക്കാന്‍ 7 ദിവസവും വലിയ തകരാര്‍ പരിഹരിച്ച് ബസ് സര്‍വീസിനിറക്കാന്‍ 30 ദിവസവുമാണ് അനുവദിക്കുന്ന സമയം.



TAGS :

Next Story