Quantcast

റോഡരികില്‍ ബ്ലേഡും സ്ട്രോയും ഉപയോഗിച്ചുള്ള യുവഡോക്ടർമാരുടെ രക്ഷാദൗത്യം വിഫലം; ലിനു മരണത്തിന് കീഴടങ്ങി

ഞായറാഴ്ച രാത്രിയാണ് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ലിനുവിന് ഗുരുതരമായി പരിക്കേറ്റത്

MediaOne Logo

Web Desk

  • Published:

    24 Dec 2025 8:54 AM IST

റോഡരികില്‍ ബ്ലേഡും സ്ട്രോയും ഉപയോഗിച്ചുള്ള യുവഡോക്ടർമാരുടെ രക്ഷാദൗത്യം വിഫലം;  ലിനു മരണത്തിന് കീഴടങ്ങി
X

കൊച്ചി: വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിന് മൂന്ന് യുവ ഡോക്ടർമാർ അടിയന്തര വൈദ്യസഹായം നൽകിയ യുവാവ് മരിച്ചു. പത്താനാപുരം സ്വദേശി വി.ഡി ലിനു(40) ആണ് മരണത്തിന് കീഴടങ്ങിയത്. എറണാകുളം ഉദയംപേരൂരിൽ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഉദയംപേരൂർ വലിയകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റത്. ഇതില്‍ ലിനുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. രക്തം വാര്‍ന്ന് ശ്വാസമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ലിനു. ഈ സമയം അതുവഴി യാത്രചെയ്തിരുന്ന ഡോക്ടർമാരാണ് ലിനുവിന് അടിയന്തര വൈദ്യസഹായം നൽകി ആശുപത്രിയിലെത്തിച്ചത്. എന്നാൽ തുടർ ചികിത്സക്കിടെയാണ് ലിനു മരണത്തിന് കീഴടങ്ങിയത്.

റോഡരികിൽ മൊബൈൽ ഫ്‌ളാഷ് ലൈറ്റുകളുടെ വെട്ടത്തിലായിരുന്നു ബ്ലേഡും സ്‌ട്രോയും ഉപയോഗിച്ച് എറണാകുളം ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലെ ഡോ.തോമസ് പീറ്റർ, ഭാര്യ ഡോ.ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്‌കുലർ തൊറാസിക് സർജൻ ഡോ.മനൂപ് എന്നിവർ ചേർന്ന് ലിനുവിന്റെ കഴുത്തിൽ മുറിവുണ്ടാക്കി ശ്വാസനാളത്തിലേക്ക് ചെറിയ പ്ലാസ്റ്റിക് സ്‌ട്രോ കടത്തി ശ്വസനം വീണ്ടെടുത്തിരുന്നത്.ഉടൻ തന്നെ എറണാകുളത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ ഉച്ചയോടെ ലിനു മരിക്കുകയായിരുന്നു.

എങ്ങനെയെങ്കിലും യുവാവിന്‍റെ ശ്വാസം വീണ്ടെടുത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുക എന്നതായിരുന്നു ആ സമയത്ത് മനസിലുണ്ടായിരുന്നതെന്ന് ഡോ.തോമസ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഭാര്യയോടൊപ്പം പോകുമ്പോഴാണ് റോഡരികിൽ മേജർ ആക്സിഡന്റ് നടക്കുന്നത് കാണുന്നത്. പ്രാഥമിക ശുശ്രൂഷ നൽകാമെന്ന് കരുതിയാണ് കാറിൽ നിന്ന് ഇറങ്ങി നോക്കിയത്. എന്നാൽ അവിടെയെത്തിയപ്പോഴാണ് പരിക്കേറ്റയാളുടെ സ്ഥിതി ഗുരുതരമാണെന്ന് മനസിലായത്. അവിടെ ഉണ്ടായിരുന്ന ഡോ.മനൂപിനോടൊപ്പം ചേർന്ന് യുവാവിനെ രക്ഷിക്കാനായി ശ്രമിച്ചു. നാട്ടുകാരാണ് ബ്ലേഡും സ്‌ട്രോയും എത്തിച്ചു തന്നത്. കൂടാതെ അവിടെയുണ്ടായിരുന്ന പൊലീസുകാരും ആംബുലൻസ് ഡ്രൈവർമാരും എല്ലാം ഒപ്പം കൂടെ നിന്നിരുന്നു. യുവ ഡോക്ടർമാരുടെ പ്രവൃത്തിയെ അഭിനന്ദിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശനടക്കം സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടിരുന്നു.എന്നാൽ എല്ലാവരുടെയും പ്രാർഥന വിഫലമാക്കിയാണ് ലിനുവിന്റെ മരണം.

TAGS :

Next Story